ഗര്‍ഭകാല ഇന്‍ഷുറന്‍സ് ആവശ്യമുണ്ടോ? അമ്മയ്ക്കും കുഞ്ഞിനും എന്തൊക്കെ പരിരക്ഷ കിട്ടും? അറിയാം ഇക്കാര്യങ്ങൾ
Mail This Article
നിങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ കുഞ്ഞ് അതിഥി എത്തുന്നത് ആഘോഷമാണ്. എന്നിരുന്നാലും, ഇന്നത്തെ കാലത്ത് ചികിത്സാ ചിലവ് ക്രമാതീതമായി വര്‍ധിക്കുകയാണ്.
പ്രസവത്തിന്റെ ചിലവുകളും ഭീകരമായി ഉയര്‍ന്നിട്ടുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള നല്ല ആശുപത്രിയില്‍ പ്രസവത്തിന് 50,000 മുതല്‍ 1.5 ലക്ഷം വരെ ചിലവാകും. കൂടാതെ, പ്രസവസമയത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടായാല്‍ ചിലവ് ഇനിയും ഉയരും. ഇത് പലര്‍ക്കും താങ്ങാന്‍ പറ്റില്ല. ഇവിടെയാണ് ഗര്‍ഭിണികള്‍ക്കുള്ള ഇന്‍ഷുറന്‍സിന്റെ ആവശ്യം. പ്രസവ ഇന്‍ഷുറന്‍സ് നിങ്ങള്‍ക്ക് സാമ്പത്തിക പരിരക്ഷയും മനസ്സമാധാനവും നല്‍കുന്നു.
എന്താണ് മറ്റേണിറ്റി ഇന്‍ഷുറന്‍സ്?
ഇത് പ്രസവ പരിരക്ഷയ്ക്കുള്ള ഇന്‍ഷുറന്‍സാണ്. ലളിതമായി പറഞ്ഞാല്‍, പ്രസവത്തിനു മുമ്പും ശേഷവുമുള്ള ചിലവുകള്‍ ഉള്‍പ്പെടെ, പ്രസവവുമായി ബന്ധപ്പെട്ട ചിലവുകള്‍ ഇത് ഉള്‍ക്കൊള്ളുന്നു. ഇത് നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒരു ഒറ്റപ്പെട്ട ഇന്‍ഷുറന്‍സ് പോളിസിയാണ്. അതായത് ഇത് പ്രത്യേകമായി പ്രസവച്ചിലവുകളുൾപ്പെടുന്നതാണ്. നിരവധി കമ്പനികള്‍ ഇത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്നുണ്ട്. ഒരു മറ്റേണിറ്റി ഇന്‍ഷുറന്‍സില്‍ എന്തൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കി കൂടുതല്‍ നേട്ടം ലഭിക്കുന്ന പോളിസികള്‍ തിരഞ്ഞെടുക്കുക. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇവയാണ്.
ആശുപത്രിക്ക് മുന്‍പും ശേഷവുമുള്ള ചിലവുകള്‍
നിങ്ങളുടെ മറ്റേണിറ്റി ഇന്‍ഷുറന്‍സ് പ്ലാനില്‍ 30 ദിവസത്തെ പ്രീ-ഹോസ്പിറ്റലൈസേഷനും 60 ദിവസത്തെ പോസ്റ്റ്-ഹോസ്പിറ്റലൈസേഷന്‍ ചിലവുകളും ഉള്‍പ്പെടാം. ഹോസ്പിറ്റലൈസേഷനു മുമ്പുള്ള കാലയളവിലെ കണ്‍സള്‍ട്ടേഷന്‍, മരുന്നുകള്‍, മറ്റുള്ളവയുടെ ചിലവുകള്‍ എന്നിവയാണ് ഉണ്ടാകുക. ഹോസ്പിറ്റലൈസേഷനു ശേഷമുള്ള കാലയളവില്‍, ഡിസ്ചാര്‍ജ് കഴിഞ്ഞ് 60 ദിവസം വരെയുള്ള ചിലവുകള്‍ ലഭിക്കും. അതില്‍ ഫോളോ-അപ്പ് മരുന്നുകളും കണ്‍സള്‍ട്ടേഷനുകളും ഉള്‍പ്പെട്ടേക്കാം.
പ്രസവച്ചിലവുകള്‍
നിങ്ങളുടെ കുഞ്ഞിന്റെ സാധാരണ പ്രസവവുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും ഒരു മറ്റേണിറ്റി ഇന്‍ഷുറന്‍സ് പ്ലാന്‍ ഉള്‍ക്കൊള്ളുന്നു. അതിനാല്‍, ലേബര്‍ റൂം നിരക്കുകള്‍, ഡോക്ടര്‍മാരുടെ ഫീസ് എന്നിവയുംസി-സെക്ഷന്‍ ഡെലിവറി ആവശ്യമുണ്ടെങ്കില്‍ അതും ഇന്‍ഷുറന്‍സ് പരിരക്ഷയിൽപെടും.
ആശുപത്രി ചിലവുകള്‍
ഒരു നല്ല മറ്റേണിറ്റി പ്ലാനില്‍ ഹോസ്പിറ്റലില്‍ നല്‍കുന്ന നഴ്സിങ് കെയറിന്റെ ചിലവും ഉള്‍ക്കൊള്ളുന്നു. മാത്രമല്ല, മുറിയുടെയും ഓപ്പറേഷന്‍ തിയേറ്ററിന്റെയും നിരക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലൈസേഷന്‍ ചിലവുകളില്‍ നിങ്ങളുടെ ഡോക്ടറുടെയും അനസ്തറ്റിസ്റ്റിന്റെയും ഫീസും ഉള്‍പ്പെടും.
നവജാതശിശു മെഡിക്കല്‍ ചികിത്സ
സി-സെക്ഷന്‍ പ്രസവങ്ങളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഇത്തരം ചികിത്സാച്ചിലവുകള്‍ക്കും പരിരക്ഷ ലഭിക്കുന്നത്.
വാക്‌സിനേഷന്‍ ചിലവുകള്‍
വാക്‌സിനേഷന്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ചിലവുള്ളതുമാണ്. അതിനാല്‍, നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ വാക്‌സിനുകളുടെ ചിലവും ഇത്തരം ഇന്‍ഷുറന്‍സ് വഴി ലഭിക്കും.
പണരഹിത ചികിത്സ
പല പ്രസവ ഇന്‍ഷുറന്‍സ് പ്ലാനുകളും നെറ്റ് വര്‍ക്ക് ആശുപത്രികളില്‍ പണരഹിത ചികിത്സ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ പോളിസി എടുക്കുമ്പോള്‍ തന്നെ ഇവ അറിഞ്ഞു വയ്ക്കണം.
പോളിസി എടുക്കും മുന്‍പ്
പ്രസവ ഇന്‍ഷുറന്‍സിനായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്ലാനിനെ ആശ്രയിച്ചിരിക്കും കവറേജ് എന്ന് ഓര്‍ക്കുക. മികച്ച കമ്പനികളുടെയാണെങ്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. അതിനാല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം നല്ലൊരു ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കുക.അവരുടെ പദ്ധതികള്‍ മനസിലാക്കുക. മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുക. എന്നിട്ട് വേണം തിരഞ്ഞെടുക്കാന്‍. വെയിറ്റിങ് പിരീഡ് അടക്കം ഉണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.