മുന്നിൽ മൂന്നാഴ്ച മാത്രം; റിസർവ് ബാങ്കിന്റെ തലപ്പത്ത് ശക്തികാന്ത ദാസ് തുടരുമോ? മനസ്സുതുറക്കാതെ കേന്ദ്രം
Mail This Article
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ പ്രവർത്തനകാലാവധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം. അദ്ദേഹത്തിന് പുനർനിയമനം നൽകുന്നത് സംബന്ധിച്ചോ പകരക്കാരനെ കണ്ടെത്തുന്നതിനെ കുറിച്ചോ കേന്ദ്രസർക്കാർ ഇനിയും മനസ്സുതുറന്നിട്ടുമില്ല.
2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി നിയമിതനായത്. മൂന്നുവർഷമാണ് ഗവർണറുടെ പ്രവർത്തന കാലാവധി. 2021 ഡിസംബറിൽ അദ്ദേഹത്തിന് കേന്ദ്രം പുനർനിയമനം നൽകി. അടുത്തമാസം 10ന് അദ്ദേഹത്തിന്റെ രണ്ടാം ടേമും അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടങ്ങിയ ക്യാബിനറ്റ് അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് പുനർനിയമനം അല്ലെങ്കിൽ പകരക്കാരനെ കണ്ടെത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്.
റിസർവ് ബാങ്കിന്റെ 25-ാം ഗവർണറാണ് ശക്തികാന്ത ദാസ്. ഇനിയും പുനർനിയമനം നൽകേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചാൽ, അടുത്തമാസം 4 മുതൽ 6 വരെ നടക്കുന്ന പണനയ നിർണയ സമിതി (എംപിസി) യോഗം അദ്ദേഹം അധ്യക്ഷത വഹിക്കുന്ന അവസാന യോഗമായി മാറും. ഡിസംബർ ആറിനാണ് പണനയം പ്രഖ്യാപിക്കുക. അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്തമാസത്തെ യോഗമെന്നതും ശ്രദ്ധേയമാണ്. പലിശ കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, റീട്ടെയ്ൽ പണപ്പെരുപ്പം കഴിഞ്ഞമാസം 6 ശതമാനമെന്ന നിയന്ത്രണപരിധിയും ലംഘിച്ച് കുതിച്ചുയർന്നതിനാലും ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് പ്രൈസ് ഇൻഫ്ലേഷൻ) 11 ശതമാനത്തിനടുത്തേക്ക് കത്തിക്കയറിയതിനാലും റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ സാധ്യത വിരളമാണ്. ഫെബ്രുവരിയിലെ യോഗത്തിലും പലിശ കുറച്ചേക്കില്ലെന്നും ഏപ്രിലിൽ പലിശ പരിഷ്കരണം പ്രതീക്ഷിക്കാമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
കേന്ദ്രത്തിന്റെ വിശ്വസ്തനായ ദാസ്
ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം റിസർവ് ബാങ്കിന്റെ രണ്ട് ഗവർണർമാർ, ഒരു ഡെപ്യൂട്ടി ഗവർണർ എന്നിവർ സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പടിയിറങ്ങിയത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡോ. രഘുറാം രാജൻ, ഡോ. ഉർജിത് പട്ടേൽ എന്നിവരാണ് കേന്ദ്രവുമായി കലഹിച്ച് കളംവിട്ടത്. ഡെപ്യൂട്ടി ഗവർണറായിരുന്ന വിരാൽ വി. ആചാര്യയും സമാന കാരണങ്ങളാൽ രാജിവയ്ക്കുകയായിരുന്നു.
പലിശനിരക്ക് കുറയ്ക്കണമെന്ന് മന്ത്രിമാരും ബിജെപി നേതാക്കളും ആവശ്യപ്പെട്ടതും റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തിയതും ഇവരുടെ പ്രതിഷേധത്തിന് ഇടവരുത്തുകയായിരുന്നു. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ കേന്ദ്രസർക്കാർ അവകാശവാദം ഉന്നയിച്ചതും അഭിപ്രായഭിന്നത രൂക്ഷമാക്കി. കേന്ദ്രത്തിന്റെ ഇടപെടൽ റിസർവ് ബാങ്കിന്റെ പ്രവർത്തന ബാധിക്കുന്നെന്നും ''പ്രവർത്തന സ്വാതന്ത്ര്യം ഇല്ല'' എന്നും ഇവർ പരസ്യമായി തുറന്നടിച്ചിരുന്നു. ഉർജിത് പട്ടേലിന്റെ പകരക്കാരനായാണ് ശക്തികാന്ത ദാസിനെ കേന്ദ്രം നിയമിച്ചത്.
കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുന്ന എന്ന വിമർശനം നേരിടുന്നുണ്ടെങ്കിലും ദാസിന്റെ പല തീരുമാനങ്ങളും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമായി മാറിയിരുന്നു. റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് എത്തിയതിന് പിന്നാലെ അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറിച്ചു. റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിലെ അധിക വരുമാനത്തിൽ (സർപ്ലസ്) നിന്ന് റെക്കോർഡ് 1.76 ലക്ഷം കോടി രൂപ കേന്ദ്രത്തിന് കൈമാറാനും തീരുമാനമുണ്ടായി. കൊവിഡ് കാലത്ത് സാധാരണക്കാർക്കും വ്യവസായ, വാണിജ്യലോകത്തിനും സാമ്പത്തികഭദ്രത ഉറപ്പാക്കാനുള്ള ഒട്ടേറെ ഇളവുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
കോവിഡ് കാലത്ത് റീപ്പോനിരക്ക് 4 ശതമാനമായാണ് കുറച്ചത്. പിന്നീട് പണപ്പെരുപ്പം അതിരുവിട്ടതോടെ റീപ്പോ വീണ്ടും ഘട്ടംഘട്ടമായി കൂട്ടി 6.50 ശതമാനമാക്കി. കോവിഡാനന്തരം റീറ്റെയ്ൽ പണപ്പെരുപ്പം 6 ശതമാനമെന്ന 'ലക്ഷ്മണരേഖയും' ഭേദിച്ച് കത്തിക്കയറിപ്പോഴാണ് ആനുപാതികമായി പലിശനിരക്ക് കൂട്ടിയത്. അതേസമയം, 2023 ഫെബ്രുവരിക്ക് ശേഷം റീപ്പോനിരക്ക് പരിഷ്കരിച്ചിട്ടുമില്ല.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ ജിഡിപി നിരക്ക് ശരാശരി 7 ശതമാനത്തിന് മുകളിൽ തുടരുന്നു എന്നതും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‍വ്യവസ്ഥ എന്ന നേട്ടം ഇന്ത്യ തുടർച്ചയായി നിലനിർത്തുന്നു എന്നതും റിസർവ് ബാങ്ക് ഗവർണർ എന്ന നിലയിൽ ശക്തികാന്ത ദാസിന്റെ നേട്ടത്തിലെ പൊൻതൂവലുകളാണ്. യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ 2024ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ എ പ്ലസ് റേറ്റിങ്ങുമായി ശക്തികാന്ത ദാസ് ഒന്നാം സ്ഥാനം നേടിയിരുന്നു. തുടർച്ചയായ രണ്ടാംവർഷമാണ് ദാസിന്റെ ഈ നേട്ടം.
പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ച, പലിശനിരക്ക് നിർണയം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തി നൽകുന്ന റേറ്റിങ്ങാണിത്. ഇന്ത്യയുടെ വളർച്ചയ്ക്കും ബാങ്കിങ് മേഖലയുടെ സുസ്ഥിരതയ്ക്കും കൃത്യമായ ഇടപെടലുകൾ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ റിസർവ് ബാങ്ക് നടത്തുന്നതിനുള്ള അംഗീകാരമാണിതെന്ന് അദ്ദേഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.