ADVERTISEMENT

സജ്ജൻ ജിൻഡാൽ നയിക്കുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് കീഴിലെ സിമന്റ് നിർമാണക്കമ്പനിയായ ജെഎസ്ഡബ്ല്യു സിമന്റും (JSW Cement) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായുള്ള പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ/IPO) ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) ജെഎസ്ഡബ്ല്യു സിമന്റ് അപേക്ഷ (ഡിആർഎച്ച്പി/DRHP) സമർപ്പിച്ചു.

ഐപിഒ വഴി 4,000 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യം. 2,000 കോടി രൂപയുടേത് പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ/Fresh Issue) 2,000 കോടി രൂപയുടേത് നിലവിലെ ഓഹരിയുടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിൽക്കുന്ന ഓഫർ-ഫോർ-സെയിലും (ഒഎഫ്എസ്/OFS) ആയിരിക്കും. നിലവിൽ ഓഹരി പങ്കാളിത്തമുള്ള എപി ഏഷ്യ ഓപ്പർച്യൂണിസ്റ്റിക് ഹോൾഡിങ്സ്, സിനർജി മെറ്റൽസ്, എസ്ബിഐ എന്നിവ ഒഎഫ്എസിൽ പങ്കെടുത്ത് ഓഹരികൾ വിൽക്കും. ഏഷ്യ ഓപ്പർച്യൂണിസ്റ്റിക്കും സിനർജിയും 937.5 കോടി രൂപയുടെയും എസ്ബിഐ 125 കോടി രൂപയുടെയും ഓഹരികളാകും വിൽക്കുക.

cement

2021 ഓഗസ്റ്റിൽ നുവോകോ വിസ്റ്റാസ് കോർപ്പറേഷൻ നടത്തിയ 5,000 കോടി രൂപയുടെ ഐപിഒയാണ്, ഇന്ത്യയിൽ സിമന്റ് മേഖലയിലെ ഏറ്റവും വലിയ ഐപിഒ. ജെഎസ്ഡബ്ല്യു സിമന്റിന്റെ ഐപിഒയിൽ 50% ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായി (ക്യുഐബി/QIB) നീക്കിവയ്ക്കും. 35 ശതമാനമാണ് ചെറുകിട ഇടപാടുകാർക്കായി മാറ്റിവയ്ക്കുക. 15% സ്ഥാപനേതര നിക്ഷേപകർക്കും ആയിരിക്കും. ഐപിഒയിലൂടെ ലഭിക്കുന്ന പണത്തിൽ നിന്ന് 800 കോടി രൂപ രാജസ്ഥാനിലെ പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്കായും 720 കോടി രൂപ കടങ്ങൾ കുറയ്ക്കാനും ബാക്കി മറ്റ് മൂലധന ആവശ്യങ്ങൾക്കായും വിനിയോഗിക്കും.

കമ്പനിയിൽ പ്രൊമോട്ടർമാരുടെ കൈവശമാണ് നിലവിൽ 78% ഓഹരികൾ. 19.43% പൊതു ഓഹരി ഉടമകളുടെയും ബാക്കി 2.57% എംപ്ലോയീ ട്രസ്റ്റിന്റെയും കൈവശമാണ്. ഐപിഒയ്ക്ക് മുന്നോടിയായി പ്രിഫറൻഷ്യൽ ഓഫറിലൂടെ (തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപസ്ഥാപനങ്ങൾക്ക് ഓഹരി വിൽക്കുന്ന നടപടി) 400 കോടി രൂപ ജെഎസ്ഡബ്ല്യു സിമന്റ് സമാഹരിച്ചേക്കും. അങ്ങനെയെങ്കിൽ, ഐപിഒയിൽ പുതു ഓഹരികളുടെ വിഹിതം കുറയ്ക്കും.

IPO

2023-24 സാമ്പത്തിക വർഷം 62 കോടി രൂപയുടെ ലാഭം നേടിയ കമ്പനിയാണ് ജെഎസ്ഡബ്ല്യു സിമന്റ്. 2022-23ൽ ലാഭം 104 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം പലിശ, നികുതി തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ/EBITDA) 36.9% ഉയർന്നത് നേട്ടമാണ്. ലാഭമാർജിൻ 3.80 ശതമാനവും ഉയർന്നിരുന്നു. അൾട്രാടെക് സിമന്റ്, അംബുജ സിമന്റ്സ്, ശ്രീ സിമന്റ്, ഡാൽമിയ സിമന്റ്, ജെകെ സിമന്റ് എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ.

English Summary:

JSW Cement, the cement arm of JSW Group, is set to launch an IPO aiming to raise ₹4,000 crore. The IPO will consist of fresh issuance and an offer for sale by existing investors. The company plans to utilize the funds for capacity expansion, debt reduction, and other capital expenditures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com