ജിയോജിത് ഓഹരിക്ക് 10% മുന്നേറ്റം; 'ബോണസ്' പ്രഖ്യാപിച്ചിട്ടും കിറ്റെക്സ് നഷ്ടത്തിൽ, തിളങ്ങി മുത്തൂറ്റ് ക്യാപിറ്റൽ
Mail This Article
ഇന്ത്യൻ ഓഹരി സൂചികകൾ കഴിഞ്ഞ 5 മാസത്തിനിടെയിലെ ഏറ്റവും മികച്ച ഏകദിന നേട്ടം സ്വന്തമാക്കിയ ഇന്ന് (Read Details), കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾ കാഴ്ചവച്ചത് സമ്മിശ്ര പ്രകടനം. ജിയോജിത് (Geojit) ഓഹരി 10% കുതിച്ച് അപ്പർ-സർക്യൂട്ടിലാണ് ഇന്ന് വ്യാപാരം ചെയ്തത്. അതേസമയം, 2017ന് ശേഷം ആദ്യമായി ബോണസ് ഓഹരി (bonus share issue) വിൽപന പ്രഖ്യാപനവുമായി എത്തിയ കിറ്റെക്സിന്റെ (Kitex Garments) ഓഹരികൾ 4.55% നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരിക്ക് 10,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളിറക്കി (എൻസിഡി) 50 കോടി രൂപ സമാഹരിക്കുമെന്ന് അറിയിച്ച മുത്തൂറ്റ് ക്യാപിറ്റലിന്റെ ഓഹരി 5.15% നേട്ടത്തിലേറി. സഫ സിസ്റ്റംസ് 4.93%, ഡബ്ല്യുഐപിഎൽ 4.09% എന്നിങ്ങനെയും നേട്ടം കുറിച്ചു. 7.26% താഴ്ന്ന് ഇൻഡിട്രേഡ് നഷ്ടത്തിൽ ഒന്നാമതെത്തി. തൊട്ടുപിന്നിൽ കിറ്റെക്സാണ്. ടിസിഎം 4.09%, ജിടിഎൻ 3.59% എന്നിങ്ങനെയും താഴ്ന്ന് നഷ്ടത്തിൽ മുൻനിരയിലുണ്ട്.
കിറ്റെക്സിന്റെ ബോണസ്
കുട്ടികളുടെ വസ്ത്ര നിർമാണരംഗത്ത് ലോകത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ കിറ്റെക്സ് ഗാർമെന്റ്സ് ഒരു ഓഹരിക്ക് രണ്ട് എന്ന വിധമാണ് (2:1 അനുപാതം) ബോണസ് ഓഹരി പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് 2017ൽ കമ്പനി 5 ഓഹരിക്ക് 2 എണ്ണം എന്ന അനുപാതത്തിൽ (2:5) ബോണസ് ഓഹരി പ്രഖ്യാപിച്ചിരുന്നു. 'റെക്കോർഡ് തീയതി' വരെ കിറ്റെക്സിന്റെ ഓഹരികൾ കൈവശമുള്ളവരാണ് ബോണസ് ഓഹരിക്ക് അർഹർ. റെക്കോർഡ് തീയതി കമ്പനി പിന്നീട് പ്രഖ്യാപിക്കും. നിലവിലെ ഓഹരി ഉടമകൾക്ക് കമ്പനി സൗജന്യമായി നൽകുന്ന ഓഹരികളെയാണ് ബോണസ് ഓഹരി എന്ന് പറയുന്നത്. ലാഭവിഹിതം നൽകുന്നത് പോലെയാണിത്. കമ്പനിയുടെ ലാഭം ഉപയോഗിച്ചോ റിസർവ് ഓഹരിശേഖരത്തിൽ നിന്നോ ആണ് ബോണസ് ഓഹരി അനുവദിക്കുന്നത്.
ബോണസ് ഓഹരി വിതരണം ചെയ്യുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കിറ്റെക്സ് പുറത്തുവിട്ടിട്ടില്ല. എങ്കിലും, ജനുവരി 20നകം അർഹരുടെ അക്കൗണ്ടിൽ (ഡിമാറ്റ്) ബോണസ് ഓഹരികൾ ക്രെഡിറ്റ് ആയേക്കും. നിലവിൽ കിറ്റെക്സിന്റെ ഷെയർ ക്യാപിറ്റൽ (pre-bonus paid-up share capital) ഓഹരിക്ക് ഒരുരൂപ വീതം കണക്കാക്കിയാൽ 6.65 കോടി രൂപയാണ്. അതായത്, 6.65 കോടി ഓഹരികൾ. ബോണസ് വിതരണത്തിന് ശേഷം ഇത് 19.95 കോടി ഓഹരിയും 19.95 കോടി രൂപയുമാകും. ബോണസ് ഓഹരി വിതരണത്തിനായി കമ്പനി 13.30 കോടി രൂപ വിനിയോഗിച്ചേക്കും.
കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 200 ശതമാനത്തിലേറെ നേട്ടം (റിട്ടേൺ) സമ്മാനിച്ച ഓഹരിയാണ് കിറ്റെക്സ്. കഴിഞ്ഞ 5 വർഷത്തെ നേട്ടം 550 ശതമാനത്തോളം. കിറ്റെക്സിന്റെ സെപ്റ്റംബർപാദ സംയോജിത ലാഭം 13 കോടി രൂപയിൽ നിന്ന് 36.73 കോടി രൂപയായി കുതിച്ചുയർന്നിരുന്നു. സംയോജിത മൊത്ത വരുമാനം 140 കോടി രൂപയിൽ നിന്നുയർന്ന് 216.98 കോടി രൂപയിലുമെത്തി. ലാഭ വളർച്ചാനിരക്കിൽ ആഗോളതലത്തിൽ തന്നെ ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയ പ്രകടനമാണ് കിറ്റെക്സ് സ്വന്തമാക്കിയതെന്നും നടപ്പുവർഷത്തെ മൊത്ത വരുമാനം റെക്കോർഡ് ആയിരം കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷയെന്നും കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് 'മനോരമ ഓൺലൈനിനോട്' വ്യക്തമാക്കിയിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)