യുഎസിലെ കുറ്റപത്രത്തിന് മുമ്പ് അദാനി ഓഹരികളിലെ നിക്ഷേപം കൂട്ടി ജിക്യുജി; പങ്കാളിത്തം കുറച്ചിട്ടും എൽഐസിക്ക് കൈപൊള്ളി!
Mail This Article
പ്രതിസന്ധിഘട്ടങ്ങളിൽ അദാനി ഗ്രൂപ്പ് ഓഹരികളുടെ 'രക്ഷകപരിവേഷ'വുമായി രംഗത്തെത്തിയ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ്, കഴിഞ്ഞ ത്രൈമാസത്തിലും അദാനി ഗ്രൂപ്പിൽ നടത്തിയത് വൻതോതിലുള്ള നിക്ഷേപം. ഇന്ത്യൻ വംശജനായ രാജീവ് ജെയിൻ ആണ് ജിക്യുജി പാർട്ണേഴ്സിന്റെ മേധാവി.
ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ്സ് എന്നീ കമ്പനികളിലെ ഓഹരി പങ്കാളിത്തമാണ് ജിക്യുജി ഉയർത്തിയത്. അദാനി എനർജി സൊല്യൂഷൻസിലെ ഓഹരിപങ്കാളിത്തം ജൂൺപാദത്തിലെ 4.57ൽ നിന്ന് 4.7 ശതമാനത്തിലേക്ക് കൂട്ടി. അദാനി എന്റർപ്രൈസസിലെ പങ്കാളിത്തം 3.52 ശതമാനത്തിലേക്കും അദാനി ഗ്രീൻ എനർജിയിലേത് 4.21 ശതമാനത്തിലേക്കും അംബുജ സിമന്റ്സിലേത് 2.05 ശതമാനത്തിലേക്കുമാണ് ഉയർത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അദാനിയുടെ രക്ഷകൻ!
യുഎസ് ഷോർട്ട്സെല്ലർമാരും നിക്ഷേപ ഗവേഷണ സ്ഥാപനവുമായ ഹിൻഡൻബർഗ് റിസർച്ച് 2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. വിദേശത്ത് സ്ഥാപിച്ച കടലാസ് കമ്പനികൾ വഴി അദാനി ഗ്രൂപ്പ്, സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തുകയും അതുവഴി കൃത്രിമമായി ഓഹരിവില പെരുപ്പിക്കുക്കയും ചെയ്തുവെന്നായിരുന്നു മുഖ്യ ആരോപണം. ഇങ്ങനെ പെരുപ്പിച്ച വിലയുള്ള ഓഹരികൾ ഈടുവച്ച് അദാനി ഗ്രൂപ്പ് അനധികൃത നേട്ടം സ്വന്തമാക്കിയെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. ആരോപണശരങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വൻതോതിൽ ഇടിഞ്ഞിരുന്നു.
ഒരുമാസത്തിനിടെ മാത്രം 15,000 കോടി ഡോളറോളമാണ് (ഏകദേശം 12.5 ലക്ഷം കോടി രൂപ) അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയോജിത മൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത്. ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തിയും അക്കാലത്ത് വൻതോതിൽ ഇടിഞ്ഞിരുന്നു. അനുദിനം നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്ന അദാനി ഗ്രൂപ്പ് ഓഹരികളെ അന്ന് നേട്ടത്തിലേക്ക് കരകയറ്റിയത് ജിക്യുജിയിൽ നിന്നൊഴുകിയ നിക്ഷേപമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം ഏകദേശം 80,000 കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പ് ഓഹരികളിൽ ജിക്യുജി നിക്ഷേപിച്ചിട്ടുള്ളത്.
ഓഹരി വിറ്റ് എൽഐസി
കഴിഞ്ഞപാദത്തിൽ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ പങ്കാളിത്തം എൽഐസി വെട്ടിക്കുറച്ചിരുന്നു. അദാനി എനർജി സൊല്യൂഷൻസിലെ പങ്കാളിത്തം ഇതോടെ 3.86ൽ നിന്ന് 2.78 ശതമാനമായി. എസിസിയിലെ പങ്കാളിത്തം 6.4ൽ നിന്ന് 6.39 ശതമാനത്തിലേക്കും കുറച്ചു. അതേസമയം, ഇന്നലെ അദാനി ഗ്രൂപ്പ് ഓഹരികൾ തകർന്നടിഞ്ഞ പശ്ചാത്തലത്തിൽ എൽഐസിയുടെ നിക്ഷേപമൂല്യത്തിൽ ഇടിഞ്ഞത് 8,680 കോടിയോളം രൂപയാണ്.
എൽഐസിക്ക് അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ്, എസിസി, അംബുജ സിമന്റ്സ് എന്നീ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപമുണ്ട്. ഇതിൽ ഇന്നലെ എൽഐസിക്ക് ഏറ്റവുമധികം നഷ്ടം സമ്മാനിച്ചത് അദാനി എന്റർപ്രൈസസാണ് (2,692 കോടി രൂപ). അദാനി പോർട്സ് 2,659 കോടി രൂപയുടെ നഷ്ടത്തിനും ഇടവരുത്തി. ഇന്ന് ഓഹരികൾ അൽപം കരകയറിയതോടെ എൽഐസിയുടെ നഷ്ടം നിജപ്പെട്ടിട്ടുണ്ട്.