ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിൽ കേരളത്തിന്റെ വിഹിതം താഴേയ്ക്ക് പോകുന്നത് എന്തുകൊണ്ട്?
Mail This Article
ലോക രാജ്യങ്ങൾ ഉറ്റു നോക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കണക്കുകള്‍ പുതിയ ഉൾകാഴ്ച നൽകുന്നവയാണ്. ഇന്ത്യക്കുള്ളിൽ പല സംസ്ഥാനങ്ങളും പല രീതിയിലുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ ജി ഡി പിയിലേക്ക് നല്ല സംഭാവന നൽകുന്നുണ്ട് എന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 1991ലെ സാമ്പത്തിക ഉദാരവൽക്കരണത്തെത്തുടർന്ന് മുൻനിര സാമ്പത്തിക ശക്തിയായി ഉയർന്നു. “മൊത്തത്തിൽ 2023-24ൽ ഇന്ത്യയുടെ ജിഡിപിയുടെ 30.6 ശതമാനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്നാണ് വഹിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കർണാടകയും തെലങ്കാനയും സാമ്പത്തിക ശക്തികൾ
കർണാടകയും തെലങ്കാനയും സാമ്പത്തിക ശക്തികളായി ഉയർന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. EAC-PM പേപ്പർ അനുസരിച്ച്, 1960-61ൽ, ഇന്ത്യയുടെ ജിഡിപിയിൽ കർണാടകയുടെ പങ്ക് 5.4 ശതമാനമായിരുന്നു, അത് 1990-91വരെ ഏതാണ്ട് അതേ നിലയിലായിരുന്നു.
എന്നാൽ ഉദാരവൽക്കരണത്തിനു ശേഷം കർണാടക ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, 2000-01 ഓടെ കർണാടകയുടെ ജിഡിപി വിഹിതം 6.2 ശതമാനമായി ഉയരുകയും 2023-24 ആയപ്പോഴേക്കും 8.2 ശതമാനത്തിലെത്തുകയും ചെയ്തു. “ഈ വളർച്ച ഇന്ത്യൻ ജിഡിപിയുടെ മൂന്നാമത്തെ വലിയ വിഹിതവുമായി കർണാടകയെ മുൻനിരയിലെത്തിച്ചു.
ആന്ധ്രാപ്രദേശ് (ആന്ധ്രപ്രദേശ്, തെലങ്കാന) എന്നിവയുടെ വിഹിതം ഇപ്പോൾ 9.7 ശതമാനമാണ്, ഇതിൽ ഭൂരിഭാഗവും തെലങ്കാനയിൽ നിന്നാണ്.
1990-91 ലെ 7.1 ശതമാനത്തിൽ നിന്ന് 2023-24 ൽ 8.9 ശതമാനമായി വിഹിതം വർധിപ്പിച്ചുകൊണ്ട് 1991-ന് മുമ്പുള്ള ഇടിവ് തമിഴ്‌നാടും തിരുത്തി.
കേരളത്തിന് വളരാനാകുന്നില്ലേ?
കേരളത്തിന്റെ വിഹിതം 1960-61ൽ 3.4 ശതമാനത്തിൽ നിന്ന് 2000-01ൽ 4.1 ശതമാനമായി ഉയർന്നിരുന്നു, എന്നാൽ പിന്നീട് 2023-24ൽ 3.8 ശതമാനമായി കുറഞ്ഞു. “ജി ഡി പി വിഹിതം കുറയുന്ന ഒരേയൊരു ദക്ഷിണേന്ത്യൻ സംസ്ഥാനമാണിത്,” എന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. സാക്ഷരതയിലും, ആരോഗ്യത്തിലുമെല്ലാം മുൻപന്തിയിൽ നിൽക്കുമ്പോഴും കേരളം എന്തുകൊണ്ട് വളരുന്നില്ല എന്ന കാര്യം രാഷ്ട്രീയം മാറ്റിവച്ച് ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്ന കാര്യം വീണ്ടും ഓർമിപ്പിക്കുകയാണ് ഈ റിപ്പോർട്ട്. കാരണം സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാൾ 2015–16ൽ 8.59 ശതമാനമായും 2022–23ൽ 6.6 ശതമാനമായും കുറഞ്ഞു. കേരളത്തിന്റെ ചെലവുകൾ റവന്യൂ വരുമാനത്തിന്റെ 71 ശതമാനം ആണ്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ചെലവുകൾ പ്രധാനമായും, ശമ്പളം, പെൻഷൻ, പലിശ തിരിച്ചടവ് എന്നിവയിലേക്ക് പോകുന്നത് സംസ്ഥാനത്തിന്റെ മറ്റു വികസന പദ്ധതികൾക്ക് പ്രശ്നമുണ്ടാക്കുന്നുണ്ട്. നികുതി വരുമാന വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുമ്പോഴും, കേരളത്തിന് ഉള്ളിലെ നികുതി പിരിവ് തന്നെ കാര്യക്ഷമമാകുന്നില്ല എന്ന വലിയ പ്രശ്നവും ഉണ്ട്. കേരളത്തിലെ ജനസംഖ്യയിൽ പ്രായമാകുന്ന ആളുകളുടെ എണ്ണം കൂടുന്നതാണ് മറ്റൊരു പ്രശ്നം. മദ്യം, ലോട്ടറി, റിയൽ എസ്റ്റേറ്റ് ഇവയാണ് കേരളത്തിന് വരുമാനം നേടിക്കൊടുക്കുന്ന മൂന്ന് കാര്യങ്ങൾ എന്നുള്ളത് സംസ്ഥാനത്തിന്റെ ഉൽപ്പാദനപരമായ പിന്നോക്കാവസ്ഥയെ എടുത്തു കാണിക്കുന്നു. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം വരുമ്പോൾ കേരളത്തിന് നോക്കിനിൽക്കാനേ ആകുന്നുള്ളു. കടത്തിന് മേൽ കടം കയറി സംസ്ഥാനത്തിന് നിവർന്ന് നില്ക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് എത്തിയതിനു പിന്നിലും ഉൽപ്പാദനപരമായ വ്യവസായങ്ങളുടെയും സാമ്പത്തിക വളർച്ച ഉറപ്പാക്കുന്ന പദ്ധതികളുടെയും അഭാവം തന്നെയാണ്.
പശ്ചിമ ബംഗാളിന്റെ ജി ഡി പി വിഹിതത്തിലും ഇടിവ് രേഖപ്പെടുത്തി എന്ന് സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 1960-61ൽ ഇന്ത്യയുടെ ജിഡിപിയുടെ മൂന്നാമത്തെ വലിയ പങ്ക് (10.5 ശതമാനം)വഹിച്ചിരുന്ന പശ്ചിമ ബംഗാൾ ഇപ്പോൾ 2023-24ൽ 5.6 ശതമാനം മാത്രമാണ്. ഈ കാലയളവിലുടനീളം ഇത് സ്ഥിരമായ ഇടിവ് കണ്ടു എന്ന് റിപ്പോർട്ടിൽ ഉണ്ട്. മഹാരാഷ്ട്രയാണ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ജി ഡി പിയിലേക്ക് സംഭാവന ചെയ്യുന്ന സംസ്ഥാനം. വളർച്ചയിൽ മുന്നിൽ നിന്നിരുന്ന പഞ്ചാബിനെ കടത്തിവെട്ടി ഹരിയാന ആണ് ഇപ്പോൾ കൂടുതൽ വളർച്ച നേടുന്നത്. ഹരിയാനയിലെ ആളോഹരി വരുമാനവും നല്ല ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുണ്ട്. ഉദാരവൽക്കരണത്തിനു ശേഷം പല സംസ്ഥാനങ്ങളും പല തരത്തിലുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഉദാരവൽക്കരണത്തിനു മുൻപ് വളർന്നിരുന്ന പല സംസ്ഥാനങ്ങളും ഉദാരവത്കരണ നയങ്ങൾക്ക് ശേഷം മന്ദഗതിയിലാണ്, എന്നാൽ ചില സംസ്ഥാനങ്ങൾ ഇതിനു ശേഷം ശക്തി പ്രാപിച്ചു. ഓരോ സംസ്ഥാനത്തിന്റെയും ഏതൊക്കെ നയങ്ങളാണ് ആ സംസ്ഥാനങ്ങളെ വളർച്ചയിലേക്ക് നയിച്ചതെന്ന് മനസിലാക്കാൻ റിപ്പോർട്ട് ഉപകരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.