വൻ പ്രതികരണവുമായി അദാനി; 11 കമ്പനികൾക്കെതിരെയും ഒരു കുറ്റവും യുഎസിൽ ഇല്ല, ആരോപണം ഒരു ഇടപാടിൽ മാത്രം
Mail This Article
കൈക്കൂലി വിഷയത്തിൽ യുഎസ് സർക്കാരിന് കീഴിലെ നിയമവകുപ്പും ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും (എസ്ഇസി) സ്വീകരിച്ച അറസ്റ്റ് വാറന്റ് ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. ഗ്രൂപ്പിന് കീഴിലെ 11 ലിസ്റ്റഡ് കമ്പനികൾക്കെതിരെയും (ഓഹരി വിപണിയിൽ സാന്നിധ്യമുള്ള സ്ഥാപനങ്ങൾ) ഒരു കുറ്റവും യുഎസിൽ ചുമത്തിയിട്ടില്ലെന്നും അദാനി ഗ്രീൻ എനർജിയുടെ ഒരു ഇടപാട് സംബന്ധിച്ച് മാത്രമാണ് ആക്ഷേപമെന്നും അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ജുഗേഷീന്ദർ സിങ് എക്സിൽ വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ മൊത്തം ബിസിനസിൽ 10 ശതമാനത്തോളം മാത്രം പങ്കുവഹിക്കുന്ന സ്ഥാപനമാണ് അദാനി ഗ്രീൻ. വിഷയത്തിൽ അദാനി ഗ്രൂപ്പ് വ്യക്തവും സമഗ്രവുമായ വിശദാംശങ്ങൾ പിന്നീട് പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നികുതിവകുപ്പും എസ്ഇസിയും പുറത്തുവിട്ട കുറ്റപത്രത്തിൽ ഒരിടത്തും അദാനി ഗ്രൂപ്പിലെ കമ്പനികളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും ജുഗേഷീന്ദർ സിങ് പറഞ്ഞു.
രണ്ടുദിവസം മുമ്പ് മാത്രമാണ് അദാനി ഗ്രൂപ്പ് യുഎസിലെ കുറ്റപത്രത്തെ കുറിച്ച് അറിഞ്ഞത്. യുഎസിന്റെ നടപടി പരിശോധിക്കുകയാണെന്നും സാധ്യമായ നിയമവഴികളെല്ലാം ആലോചിക്കുകയാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ആരോപണങ്ങളെല്ലാം അവാസ്തവമാണെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പുള്ളത്. അതേസമയം, കേസിൽ അദാനി ഗ്രൂപ്പിനെതിരെ യുഎസ് കൂടുതൽ പിടിമുറുക്കുകയാണെന്നാണ് സൂചനകൾ. യുഎസ് നികുതി വകുപ്പും എസ്ഇസിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീൻ എനർജി എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനി എന്നിവർക്ക് സമൻസ് അയച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. സമൻസ് കൈപ്പറ്റി 21 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശമെന്നും അറിയുന്നു.