കുട്ടികൾക്കായി എൻപിഎസ് വാത്സല്യ: റജിസ്ട്രേഷൻ തുടങ്ങി, അറിയാം കൂടുതൽ വിവരങ്ങൾ
Mail This Article
ന്യൂഡൽഹി∙ കുട്ടികൾക്ക് വേണ്ടിയുള്ള ‘എൻപിഎസ് വാത്സല്യ’ പദ്ധതിയിൽ ഓൺലൈനായി അതിവേഗം ചേരാം.
ഇതിനുള്ള പ്ലാറ്റ്ഫോം കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്നലെ ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷനൽ പെൻഷൻ സ്കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന പദ്ധതിയാണ് ‘എൻപിഎസ് വാത്സല്യ’. കുട്ടിയുടെ പേരിലെടുക്കുന്ന അക്കൗണ്ടിൽ രക്ഷിതാക്കൾക്ക് നിക്ഷേപം നടത്താം. കുട്ടി പ്രായപൂർത്തിയാകുമ്പോൾ സ്വന്തം പേരിലുള്ള സാധാരണ എൻപിഎസ് അക്കൗണ്ട് ആക്കി ഇത് മാറ്റിയെടുക്കാം. 18 വയസ്സുവരെയുള്ള കുട്ടികളെ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാം. ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് എന്നിവ വഴിയും എൻപിഎസ് വാത്സല്യ സ്കീമിന്റെ ഭാഗമാകാം. എൻപിഎസ് വാത്സല്യയുടെ കീഴിൽ 18 വർഷത്തേക്ക് പ്രതിവർഷം 10,000 രൂപ അടച്ചാൽ അതിന്റെ ലാഭമടക്കം 5 ലക്ഷം രൂപയുടെ വരെ നിക്ഷേപമുണ്ടാക്കാൻ കഴിയുമെന്ന് എസ്ബിഐ പെൻഷൻ ഫണ്ടിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഉദാഹരണം പറയുന്നു. 60–ാം വയസ്സിൽ ഇത് 2.75 കോടി രൂപ മുതൽ 11.05 കോടി രൂപ വരെയാകാം.
റജിസ്ട്രേഷൻ ഇങ്ങനെ
∙ npstrust.org.in/open-nps-vatsalya എന്ന പേജ് തുറന്ന് പ്രോട്ടിയൻ/കെ–ഫിൻടെക്/കാംസ് എന്നിങ്ങനെ 3 സൈറ്റുകളിൽ ഏതെങ്കിലുമൊന്നു ക്ലിക് ചെയ്ത് പദ്ധതിയിൽ റജിസ്റ്റർ ചെയ്യാം.
∙ ഉദാഹരണത്തിന് ‘പ്രോട്ടിയൻ’ (എൻഎസ്ഡിഎൽ) ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ രക്ഷിതാവിന്റെ ജനനത്തീയതി, പാൻ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ആദ്യം നൽകുക.
∙ തുടർന്ന് ആധാർ അല്ലെങ്കിൽ ഡിജിലോക്കർ വഴി ലോഗിൻ ചെയ്യണം. ആധാർ നമ്പർ നൽകിയാൽ താഴെയുള്ള ‘Terms and conditions’ തുറന്ന് ‘Accept’ നൽകുക. തുടർന്ന് ടിക് ചെയ്ത ശേഷം മുന്നോട്ടുപോകാം. ആധാർ ഒടിപി നൽകണം. തുടർന്ന് ഫോണിലേക്കും ഇ–മെയിലിലേക്കും വരുന്ന രണ്ടാമത്തെ ഒടിപി കൂടി നൽകണം.
∙ ഇതോടെ ‘അക്നോളജ്മെന്റ് ഐഡി’ ലഭ്യമാകും. ‘Continue’ നൽകിയ ശേഷം കുട്ടിയുടെയും രക്ഷിതാവിന്റെയും വിവരങ്ങൾ നൽകണം.
∙ കുട്ടിയുടെ ജനനത്തീയതി തെളിയിക്കാനായി ജനനസർട്ടിഫിക്കറ്റ്/പാസ്പോർട്ട്/പാൻ കാർഡ്/എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. രക്ഷിതാവ് വിദേശ ഇന്ത്യക്കാരൻ (എൻആർഐ) അല്ലെങ്കിൽ വിദേശപൗരത്വമുള്ള ഇന്ത്യക്കാരൻ (ഒസിഐ കാർഡുള്ളവർ) എങ്കിൽ അക്കാര്യം വ്യക്തമാക്കണം. എൻആർഇ/എൻആർഒ അക്കൗണ്ട് വിവരങ്ങൾ നൽകണം.
∙ റജിസ്ട്രേഷൻ കഴിയുമ്പോൾ ഓൺലൈൻ ‘പ്രാൺ’ (പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ) ലഭ്യമാക്കും. വെൽക്കം കിറ്റിനായി 18 രൂപയും അടയ്ക്കണം.
∙ പ്രതിവർഷം 1,000 രൂപയെങ്കിലും അടയ്ക്കണം. ഉയർന്ന പരിധിയില്ല.
∙ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ: bit.ly/npsvatsalya