‘ഓഹരി എന്നെ കോടീശ്വരനാക്കി’ ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ നിക്ഷേപയാത്ര
Mail This Article
‘മനസ്സുവച്ചാൽ ആർക്കും ഓഹരിയിലൂടെ കോടീശ്വരനാകാം. ചെറിയ വരുമാനക്കാരനാണെങ്കിൽപോലും ബുദ്ധിപൂർവം നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരുന്നാൽ മതി'. ഇത് ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ വാക്കുകളാണ്. ദീർഘകാല നിക്ഷേപകനായ ഈ അധ്യാപകൻ നമുക്കു പകർന്നു നൽകുന്ന ഗുണപാഠം വളരെ ലളിതമാണ്, 'മനസ്സുണ്ടെങ്കിൽ മാർഗവുണ്ട്.’ േപരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കോട്ടയം സ്വദേശിയായ, അദ്ദേഹത്തെ നമുക്ക് ജോൺ എന്നു വിളിക്കാം.
ഓഹരി അറിവ് പരിമിതം
ഓഹരിയെക്കുറിച്ച് ഒന്നും അറിയാത്ത ഒരു സാധാരണക്കാരനിൽനിന്ന് ഓഹരിയിലൂടെ കോടീശ്വരനായ ആ നിക്ഷേപകന്റെ യാത്ര അദ്ദേഹത്തിന്റെ വാക്കുകളിലൂടെത്തന്നെ അറിയാം: 1985–90 കളിൽ മലപ്പുറത്തു ജോലി ചെയ്യുമ്പോഴാണ് ഓഹരിവിപണിയെ ശ്രദ്ധിക്കുന്നത്. ഓഹരിയെക്കുറിച്ച് അത്രയൊന്നും കേട്ടിട്ടില്ലാത്ത കാലം. അപൂർവമായിവരുന്ന പബ്ലിക് ഇഷ്യുകൾ. ‘എസ്ആർ സ്റ്റീൽ ബോണ്ട്സ്... ഫുള്ളി കൺവെർട്ടബിൾ ഡിബഞ്ചർ...’ എന്ന ടിവി പരസ്യം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. പിന്നെ എംആര്‍പിഎൽപോലുള്ള കമ്പനികൾ ഇഷ്യുവുമായി രംഗത്തുവന്നു. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഓഹരിയധിഷ്ഠിത നിക്ഷേപ പദ്ധതികളായ മാസ്റ്റർ ഷെയറും മാസ്റ്റർ ഷെയർ പ്ലസും നിക്ഷേപകരുടെ കയ്യടിനേടി. അതിനെ തുടർന്നാണ് കോത്താരി പയനിയർ (ഫ്രാങ്ക്ലിൻ ടെമ്പിൾടൺ) പോലുള്ള സ്വകാര്യ മ്യൂച്വൽ ഫണ്ട് കമ്പനികൾ ഉദയം െചയ്തത്.
തുടക്കം യുടിഐയിൽ
അന്നു നിക്ഷേപകർക്ക് സമാനതകളില്ലാത്ത നേട്ടം സമ്മാനിച്ചു യുടിഐ മാസ്റ്റർ ഷെയറും മാസ്റ്റർ ഷെയർ പ്ലസും. എന്റെയും തുടക്കം യുടിഐയിൽ നിന്നായിരുന്നു. തുടർന്നു കോത്താരി പയനിയർ മ്യൂച്വൽഫണ്ടിന്റെ പ്രൈമ ബ്ലൂചിപ് ഫണ്ടും ഒരു വർഷത്തിനകംതന്നെ നിക്ഷേപസംഖ്യ ഇരട്ടിയാക്കിനൽകി. ഈ നേട്ടങ്ങളാണ് എന്നെ ഓഹരിവിപണിയിലേക്ക് ആകർഷിച്ചത്.
പബ്ലിക് ഇഷ്യുവിലൂടെ നേട്ടം
1990കളിൽ കൂടുതൽ പബ്ലിക് ഇഷ്യുകൾ വന്നപ്പോൾ മിച്ച സമ്പാദ്യം അതിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. അന്ന് ഐപിഒകൾക്ക് ഇന്നത്തേതു പോലുള്ള അപേക്ഷകരൊന്നുമില്ല. സ്വാഭാവികമായും അപേക്ഷിച്ച മുഴുവൻ ഓഹരികളും കിട്ടി. 10 രൂപയ്ക്കു വാങ്ങിയ എച്ച്ഡിഎഫ്സി ബാങ്ക്, ജിയോജിത് ഉൾപ്പെടെയുള്ളവ ഇന്നും കൈവശമുണ്ട്. ബോണസ്, ഓഹരിവിഭജനം എന്നിവയിലൂടെ ഇവയുടെ എണ്ണം പല മടങ്ങായി. വില കൂടിയതനുസരിച്ച് മൂല്യവും കുതിച്ചുയർന്നു. ഇതിനു പുറമെയാണ് ഡിവിഡൻഡിലൂടെയുള്ള നേട്ടം.
ചെറിയ ചെറിയ നിക്ഷേപങ്ങൾ
പബ്ലിക് ഇഷ്യൂവിലെ നേട്ടം നൽകിയത് വലിയ ആത്മവിശ്വാസമായിരുന്നു. അങ്ങനെയാണ് ദ്വിതീയ വിപണിയിലേക്കു കടക്കാൻ തീരുമാനിച്ചത്. മികച്ചതെന്ന് ഉറപ്പുവരുത്തിയേ വാങ്ങൂ. അതും 10 അല്ലെങ്കിൽ 20 എണ്ണം മാത്രം. ഒരു പ്രൈമറി സ്കൂൾ അധ്യാപകനെ സംബന്ധിച്ച് 1,000 രൂപ മിച്ചംപിടിക്കുന്നതുപോലും വലിയ പ്രയാസമായിരുന്നു. പിഎഫ്‌പോലുള്ള നിർബന്ധിത പദ്ധതികളിൽ മിനിമം സംഖ്യ മാത്രമേ നിക്ഷേപിച്ചിരുന്നുള്ളൂ. ബാക്കി മിച്ചംപിടിക്കുന്ന തുക ഓഹരിക്കായി മാറ്റിവച്ചു. ഓണം അഡ്വാൻസ്/ബോണസ് തുടങ്ങി അധിക വരുമാനം കിട്ടുമ്പോഴെല്ലാം ഒരു ഭാഗം ഓഹരിലിട്ടു. ഓരോ ഓണത്തിനും ഒരു പുതിയ ഓഹരി സ്വന്തമാക്കിയിരുന്നു.എന്നും കൊച്ചുകൊച്ചു നീക്കിയിരിപ്പുകൾ ഓഹരിയിലേക്ക് നിക്ഷേപിച്ചു. നല്ല ഓഹരിയാണെന്നു തോന്നിയപ്പോൾ പിഎഫിൽനിന്നു വായ്പയെടുത്തുപോലും നിക്ഷേപിച്ചിട്ടുണ്ട്. സഹപ്രവർത്തകർ പേടിച്ചു മാറിനിൽക്കുമ്പോഴാണ് എന്റെ ഈ ‘സാഹസം’.
ഒരു കോടി എന്ന ലക്ഷ്യത്തിൽ
വിരമിച്ചിട്ടു മൂന്നു വർഷമായി. കഴിഞ്ഞ നവംബർ അവസാനം ഏറ്റവും ചെറിയ എട്ടക്ക സംഖ്യ അഥവാ ഒരു കോടി രൂപ എന്ന ലക്ഷ്യം പിന്നിട്ടു. സാധാരണ സർക്കാർ ജീവനക്കാരന്, ഒരു പ്രൈമറി സ്കൂൾ അധ്യാപകന് സ്വപ്നം കാണാൻപോലും പറ്റാത്ത കാര്യമാണ് ഞാൻ യാഥാർഥ്യമാക്കിയത്. അതും 30–35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ.
പുതുനിക്ഷേപകരോടു പറയാൻ
ഓഹരിനിക്ഷേപത്തിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവരോടു പറയാനുള്ളത് ഓഹരിയിൽ നേട്ടമുണ്ടാക്കാൻ ഒത്തിരി കാര്യങ്ങളൊന്നും വേണ്ട എന്നാണ്. ശുഭാപ്തിവിശ്വാസവും ദീർഘകാലം ഓഹരി കൈവശം വയ്ക്കാനുള്ള ക്ഷമയും അൽപം ധൈര്യവുമുള്ളവർക്കു കടന്നുവരാം. ഉറപ്പായും മികച്ച നേട്ടം ഉണ്ടാക്കാം. പക്ഷേ, അത്യാഗ്രഹം അൽപംപോലും അരുത്.
ഇപ്പോൾ എത്ര കമ്പനികളുടെ ഓഹരികളുണ്ട്?
120ൽ അധികം ഓഹരിയിൽ നിക്ഷേപമുണ്ട്.
ഇത്രയും ഓഹരികൾ കൈകാര്യം ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടില്ലേ?
പരമാവധി 15–20 ഓഹരികളെ ഹോൾഡ് ചെയ്യാവൂ എന്നു പറയാറുണ്ട്. എന്റെ നിക്ഷേപം ഒരു മ്യൂച്വൽ ഫണ്ട് പോലെയാണ്. എത്ര നല്ലതായാലും ഒരു കമ്പനിയിൽ കൂടുതൽ നിക്ഷേപിക്കില്ല. ഏതാനും എണ്ണമേ വാങ്ങി സൂക്ഷിക്കൂ. 120 ഓഹരികളിൽ ഏതാനും ഓഹരികളുടെ വില കുത്തനെ കുറഞ്ഞാലും ബാക്കി ഭൂരിഭാഗം ഓഹരികളുടെയും വില ഉയർന്നു നിൽക്കും. അതിനാൽ, വിഷമിക്കേണ്ടി വന്നിട്ടില്ല. ഈ രീതികൊണ്ടു നഷ്ടം സംഭവിച്ചിട്ടില്ല, നല്ല നേട്ടം കിട്ടിയിട്ടുണ്ട്.
കോവിഡ് തകർച്ചയിൽ എങ്ങനെ പിടിച്ചുനിന്നു?
കോവിഡ്‌കാലത്ത് നല്ല ഓഹരികൾ വിലക്കുറവിൽ വാങ്ങാൻപറ്റി. ആ അവസരം നന്നായി ഉപയോഗിച്ചു. കാരണം അൽപം കാത്തിരുന്നാലും വിപണി തിരിച്ചു കയറുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.ഞാൻ ഇന്ത്യ ഗ്രോത്ത് സ്റ്റോറിയിൽ വിശ്വസിക്കുന്നു. ഇന്ത്യയുടെ ഭാവി ശുഭാപ്തിവിശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്. ഭാവിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നനിലയിൽ എത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഈ വളർച്ചയിൽനിന്ന് എനിക്കു നേട്ടമെടുക്കാൻ ഓഹരിയിലൂടെ മാത്രമേ കഴിയൂ എന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
ഉയർച്ചതാഴ്ചകൾ വിപണിയിൽ സ്വാഭാവികം. എത്ര ഇടിഞ്ഞാലും പൂർവാധികം കരുത്തോടെ തിരിച്ചുവരും.ഇത് അനുഭവം എന്നെ പഠിപ്പിച്ച പാഠമാണ്. 30–35 വർഷത്തിനിടെ ഒട്ടേറെ ഉയർച്ചതാഴ്ചകളുടെ രുചി അറിഞ്ഞിട്ടുണ്ട്. റെക്കോർഡ് ഉയരത്തിൽ ഓരോ തവണയും എത്തിയപ്പോൾ ഓഹരികൾ വിറ്റുമാറാൻ പലരും ഉപദേശിച്ചിട്ടുണ്ട്. െസൻസെക്സ് 50,000 വും 60,000 വും പിന്നിട്ടപ്പോഴും ഇതുതന്നെ പറഞ്ഞു. ഇപ്പോൾ എഴുപതിനായിരത്തിനു മുകളിലുള്ള െസൻസെക്സ് ഒരു ലക്ഷത്തിലേയ്ക്ക് എത്തുന്ന കാലം വിദൂരമല്ല. ഇനി ഇന്ത്യയുടെ വളർച്ചാഘട്ടമാണെന്നു പറഞ്ഞല്ലോ. അതനുസരിച്ച് ഓഹരിയുടെ വളർച്ചയ്ക്കു വേഗം കൂടും.അതിനാൽ കൈവശമുള്ള ഓഹരികൾ നല്ല നേട്ടം തരും.
നിക്ഷേപം വടവൃക്ഷംപോലെ
നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം നമ്മുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കും. ഓഹരികൾ, ബാങ്കുനിക്ഷേപം, സ്വർണം, ഭൂമി തുടങ്ങി പലതിലായി ഭാഗിച്ചു നിക്ഷേപിക്കുന്നത് സാമ്പത്തിക അടിത്തറ എന്നും ശക്തമായിരിക്കാൻ സഹായിക്കും. സ്ഥിരനിക്ഷേപത്തിൽപോലും 4–5 സാധ്യതകൾ ഉപയോഗപ്പെടുത്തണം. ട്രഷറി, പോസ്റ്റ് ഓഫിസ്, പൊതുമേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, കടപ്പത്രങ്ങൾ തുടങ്ങിയവ ഉദാഹരണം. നമ്മുടെ നിക്ഷേപം ഒരു വടവൃക്ഷത്തിനു സമാനമാകണം, അതിന്റെ േവരുകൾ താങ്ങുേവരുകൾപോലെ എല്ലാ വശത്തേക്കും വ്യാപിച്ചാൽ നിലനിൽപ് സുരക്ഷിതമാക്കാം. ഒരു കോണിൽനിന്നു വലിയ കാറ്റു വീശിയാലും വടവൃക്ഷത്തിന് ഒന്നും സംഭവിക്കില്ല. അതുപോലെയാകണം നമ്മുടെ നിക്ഷേപവും.
ഓഹരി നിക്ഷേപത്തിനുള്ള നിർദേശങ്ങൾ / ഉപദേശങ്ങൾ എവിടെനിന്നാണു ലഭിക്കുന്നത്?
വർഷങ്ങളായി ഞാൻ മനോരമ സമ്പാദ്യം മാസിക വായിക്കുന്നുണ്ട്. പ്രമുഖ ബ്രോക്കർമാരുടെ എല്ലാ നിർദേശങ്ങളും ശ്രദ്ധിക്കാറുണ്ട്. സജീഷ് കൃഷ്ണന്റെ ‘മാർക്കറ്റ് മാപ്സ്’പോലുള്ള േലഖനങ്ങളും വഴികാട്ടിയായിട്ടുണ്ട്. എങ്കിലും ഞാൻ സ്വന്തമായ തീരുമാനങ്ങൾക്കനുസരിച്ചു മാത്രമേ ഓഹരികൾ തിരഞ്ഞെടുക്കാറുള്ളൂ.
മറ്റേതെല്ലാം മേഖലകളിൽ നിക്ഷേപമുണ്ട്?
നല്ല ലാഭമുണ്ടെന്നു കരുതി എല്ലാ നിക്ഷേപവും ഓഹരിയിൽ മാത്രം മതി എന്നു ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. നിക്ഷേപത്തിലെ വൈവിധ്യവൽക്കരണം ഓഹരിയിലെ റിസ്ക് മറികടക്കാൻ ഞാൻ എന്നും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫിസ് പദ്ധതികൾ, സ്വർണം തുടങ്ങിയവയിലെല്ലാം നിക്ഷേപമുണ്ട്. ഇപ്പോൾ ആദായനികുതി ലാഭിക്കാനും ഭാവിയിൽ അധിക പെൻഷൻ നേടാനും നാഷനൽ െപൻഷൻ സ്കീമിലും (NPS) നിക്ഷേപിച്ചുവരുന്നു.
35 വർഷംകൊണ്ട് ഒരു കോടി, രണ്ടു മാസംകൊണ്ട് 1.20 കോടി
30–35 വർഷത്തെ നിക്ഷേപത്തിനും കാത്തിരിപ്പിനുംശേഷമാണ് എന്റെ സമ്പാദ്യം 2023 നവംബറോടെ ഒരു കോടി രൂപ എന്ന ലക്ഷ്യം കൈവരിച്ചത്. പക്ഷേ, കഴിഞ്ഞ വിപണിക്കുതിപ്പിൽ ആ ഒരു കോടി രണ്ടു മാസംകൊണ്ട് 1.20 കോടി രൂപയായി. അതായത് ഇനി എന്റെ നിക്ഷേപത്തിന്റെ വളർച്ച കൂടുതൽ വേഗത്തിലായിരിക്കും. വമ്പൻ പ്രതിസന്ധികൾ ഉണ്ടാകാതിരുന്നാൽ വിരലിലെണ്ണാവുന്ന വർഷംകൊണ്ട് ഈ നിക്ഷേപം ഇരട്ടിയാകുമെന്നാണു വിശ്വാസം. അതുകൊണ്ടാണ് ഇപ്പോഴും വിപണിയിൽ സജീവമായി ഇടപെടുന്നതും.
അഭിമാനം, അറിവ്, ഊർജസ്വലത
എന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക്, വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന സമയത്ത് ആക്ടീവായി ഇരിക്കാൻ നല്ലൊരു ഉപാധികൂടിയാണ് ഓഹരിവിപണി. ലാഭത്തിനുവേണ്ടി മാത്രമല്ല, നിക്ഷേപിക്കുന്നത്. ൈകവശമുള്ള ഓരോ കമ്പനിയുടെയും ചലനങ്ങൾ നിത്യേന വീക്ഷിക്കും. ഇന്ത്യയുടെ മാത്രമല്ല ആഗോള സാമ്പത്തികരംഗത്തെ ഓരോ ചലനങ്ങളും അതാതു സമയത്ത് അറിയാനും ആഴത്തിൽ പഠിക്കാനും ഇതു വഴിയൊരുക്കുന്നു. എന്റെ ശേഖരത്തിലുള്ള കമ്പനികളുടെ ഉടമ കൂടിയാണല്ലോ ഞാൻ. അതുകൊണ്ട് ആ കമ്പനികളുടെ ഉൽപന്നങ്ങൾ കാണുമ്പോഴും അനുഭവിക്കുമ്പോഴും തോന്നുന്ന അഭിമാനം അത് ഒന്നുവേറെതന്നെയാണ്.
(മാർച്ച് ലക്കം മനോരമ സമ്പാദ്യം കവർ സ്റ്റോറിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചത്)