ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മോഷണം എന്തും സംഭവിക്കാം, വീടിന് ഇന്‍ഷൂറന്‍സ് എടുക്കാൻ ഇനിയും വൈകരുത്!
Mail This Article
വീടെന്നത് ഇഷ്ടികയും സിമന്റുമെല്ലാം കൊണ്ടു നിര്‍മിച്ച വെറുമൊരു കെട്ടിടം മാത്രമല്ല. അതൊരു വൈകാരിക ആസ്തി കൂടിയാണ്. അതു നഷ്ടമാകുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവുന്നതുമല്ല. പക്ഷേ, പ്രളയമോ ഉരുള്‍പൊട്ടലോ പോലുള്ള ദുരന്തങ്ങള്‍ വഴി വീടിനു നാശനഷ്ടമുണ്ടാകുമ്പോഴുള്ള സാമ്പത്തിക പ്രശ്‌നങ്ങളെങ്കിലും നമുക്കു പ്രതിരോധിക്കാനാവണം. ഇത്തരം അപ്രതീക്ഷിത സംഭവങ്ങള്‍ക്കെതിരെയുള്ള ഭവന ഇന്‍ഷൂറന്‍സ് പരിരക്ഷ ഓരോ വീടിനും അനിവാര്യമായ ഒന്നാണ്. പക്ഷേ, ഇതേക്കുറിച്ചുള്ള അവബോധം വളരെ താഴ്ന്ന നിലയിലാണെന്നതാണ് വസ്തുത.
വയനാട് ഓര്‍മിപ്പിക്കുന്നത്
പ്രകൃതി ദുരന്തങ്ങള്‍ എത്രത്തോളം മാരകമാകും എന്നതിന്റെ ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത ഉദാഹരണമായിരുന്നു വയനാട്ടിലുണ്ടായത്. കനത്ത മഴയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും ആയിരങ്ങളെയാണല്ലോ ബാധിച്ചത്. കൃത്യമായ പ്രളയ, ഉരുള്‍പൊട്ടല്‍ പരിരക്ഷകള്‍ ഉള്‍പ്പെടുത്തിയ ഭവന ഇന്‍ഷൂറന്‍സുകള്‍ ഉണ്ടെങ്കില്‍ ഇത്തരം അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോള്‍ അതില്‍ നിന്നു കരകയറി മുന്നോട്ടു പോകുന്ന പാതയില്‍ ഏറെ സഹായകരമാകും. ഒട്ടനവധി പ്രതിസന്ധികള്‍ക്കിടയിലൂടെ ഒരു തിരിച്ചു വരവിനു ശ്രമിക്കുന്നവര്‍ക്ക് സാമ്പത്തികമായി പിടിച്ചു നില്‍ക്കാനാവുന്നതിലൂടെ ലഭിക്കുന്ന മനസമാധാനം ചെറുതൊന്നുമായിരിക്കില്ല.
ബഹുഭൂരിഭാഗം പേര്‍ക്കും സ്വന്തമായി ഒരു വീടു നിര്‍മിക്കുകയോ വാങ്ങുകയോ ചെയ്യുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരിക്കും. അതിനായി നടത്തിയ സാമ്പത്തിക നിക്ഷേപങ്ങളും അത്ര വലുതുമായിരിക്കും. സ്വാഭാവികമായും ഇത്രയേറെ പ്രധാനപ്പെട്ട ആസ്തിക്ക് അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്നു പരിരക്ഷ നല്‍കേണ്ടതും അനിവാര്യമായ ഒന്നാണ്.
മോഷണം മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ വരെ
പ്രകൃതി ദുരന്തങ്ങള്‍, അപകടം, മോഷണം, അപ്രതീക്ഷിതമായ മറ്റു സാഹചര്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം നിങ്ങളുടെ വീടിനു പരിരക്ഷ നല്‍കേണ്ടത് അത്യാവശ്യമാണ്. ഇവിടെയാണ് ഭവന ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് ആയ ഒരു തിരഞ്ഞെടുപ്പാകുന്നത്. മനസമാധാനവും സാമ്പത്തിക സുരക്ഷിതത്വവും അതിലൂടെ നേടാനുമാകും.
സമഗ്ര ഇന്‍ഷൂറന്‍സിലൂടെ സമഗ്ര പരിരക്ഷ
കൊടുങ്കാറ്റ്, പ്രളയം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കും തീപിടുത്തം പോലുള്ള മനുഷ്യരാലുണ്ടാകുന്ന ദുരന്തങ്ങള്‍ക്കും എതിരെ ഭവന ഇന്‍ഷൂറന്‍സിലൂടെ പരിരരക്ഷ നേടാം. സമഗ്രമായ ഭവന ഇന്‍ഷൂറന്‍സാണ് ഇതിനുള്ള പോംവഴി. ഇതിലൂടെ മോഷണവും കവര്‍ച്ചയും മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ വഴിയുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.
തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മറ്റും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമ്പോഴും ഇന്ത്യയില്‍ ഭവന ഇന്‍ഷൂറന്‍സിനെ കുറിച്ചുള്ള അവബോധം വളരെ താഴ്ന്ന നിലയിലാണ് എന്നതാണ് വസ്തുത.
ഭവന ഇന്‍ഷൂറന്‍സ് എടുക്കുമ്പോള്‍ എന്തെല്ലാം കണക്കിലെടുക്കണം?
വീടു നിര്‍മിക്കാനുള്ള നിലവിലെ ചെലവ്, നാശനഷ്ടം ഉണ്ടായാല്‍ അവ പുനര്‍നിര്‍മിക്കാനുള്ള ചെലവ് തുടങ്ങിയവയാണ് പ്രാഥമികമായി വിലയിരുത്തേണ്ടത്. വിവിധ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നിങ്ങളുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലെ ഭവന ഇന്‍ഷൂറന്‍സ് പോളിസികള്‍ തയ്യാറാക്കി നല്‍കാറുമുണ്ട്. വിവിധ ഇന്‍ഷൂറന്‍സ് പോളിസികള്‍ താരതമ്യം ചെയ്യുകയും നിങ്ങളുടെ മാത്രമായ പ്രത്യേക ആവശ്യങ്ങള്‍ എന്തൊക്കെയെന്നു ചിന്തിക്കുകയും വേണം.
നിങ്ങളുടെ പ്രദേശത്തിന് അനുസരിച്ച് നിരവധി പ്രകൃതി ദുരന്തങ്ങളും മനുഷ്യരാന്‍ ഉണ്ടാകുന്ന ദുരന്തങ്ങളും സംഭവിക്കാനുള്ള ഭീഷണി ഉണ്ടാകുമല്ലോ. അവയും വിലയിരുത്തണം.
സാമ്പത്തിക ബാധ്യതകള്‍ ഒറ്റയ്ക്ക് ചുമലിലേറ്റേണ്ട
പ്രളയമോ ഭൂമി കുലുക്കമോ മറ്റോ മൂലം വീടിനു നാശമുണ്ടായാല്‍ അതു പുനര്‍ നിര്‍മിക്കാനുള്ള ചെലവ് ഒറ്റയ്ക്ക് വഹിക്കേണ്ടി വരില്ല എന്നതാണ് ഇവിടെ ഏറെ സഹായകമാകുക. നിര്‍മാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്നു കരകയറാനും ഇതു സഹായകമാകും.
വീടിനകത്തെ സാമഗ്രികള്‍ക്കും പരിരക്ഷ
ഭവന ഇന്‍ഷൂറന്‍സിലൂടെ കെട്ടിടത്തിനു മാത്രമല്ല പരിരക്ഷ ലഭിക്കുക.. വീടിനകത്തെ ഫര്‍ണീച്ചര്‍, ഉപകരണങ്ങള്‍, ആഭരണങ്ങള്‍, വ്യക്തിപരമായ വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇങ്ങനെ സമഗ്ര ഇന്‍ഷൂറന്‍സ് വഴി പരിരക്ഷ നേടാം. ഇവ മാറ്റിയെടുക്കാനോ അറ്റകുറ്റപ്പണി ചെയ്യാനോ എല്ലാം ഇന്‍ഷൂറന്‍സ് സഹായകമാകും.
ഒരു ദുരന്തത്തിനു ശേഷം തിരിച്ചു വരുമ്പോള്‍ എല്ലാ ചെലവുകളും ഒറ്റയ്ക്ക് വഹിക്കേണ്ടി വരുന്നില്ല എന്നതു നല്‍കുന്ന ആശ്വാസം ചെറുതൊന്നുമായിരിക്കില്ല.
ബാധ്യതകള്‍ക്കും പരിരക്ഷ
നിങ്ങളുടെ വസ്തുവില്‍ വെച്ച് മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ അതിന്റെ നിയമപരവും ആരോഗ്യപരവുമായ ചെലവുകള്‍ക്കും ഭവന ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതും ഏറെ ഗുണകരമായിരിക്കും.
ലേഖകൻ ടാറ്റ എഐജി ജനറൽ ഇൻഷുറൻസിന്റെ വൈസ് പ്രസിഡന്റും നാഷണൽ മാനേജരുമാണ്