ADVERTISEMENT

കണ്ണൂർ ∙ രാജ്യത്ത് സീപ്ലെയ്ൻ സർവീസുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ഉഡാൻ പദ്ധതി യാത്രക്കാർക്കു നേട്ടമെങ്കിലും സംസ്ഥാന സർക്കാരുകൾക്ക് കനത്ത ബാധ്യതയാകും. യാത്രാ സൗകര്യം കുറഞ്ഞ മേഖലകളെ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സീപ്ലെയ്നും ഉപയോഗിച്ച് ബന്ധിപ്പിക്കാനും കുറഞ്ഞ ചെലവിൽ ആകാശ യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടാണ് ഉഡാനിലെ ആർസിഎസ്–എസ്എഎസ് പദ്ധതികൾ (റീജനൽ കണക്ടിവിറ്റി സ്കീം – സ്മോൾ എയർക്രാഫ്റ്റ് സർവീസസ്) നടപ്പാക്കുന്നത്.

9 മുതൽ 15 സീറ്റുകൾ മാത്രമുള്ള ആകാശയാനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. സീറ്റ് കുറവായതുകൊണ്ട് ചെറു ദൂരത്തിനുപോലും വലിയ ചെലവുവരും. ഇതു മറികടക്കാൻ ഓരോ റൂട്ടിലെയും പരമാവധി നിരക്ക് (എയർഫെയർ ക്യാപ്) നേരത്തേ നിശ്ചയിച്ചുനൽകി. ഈ നിരക്ക് വളരെ കുറവാണെന്നതാണ് യാത്രക്കാരുടെ നേട്ടം. കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതുകൊണ്ട് എയർലൈൻ കമ്പനിക്ക് ഉണ്ടാകുന്ന നഷ്ടം വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) വഴി നികത്തും.

മൂന്നാർ മാട്ടുപ്പെട്ടി ഡാമിൽ വന്നിറങ്ങിയ ജലവിമാനം തിരികെ കൊച്ചിയിലേക്കു മടങ്ങുന്നതു മൊബൈൽ ക്യാമറയിൽ പകർത്തുന്ന സഞ്ചാരികൾ. ചിത്രം: റെജു അർനോൾഡ് / മനോരമ
മൂന്നാർ മാട്ടുപ്പെട്ടി ഡാമിൽ വന്നിറങ്ങിയ ജലവിമാനം തിരികെ കൊച്ചിയിലേക്കു മടങ്ങുന്നതു മൊബൈൽ ക്യാമറയിൽ പകർത്തുന്ന സഞ്ചാരികൾ. ചിത്രം: റെജു അർനോൾഡ് / മനോരമ

ടിക്കറ്റ് നിരക്കിന്റെ മൂന്നിരട്ടിയോളം ഉയർന്ന തുകയാണ് വിജിഎഫ് ആയി എയർലൈൻ കമ്പനിക്ക് നൽകേണ്ടത്. ഈ തുക പൂർണമായും സംസ്ഥാനം വഹിക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 10% കേന്ദ്രം നൽകും.

വിജിഎഫ് തുകയുടെ 80% കേന്ദ്രം വഹിക്കുംവിധമാണ് ഉഡാൻ പദ്ധതിയുടെ തുടക്കം. 20% മാത്രമേ സംസ്ഥാന സർക്കാരുകൾ വഹിക്കേണ്ടതുള്ളൂ.

എന്നാൽ സീപ്ലെയ്നടക്കം ചെറു ആകാശയാനങ്ങൾ ഉൾപ്പെടുന്ന പുതിയ പദ്ധതിയിൽ വിജിഎഫ് 100 ശതമാനവും സംസ്ഥാനം വഹിക്കണം. വാട്ടർ എയ്റോഡ്രോമുകളുടെ നിർമാണം, പരിപാലനം, സുരക്ഷ, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, ടിക്കറ്റ് കൗണ്ടറുകൾ, കാത്തിരിക്കാനുള്ള സൗകര്യം, ശുദ്ധജലം എന്നിവയെല്ലാം ഒരുക്കേണ്ടതും സംസ്ഥാനമാണ്.

2013ൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയിൽ എയ്റോഡ്രോമുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ മാത്രമാണ് സംസ്ഥാനം പണം മുടക്കേണ്ടിയിരുന്നത്. സീപ്ലെയ്ൻ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും എയർലൈൻ ഓപ്പറേറ്റർമാർ വഹിക്കുംവിധമായിരുന്നു വ്യവസ്ഥകൾ. അന്ന് താൽപര്യപത്രം ക്ഷണിച്ചപ്പോൾ 6 ഓപ്പറേറ്റർമാർ സന്നദ്ധത അറിയിച്ചിരുന്നു.

English Summary:

Discover how the UDAN scheme's push for seaplane services in India, while offering affordable air travel, places a heavy financial burden on state governments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com