യുഎഇയിലോ ഇന്ത്യയിലോ സ്വർണത്തിന് ഏറ്റവും വിലക്കുറവ്? വ്യാപാരികൾ പറയുന്നതിങ്ങനെ
Mail This Article
ഇന്ത്യയിൽ സ്വർണവില യുഎഇയിലേതിനേക്കാൾ കുറഞ്ഞനിരക്കിലെത്തിയെന്നും ഇനി അവിടെ നിന്ന് വാങ്ങേണ്ട ആവശ്യമില്ലെന്നും അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. ശരിക്കും ഇന്ത്യയിലെ സ്വർണവില യുഎഇയിലേതിനേക്കാൾ കുറവാണോ? അല്ലെന്ന് വ്യക്തമാക്കുകയാണ് യുഎഇയിലെ വ്യാപാരികൾ.
കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് കുറച്ചപ്പോൾ, ദേശീയതലത്തിലും കേരളത്തിലും സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ, അപ്പോഴും യുഎഇയിലെ വില തന്നെയാണ് ഇന്ത്യയിലേതിനേക്കാൾ കുറവെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 22 കാരറ്റ് സ്വർണത്തിന് 316 ദിർഹമാണ് (ഏകദേശം 7,260 രൂപ) ഇറക്കുമതി തീരുവയും ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ ഇന്ത്യയിലെ ശരാശരി ദേശീയവില. യുഎഇയിൽ 5% ഇറക്കുമതി തീരുവ ഉൾപ്പെടെ വില 308 ദിർഹമേയുള്ളൂ (7,077 രൂപ) എന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് ഗൾഫ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് നികുതി ആനുകൂല്യം കൂടി ലഭിക്കുമെന്നിരിക്കേ, യുഎഇയിലെ വില തന്നെയാണ് ഏറ്റവും ആകർഷകമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലാണ് വിലക്കുറവെന്ന വാർത്തകളെ തുടർന്ന് യുഎഇയിലെ ജ്വല്ലറി ഷോറൂമുകളിൽ ഉപഭോക്താക്കളിൽ നിന്ന് ഇതുസംബന്ധിച്ച് നിരവധി അന്വേഷണങ്ങളുയർന്നിരുന്നു.