മ്യൂച്വല്‍ ഫണ്ടുകള്‍ കബളിപ്പിക്കുന്നുണ്ടോ? പരിഹാരമുണ്ട്, എങ്ങനെയെന്നറിയാം
Mail This Article
മലയാളികളുടെ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകുകയാണ്. ഇതില്‍ നിക്ഷേപമില്ലാത്ത യുവാക്കളില്ല. എന്നാല്‍ നിങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളുടെ സേവനത്തിലും പ്രകടനത്തിലും ഡിവിഡന്റ് നല്‍കുന്ന കാര്യത്തിലും തൃപ്തരാണോ. മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ വാഗ്ദാനം ചെയ്യുന്ന സേവനം നല്‍കാതെ കബളിപ്പിക്കുന്നുണ്ടോ? അപ്‌ഡേറ്റുകള്‍ കൃത്യമായി നല്‍കാതിരിക്കുന്നുണ്ടോ? വിറ്റഴിച്ചാല്‍ പണം അക്കൗണ്ടില്‍ വരുന്നതിന് കാലതാമസമുണ്ടോ? ഇത്തരം പരാതികള്‍ ഉണ്ടെങ്കില്‍ മടിക്കേണ്ട ധൈര്യമായി പരാതി നല്‍കാം. നിങ്ങളുടെ പരാതി ഏതുതന്നെ ആയാലും അത് പരിഹരിച്ച് നല്‍കാന്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ബാധ്യസ്ഥരാണ്. അതിന് അവര്‍ വിസമ്മതിച്ചാല്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ പരാതി നല്‍കാം. നിങ്ങളുടെ പരാതി സെബി പരിഹരിച്ച് നല്‍കും എന്നുമാത്രമല്ല വീഴ്ച വരുത്തിയ കമ്പനിക്കെതിരെ കര്‍ശന നടപടി എടുക്കുകയും പിഴ ചുമത്തുകയും ചെയ്യും. പരാതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
സ്റ്റെപ് 1
ഏത് മ്യൂച്വല്‍ ഫണ്ട് ഹൗസിനെക്കുറിച്ചാണോ പരാതി ആ മ്യൂച്വല്‍ ഫണ്ട് കമ്പനിക്കാണ് ആദ്യം പരാതി നല്‍കേണ്ടത്. ഇതിനായി എല്ലാ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്കും കസ്റ്റമര്‍ കെയര്‍ സൗകര്യം ഉണ്ട്. ഫോണിലോ ഇ മെയില്‍ വഴിയോ തപാലിലോ പരാതി നല്‍കാം. ഓരോ മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെയും വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങളും ടോള്‍ ഫ്രീ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ടാകും. മിക്ക പരാതികളും ഇവിടം കൊണ്ടുതന്നെ പരിഹരിക്കാറാണ് പതിവ്. എന്നിട്ടും പരിഹാരമായില്ലെങ്കില്‍ സെബിക്ക് പരാതി നല്‍കാം.
സ്റ്റെപ് 2
സെബിയില്‍ പരാതി പരിഹരിക്കാനുള്ള സംവിധാനത്തിന്റെ പേര് SCORES എന്നാണ്. സെബി കംപ്ലെയിന്റ് റിഡ്രസ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് ഇത്. സ്‌കോര്‍സ് വഴി പരാതിപ്പെട്ടാല്‍ 30 ദിവസത്തിനകം പരിഹാരമുണ്ടാകും. സ്‌കോര്‍സ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ്.
പരാതി നല്‍കാന്‍ ആദ്യം സ്‌കോര്‍സില്‍ റജിസ്റ്റര്‍ ചെയ്യണം. ( ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം. https://scores.sebi.gov.in) അതിനുശേഷം പരമാവധി വിശദാംശങ്ങള്‍ നല്‍കി പരാതി ഓണ്‍ലൈനായി നല്‍കാം. അപ്പോൾ റജിസ്ട്രേഷൻ നമ്പര്‍ ലഭിക്കും. ഇതുപയോഗിച്ച് ഓണ്‍ലൈനായി തന്നെ പരാതി ട്രാക്ക് ചെയ്യാം. റജിസ്റ്റര്‍ ചെയ്തു പരാതി നല്‍കാന്‍ അരംഭിച്ചാല്‍ ഏതു മ്യൂച്വല്‍ ഫണ്ട് കമ്പനിയെക്കുറിച്ചാണ് പരാതി എന്നത് സിലക്ട് ചെയ്യാം. അതിനുശേഷം പരാതിയുടെ സ്വഭാവം സിലക്ട് ചെയ്യാം. നിങ്ങളുടെ പരാതി ഈ ഗണത്തില്‍ പെടുന്നതല്ല എങ്കില്‍ അദേഴ്‌സ് എന്ന ഓപ്ഷന്‍ തിരഞ്ഞൈടുത്ത് അതില്‍ നിങ്ങളുടെ പരാതി ടൈപ്പ് ചെയ്ത് ചേര്‍ക്കാം. 1000 വാക്കുകള്‍ ആണ് പരമാവധി പരാതിയുടെ വലിപ്പം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത് പോര എങ്കില്‍ ഡോക്യുമെന്റായി അറ്റാച്ച് ചെയ്യാം. പരമാവധി രേഖകള്‍ പരാതിയോടൊപ്പം നല്‍കുന്നത് അഭികാമ്യമാണ്. പരാതിയുടെ ഒരു കോപ്പി രേഖകള്‍ സഹിതം സെബി ഫണ്ട് ഹൗസിന് അയച്ചുകൊടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സെബി ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. 1800 266 7575 / 1800 22 7575. മലയാളം ഒഴികെ ഏതാണ്ട് മറ്റെല്ലാ പ്രധാന ഭാഷകളിലും സേവനം ലഭിക്കും. അവധിദിനങ്ങളൊഴികെ രാവിലെ 9 മുതല്‍ വൈകിട്ട് 6 മണിവരെ വിളിക്കാം.
(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഇ മെയ്ല്‍ nv190nv@gmail.com)