യുവാക്കളുടെ സമ്പാദ്യശീലത്തിന് ബജറ്റ് തിരിച്ചടി; ഇടത്തരക്കാരെ മറന്ന് ന്യൂറെജിമിന് വഴിവിട്ട പ്രോല്‍സാഹനം
Mail This Article
ഇടത്തരക്കാരന്റെ കാര്യത്തില്‍ ഇത്തവണയും ധനമന്ത്രി പതിവ് പാരമ്പര്യം കാത്തുസൂക്ഷിച്ചു. ഇപ്പോഴത്തെ സർക്കാറിന്റെ മാത്രമല്ല പ്രതിപക്ഷം ഭരിച്ചിരുന്ന സമയത്തെ സർക്കാറുകളുടെ കൂടി ഇഷ്ടാനിഷ്ടങ്ങളെ ഇത്തവണത്തെ ബജറ്റിലും ഉയര്‍ത്തിപ്പിടിക്കാന്‍ മന്ത്രിക്ക് ഒട്ടും വിഷമം ഉണ്ടായില്ല. അദ്ധ്വാനത്തിനു ലഭിക്കുന്ന ശമ്പളം ജോലിക്കാരുടെ കയ്യിലെത്തുന്നതിന് മുൻപേ തന്നെ അതില്‍ നിന്ന് ടിഡിഎസ് എന്ന പേരില്‍ ഒരു വിഹിതം എടുക്കുന്നതാണ് ഇന്‍കം ടാക്‌സ്. ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തിയ ഓരോ ചെറിയ മാറ്റം പോലും ന്യൂറെജിമിനെ ആകര്‍ഷകമാക്കാനാണ് മന്ത്രി ഉപയോഗിച്ചത്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിച്ചപ്പോള്‍ അത് ന്യൂറെജിമില്‍ മാത്രമാക്കി ഒതുക്കി. ഫാമിലി പെന്‍ഷന്‍ ഇളവ് വര്‍ധിപ്പിച്ചപ്പോള്‍ അതും ന്യൂറെജിം സ്വീകരിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
ഓള്‍ഡ് റെജിം തന്നെ നിര്‍ത്തലാക്കുമോ?
എന്‍പിഎസിലെ തൊഴിലുടമയുടെ വിഹിതം 14 ശതമാനമാക്കിയപ്പോള്‍ അതിന്റെ ആനുകൂല്യവും ഓള്‍ഡ് റെജിമില്‍ നിന്ന് ഒഴിവാക്കിയത് ഇടത്തരക്കാരന്റെ സമ്പാദ്യ, നിക്ഷേപ ശീലങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇതോടെ അടുത്ത ബജറ്റില്‍ ഓള്‍ഡ് റെജിം തന്നെ നിര്‍ത്തലാക്കിയേക്കുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം പേരും.
ഇടത്തരക്കാരന്റെ ജീവിതം മെച്ചപ്പെടുത്താന്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും ചിലവുകള്‍ക്കുമൊക്കെ നല്‍കിയിരുന്ന ആദായ നികുതി ഇളവ് ലഭിക്കുന്ന ഓള്‍ഡ് റെജിമിനെ കൂടുതല്‍ അനാകര്‍ഷകമാക്കാനുള്ള ശ്രമത്തില്‍ മന്ത്രി അവരുടെ ഭാവി ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തുകയാണ്. ബജറ്റ് പ്രസംഗത്തില്‍ എത്രേപര്‍ ന്യൂ റെജിം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വീകരിച്ചു എന്നകാര്യത്തില്‍ കൃത്യമായ കണക്ക് പോലും നല്‍കാന്‍ മന്ത്രിക്ക് ആയില്ല എന്നത് ശ്രദ്ധേയമാണ്. ആദായ നികുതിദായകരില്‍ മുന്നില്‍ രണ്ട് പേരും ന്യൂ ടാക്‌സ് റെജിമാണ് സ്വീകരിച്ചത് എന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത് എങ്കിലും ഇതുസംബന്ധിച്ച കൃത്യമായ കണക്ക് ബജറ്റ് രേഖകളില്‍ ഒരിടത്തുമില്ല.
യുവാക്കൾക്ക് തിരിച്ചടി
ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന 8.5 ലക്ഷത്തോളം ആളുകളില്‍ ആറ് ലക്ഷത്തിലേറെ പേരും 10 ലക്ഷം രൂപവരെ വാര്‍ഷിക നികുതി വിധേയ വരുമാനം ഉള്ളവര്‍ മാത്രമാണ്. ഇവരില്‍ ഭൂരിഭാഗവും 40 വയസില്‍ താഴെയുള്ള യുവാക്കളാണ്. ഇവരെല്ലാവരും ശമ്പളത്തില്‍ നിന്ന് മിച്ചം പിടിച്ച് വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നത് ആദായ നികുതി ഇളവ് ലഭിക്കാന്‍ വേണ്ടിയാണ്. ന്യൂ റെജിമിനെ വഴിവിട്ട് പ്രോല്‍സാഹിപ്പിക്കുമ്പോള്‍ നമ്മുടെ യുവാക്കളുടെ വ്യക്തിഗത സമ്പാദ്യമാണ് ചോര്‍ന്നുപോകുന്നത്.
ആളുകളുടെ കയ്യില്‍ കൂടുതല്‍ പണം എത്തിക്കാനാണ് ടാക്‌സ് ഇളവ് കൂടുതലുള്ള ന്യൂ റെജിം പ്രോല്‍സാഹിപ്പിക്കുന്നത് എന്നാണ് വാദം. പ്രത്യക്ഷത്തില്‍ അത് ശരിയാണ് എന്ന് തോന്നും. ഇത്തവണ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും ടാക്‌സ് സ്ലാബില്‍ മാറ്റം വരുത്തി നിരക്കുകള്‍ കുറച്ചതും ഓള്‍ഡ് റെജിമില്‍ ഇപ്പോഴും തുടരുന്നവരെ കൂടി ന്യൂ റെജിമിലേക്ക് മാറാന്‍ പ്രേരിപ്പിച്ചേക്കും. യുവാക്കളുടെ കയ്യില്‍ കൂടുതല്‍ പണം എത്തുമ്പോള്‍ അവര്‍ അത് ചിലഴവിക്കാനാണ് കൂടുതല്‍ ശ്രമിക്കുക എന്ന് വ്യക്തം. സർക്കാരും അതാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ പുതിയ വളര്‍ച്ചാ പാതയിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്ന സർക്കാർ അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റുപറയാനും പറ്റില്ല. പക്ഷേ അത് നമ്മുടെ യുവാക്കളുടെ വ്യക്തിഗത സമ്പാദ്യത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതവും പരിഗണിക്കപ്പെടേണ്ടതല്ലേ. ആ ദിശയില്‍ ഒരു നീക്കവും ഈ ബജറ്റില്‍ കാണാനില്ല.
ഇടത്തരക്കാരന്‍റെ കുടുംബ ബജറ്റ് താളം തെറ്റും
ആദായനികുതി കണക്കാക്കുന്നത് കൂടുതല്‍ ലളിതമാക്കാനാണ് ന്യൂ റെജിം പ്രോല്‍സാഹിപ്പിക്കുന്നത് എന്നാണ് മന്ത്രി പറയുന്നത്. ഡിഡക്ഷന്‍, ഇളവ് തുടങ്ങിയ സങ്കീര്‍ണതകള്‍ ഇല്ലാതെ ലളിതമായി കണക്കാക്കി അടയ്ക്കാവുന്ന രീതിയിലേക്ക് ഇന്‍കം ടാക്‌സ് നിയമം മാറ്റുകയാണ് എന്നും മന്ത്രി പറയുന്നു.
പക്ഷേ അങ്ങനെ ലളിതമാക്കുമ്പോള്‍ അത് ഇടത്തരക്കാരുടെ വരുമാനചോര്‍ച്ചയിലേക്കും സമ്പാദ്യ, നിക്ഷേപ ശീലങ്ങളുടെ ഇടിവിലേക്കും നയിക്കുന്നതാകാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ആദായ നികുതി അടയ്ക്കേണ്ടത് തന്നെയാണ്. അതിലൂടെ ഓരോ പൗരനും രാഷ്ട്ര നിര്‍മാതാവായി മാറുകയും ചെയ്യേണ്ടതാണ്. പക്ഷേ ചെറിയ ഇളവുകള്‍ കാട്ടി നല്‍കിവന്നിരുന്ന ആനുകൂല്യങ്ങള്‍ അപ്പാടെ ഇല്ലാതാക്കുന്നത് ഇടത്തരക്കാരന്‍റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും എന്നതില്‍ സംശയമില്ല.
ഈ ബജറ്റിലൂടെ ഒരു കാര്യം വ്യക്തമാണ്. ആര് ഭരിച്ചാലും വ്യക്തികളുടെ വ്യക്തിഗത സമ്പാദ്യത്തിന് സര്‍ക്കാര്‍ പ്രോല്‍സാഹനം കാര്യമായി ഉണ്ടാകില്ല. പണം ചിലവഴിക്കാനാണ് കാര്യമായ പ്രോല്‍സാഹനം ഉണ്ടാകുക. വ്യക്തികള്‍ അവരവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ സമ്പാദിക്കുകയും നിക്ഷേപിക്കുകയും ചെയ്യുക. ഇടത്തരക്കാര്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ട പ്രധാന പാഠമിതാണ്
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)