ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ്; ഗൗതം അദാനിയുടെ ആസ്തിയിൽ ഒരുലക്ഷം കോടിയുടെ ഇടിവ്, കമ്പനിമൂല്യത്തിലും വീഴ്ച
Mail This Article
സൗരോർജ കരാറുകൾ നേടാനായി ഇന്ത്യൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി കൊടുത്തുവെന്ന യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെയും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെയും ആരോപണങ്ങൾ നിഷേധിച്ച് അദാനി ഗ്രൂപ്പ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്നും സാധ്യമായ എല്ലാ നിയമവഴികളും യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനെതിരെ തേടുമെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കുറ്റങ്ങൾ തെളിവുസഹിതം സ്ഥിരീകരിക്കാത്തിടത്തോളം അദാനി ഗ്രൂപ്പും കേസിലെ ആരോപണവിധേയരും പൂർണമായും നിരപരാധികളാണ്. ഉന്നത നിലവാരം പുലർത്തുന്നതാണ് ഗ്രൂപ്പിന്റെ പ്രവർത്തനഘടന. പൂർണമായും എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് സുതാര്യമായാണ് പ്രവർത്തനം. രാജ്യത്തെ എല്ലാ നിയമങ്ങളോടും കൂറുപുലർത്തിയാണ് ഗ്രൂപ്പ് മുന്നോട്ട് പോകുന്നതെന്ന് ഓഹരി ഉടമകൾക്കും ബിസിനസ് പങ്കാളികൾക്കും ജീവനക്കാർക്കും ഉറപ്പുനൽകുന്നതായും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഓഹരികൾ തകിടംമറിഞ്ഞു; മൂല്യത്തിലും കനത്ത വീഴ്ച
സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കരാർ സ്വന്തമാക്കി, യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് മൂലധന സമാഹരണം നടത്തി തുടങ്ങിയ ആരോപണങ്ങളിന്മേൽ അഴിമതി, വഞ്ചന, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചാർത്തിയിരിക്കുന്നത്. ഗൗതം അദാനിക്കും അനന്തരവനും അദാനി ഗ്രീൻ എനർജി എക്സിക്യുട്ടീവുമായ സാഗർ അദാനിക്കുമെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎസിലെ കേസ് സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ ഓഹരി വിപണിയിൽ ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ തകർന്നടിഞ്ഞു. 2023 ജനുവരിയിൽ ഹിൻഡൻബർഗിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലെ തകർച്ചയ്ക്ക് സമാനമായ വീഴ്ചയാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് ഓഹരികൾ നേരിടുന്നത്.
ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരിവില ഇന്ന് 23.45% ഇടിഞ്ഞു. അദാനി എനർജി സൊല്യൂഷൻസ് 20%, അദാനി ഗ്രീൻ എനർജി 18.89%, അംബുജ സിമന്റ് 12.56%, അദാനി പോർട്സ് 13.11%, എസിസി 7.22%, അദാനി പവർ 9.56%, അദാനി ടോട്ടൽ ഗ്യാസ് 10.35%, അദാനി വിൽമർ 10% എന്നിങ്ങനെ ഇടിഞ്ഞു. എൻഡിടിവി ഓഹരികളും 10 ശതമാനത്തോളം കൂപ്പുകുത്തിയിരുന്നെങ്കിലും വൈകിട്ടോടെ 0.18% നേട്ടത്തിലേറി. അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് ഒറ്റയടിക്ക് 2.25 ലക്ഷം കോടി രൂപ ഇടിഞ്ഞ് 12 ലക്ഷം കോടി രൂപയായി.
യുഎസിലെ കേസും പിന്നാലെ അദാനി ഗ്രൂപ്പിലെ നിക്ഷേപം പുനഃപരിശോധിക്കുമെന്ന ജിക്യുജി പാർട്ണേഴ്സിന്റെ പ്രഖ്യാപനവും കേസ് അദാനി ഗ്രൂപ്പ് 'ക്രെഡിറ്റ് നെഗറ്റീവ്' ആണെന്ന പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ വിലയിരുത്തലുമാണ് ഓഹരികളെ ഇന്ന് കനത്ത നഷ്ടത്തിലാഴ്ത്തിയത്. ഓഹരികളുടെ ഭാവി ശോഭനമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ റേറ്റിങ്.
ഗൗതം അദാനിയുടെ ആസ്തിയിൽ വൻ ചോർച്ച; റാങ്കിങ്ങിലും പിന്നോട്ട്
ഗൗതം അദാനിയുടെ ആസ്തിയിൽ നിന്ന് ഇന്ന് ഒറ്റദിവസം ഒലിച്ചുപോയത് ഒരുലക്ഷം കോടിയിലേറെ രൂപ. ഫോബ്സിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ 25-ാം സ്ഥാനത്തേക്ക് വീണ അദ്ദേഹത്തിനെ നിലവിലെ ആസ്തി 5,570 കോടി ഡോളറാണ് (4.86 ലക്ഷം കോടി രൂപ). ഇന്നുമാത്രം ഇടിഞ്ഞത് 1,240 കോടി ഡോളർ (1.04 ലക്ഷം കോടി രൂപ). 22-ാം റാങ്കിൽ നിന്നാണ് അദ്ദേഹത്തിന്റെ വീഴ്ച. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് പിന്നിലായി ഏഷ്യയിലെയും ഇന്ത്യയിലെയും രണ്ടാമത്തെ വലിയ സമ്പന്നനാമ് ഗൗതം അദാനി.
ഹിൻഡൻബർഗ് ആരോപണങ്ങളുടെ കാലത്തെ സമാനമായ വീഴ്ചയാണ് അദ്ദേഹത്തിന്റെ ആസ്തിയിലും നിലവിലുണ്ടാകുന്നത്. 2023 ജനുവരിയിൽ ഹിൻഡൻബർഗ് ആരോപണശരങ്ങൾ എയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിതമൂല്യത്തിൽ നിന്ന് 15,000 കോടി ഡോളറും (ഏകദേശം 12 ലക്ഷം കോടി രൂപ) ഗൗതം അദാനിയുടെ ആസ്തിയിൽ നിന്ന് ഒരുമാസത്തിനിടെ 8,000 കോടി ഡോളറും കൊഴിഞ്ഞുപോയിരുന്നു. 2024ന്റെ തുടക്കത്തിൽ 10,000 കോടി ഡോളറിലേറെ (8.3 ലക്ഷം കോടി രൂപയിലധികം) ആസ്തിയുമായി ലോകത്തെ 100 ബില്യൺ ഡോളർ ക്ലബ്ബിലും അദാനിയുണ്ടായിരുന്നു. ആ നിലയിൽ നിന്നാണ് ഇപ്പോഴത്തെ വൻ വീഴ്ച.