ADVERTISEMENT

ഏറെ പേർ ജോലിയിൽ നിന്ന് വിരമിക്കുന്ന സമയമാണിത്. കേന്ദ്ര സംസ്ഥാന സര്‍വീസില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നും വിരമിക്കുന്നവര്‍ക്കെല്ലാം മുന്നിൽ വലിയൊരു ചോദ്യമുണ്ട്. റിട്ടയര്‍മെന്റ് ആനുകൂല്യമായി കിട്ടുന്ന തുക എവിടെ നിക്ഷേപിച്ചാലാണ് മെച്ചപ്പെട്ട സ്ഥിരവരുമാനം ഉറപ്പാക്കി വാര്‍ധക്യജീവിതം അല്ലലില്ലാതെ മുന്നോട്ട് കൊണ്ടു പോകാനാകുക?

ഗള്‍ഫില്‍ നിന്നടക്കം മടങ്ങി വന്നവരാകട്ടെ കഷ്ടപ്പെട്ട് അധ്വാനിച്ചു നേടിയ സമ്പാദ്യം സുരക്ഷിതമായി എവിടെ നിക്ഷേപിക്കാം എന്ന അന്വേഷണത്തിലാകും. ഇവിടെ പരിഗണിക്കാവുന്ന നല്ലൊരു മാർഗമാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺസ് സ്കീം (എസ്‌സിഎസ്എസ്). കൈയിലുള്ള മുഴുവൻ തുകയും നിക്ഷേപിച്ചില്ലെങ്കിലും നല്ലൊരുഭാഗം ഇതിൽ നിക്ഷേപിക്കാവുന്നതാണ്. കാരണം പദ്ധതിയുടെ പലവിധ മികവുകൾ തന്നെ. അവ എന്തെല്ലാമെന്നുനോക്കാം

Investment-Plan
Image: Shutterstock/Freedomz

1.  50 വയസു മുതൽ ചേരാം
 

60 വയസ് പൂര്‍ത്തിയാക്കിയവർക്കാണ് സാധാരണരീതിയിൽ സ്കീമിൽ നിക്ഷേപിക്കാനാവുക. എന്നാല്‍ പ്രതിരോധമേഖലയില്‍ നിന്ന് വിരമിച്ചവരാണെങ്കില്‍ 50 വയസ് പൂര്‍ത്തിയായാല്‍ മതി. അതുപോലെ കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ക്കും പ്രായത്തില്‍ ഇളവു അനുവദിക്കും. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിച്ച് ഒരു മാസത്തിനകം തന്നെ തുക പദ്ധതിയില്‍ നിക്ഷേപിക്കണം എന്നു മാത്രം. പ്രവാസികള്‍ക്ക് നിക്ഷേപം സാധ്യമല്ല.

2. നിക്ഷേപത്തിനും ആദായത്തിനും സർക്കാർ ഗ്യാരന്റി
 

കേന്ദ്ര സര്‍ക്കാര്‍ ഗ്യാരന്റിയോടെ നിക്ഷേപിച്ച് പലിശ വരുമാനം നേടാനാകുന്ന മാര്‍ഗമാണ് എസ്‌സിഎസ്എസ്. ഇവിടെ മുതലിനു മാത്രമല്ല പലിശയ്ക്കും കേന്ദ്ര ഗവൺമെന്റ് ഗ്യാരന്റിയുണ്ട്.

3. ഉയര്‍ന്ന പലിശ
 

മറ്റേതു സ്ഥിരനിക്ഷേപ പദ്ധതികളിൽ വാഗ്ദാനം ചെയ്യുന്നതിലും അധികപലിശ ഇതിൽ എപ്പോഴും  പ്രതീക്ഷിക്കാം.  നിലവിൽ 8.2 %  പലിശ ഉണ്ട്.

4. 1000 രൂപ മുതൽ 30 ലക്ഷംവരെ നിക്ഷേപിക്കാം
 

കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. തുടർന്ന് ആയിരം രൂപയുടെ ഗുണിതങ്ങളായി പരമാവധി 30 ലക്ഷം രൂപവരെ നിക്ഷേപിക്കാം. ഒരു ലക്ഷം രൂപയില്‍ താഴെവരെ പണമായി തന്നെ നിക്ഷേപിക്കാം. അതിലധികമാണ് എങ്കില്‍ ചെക്കായി നല്‍കണം.

5. സ്ഥിരവരുമാനം നേടാം
 

റിട്ടയർമെന്റ് ലൈഫിൽ സ്ഥിരവരുമാനം ഉറപ്പാക്കാം. മൂന്നു മാസത്തിലൊരിക്കൽ പലിശ കിട്ടും. അതായത് ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍, ജനുവരി മാസങ്ങളിലെ ആദ്യദിവസം പലിശ നിക്ഷേപകന്റെ സേവിങ്സ് അക്കൗണ്ടിലിൽ ക്രെഡിറ്റ് ചെയ്യും.

6. എട്ടു വർഷംവരെ പലിശ കുറയാതെ നോക്കാം
 

പദ്ധതിയുടെ  നിക്ഷേപ കാലാവധി 5 വര്‍ഷമാണ്.  ആശ്യമെങ്കില്‍ അപേക്ഷ നല്‍കി 3 വര്‍ഷത്തേക്ക് കൂടി നീട്ടാം. അതു വഴി പലിശയിലെ ചാഞ്ചാട്ടം നിങ്ങളെ ബാധിക്കാതെ വരുമാനത്തിൽ സ്ഥിരത ഉറപ്പാക്കാം

7. എളുപ്പത്തിൽ ചേരാം
 

നിക്ഷേപിക്കാനും ആദായം സ്വീകരിക്കാനും എളുപ്പമാണ്.  സമീപത്തുള്ള പോസ്റ്റ് ഓഫീസുകൾ വഴിയും പ്രധാന ബാങ്കുകളുടെ ശാഖകള്‍ വഴിയും അക്കൗണ്ട് തുറക്കാം. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കാം. തുടർന്ന് അക്കൗണ്ട് തുറക്കുന്നതിന് നിക്ഷേപം അടയ്ക്കണം.  

പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സ്‌കൂളില്‍ നിന്നുള്ള ജനനത്തീയതി സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും ഒരു രേഖ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാം. എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. പലിശ അക്കൗണ്ടിൽ നിശ്ചിത സമയത്ത് എത്തുമെന്നതിനാൽ   ആവശ്യമുള്ളപ്പോൾ പണം എടുക്കാനാകും.

9. സിംഗിളായാ ജോയിന്റായോ തുടങ്ങാം
 

ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ട് തുറക്കാം. ഒറ്റയ്ക്കോ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് സംയുക്തമായോ അക്കൗണ്ടു ആരംഭിക്കാം.  ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ പങ്കാളികളിൽ ഒരാൾക്ക് 60 വയസുകഴിയണം.

Retirement-Calculator-1248

10. ഇന്ത്യയിൽ എവിടേയ്ക്കും  മാറ്റാം
 

നിങ്ങൾ താമസം മാറ്റിയാലും വിഷമിക്കേണ്ട. നിലവിലുള്ള അക്കൗണ്ട് മറ്റൊരു ബാങ്കിലേയ്‌ക്കോ പോസ്റ്റ് ഓഫീസിലേയ്‌ക്കോ ട്രാൻസഫർ ചെയ്യാം. അതായത് നിങ്ങളുടെ സൗകരാർത്ഥ്യം ഇന്ത്യയിൽ  എവിടേയ്ക്ക് വേണമെങ്കിലും മാറ്റാം

11. അത്യാവശ്യം വന്നാൽ പിൻവലിക്കാം
 

പണത്തിന് ആവശ്യമുണ്ടെങ്കിൽ കാലാവധിക്കു മുമ്പ് എപ്പോള്‍ വേണമെങ്കിലും പണം പിൻവലിക്കാം. പക്ഷേ ഇത്തരത്തിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് നിബന്ധനകൾക്ക് വിധേയമായിരിക്കും.

happy-retirement-concept-fun-and-eating-at-restaurant-during-travel-viewapart-istockphoto-com

12. ആദായ നികുതി ഇളവ്
 

നിക്ഷേപത്തിന് ആദായ നികുതി കിഴിവ് ലഭിക്കും. സെക്ഷൻ 80 സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഈ ഇളവ് കിട്ടുക.  

ശ്രദ്ധിക്കണം ഇക്കാര്യം
 

* ലഭിക്കുന്ന പലിശ വരുമാനത്തിന് ആദായനികുതി നല്‍കണം. പക്ഷേ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപവരെയുള്ള പലിശ വരുമാനം നികുതി വിമുക്തമാണ്. അതില്‍ കൂടുതലാണ് പലിശയെങ്കിൽ മുൻകൂർ നികുതി   (ടിഡിഎസ്) പിടിക്കും. എന്നാൽ അർഹപ്പെട്ടവർക്ക്  ഫോം 15ജി, 15എച്ച് എന്നിവ സമര്‍പ്പിച്ച് ടിഡിഎസിൽ നിന്ന് ഒഴിവാകാനാകും.

 * 8.2 ശതമാനം പലിശ എന്നത് മറ്റുസ്ഥിര വരുമാന പദ്ധതികളെ അപേക്ഷിച്ച് ഉയർന്ന ആദായം നൽകുമെന്നതിനാൽ, സ്ഥിരതയുള്ള വരുമാനം ഉറപ്പാക്കാം. അതിനാൽ ബാക്കി ചെറിയൊരു വിഹിതം ഉയർന്ന ആദായം തരുന്ന മ്യൂച്വൽ ഫണ്ട് പോലുളളവയിൽ നിക്ഷേപിച്ച് കൂടുതൽനേട്ടം ഉണ്ടാക്കാനും അവസരം ലഭിക്കും.

English Summary:

Secure Your Retirement: Invest in the Post Office Senior Citizens Scheme and Enjoy Guaranteed High Returns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com