സമയം കളയാൻ ഗുൽബാദിൻ നായിബിന്റെ ‘അഭിനയം’; ശിക്ഷ വേണമെന്ന് ആവശ്യം, എതിർത്ത് അശ്വിൻ
Mail This Article
ചെന്നൈ∙ ബംഗ്ലദേശിനെതിരെ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ സമയം പാഴാക്കാൻ പരുക്ക് അഭിനയിച്ച് നിലത്തുവീണ അഫ്ഗാനിസ്ഥാൻ താരം ഗുൽബാദിൻ നായിബിനെതിരെ ശിക്ഷാനടപടി വേണമെന്ന ആവശ്യത്തെ തുറന്നെതിർത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. കന്നി ട്വന്റി20 ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ഒരു കൊച്ചുരാജ്യത്തെ സംബന്ധിച്ച്, ആ ലക്ഷ്യം നേടിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രം നായിബിന്റെ അഭിനയത്തെ കണ്ടാൽ മതിയെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അശ്വിൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘‘മത്സരത്തിനിടെ ഗുൽബാദിൻ നായിബ് പരുക്കുമായി വീണു. അദ്ദേഹത്തിന്റേത് ശിക്ഷ അർഹിക്കുന്ന കുറ്റമാണെന്ന് എല്ലാവരും പറയുന്നു. പക്ഷേ, അത് എന്തൊരു നിലപാടാണ്? തന്റെ രാജ്യത്തിനു വേണ്ടി കളിക്കുന്ന താരമാണ് അയാൾ. ലോകകപ്പ് എന്ന സ്വപ്നമാണ് മുന്നിലുള്ളത്’’ – അശ്വിൻ ചൂണ്ടിക്കാട്ടി.
ഈ ട്വന്റി20 ലോകകപ്പിൽ അഫ്ഗാൻ താരങ്ങൾ പ്രകടിപ്പിക്കുന്ന അർപ്പണ മനോഭാവത്തെയും ഐക്യത്തെയും അശ്വിൻ വാനോളം പുകഴ്ത്തി. റാഷിദ് ഖാന്റെ കീഴിൽ ടീം കളത്തിൽ പുറത്തെടുക്കുന്ന ഊർജസ്വലതയും അഭിനന്ദനീയമാണെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു.
‘‘അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു നൈമിഷികമായ കാര്യം മാത്രമല്ല. വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു രാജ്യമാണത്. സ്വന്തം സഹോദരങ്ങൾക്കു വേണ്ടിയാണ് അവർ കളത്തിലിറങ്ങുന്നത്. അതിനെ നമുക്കു പല രീതിയിൽ വിശേഷിപ്പിക്കാം. ഇന്ത്യയുടെ കാര്യവും അങ്ങനെ തന്നയല്ലേ? ക്രിക്കറ്റ് യാത്രയുടെ ഈ ഘട്ടത്തിൽ, നമ്മൾ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് അഫ്ഗാനിസ്ഥാന്റെ കുതിപ്പ്’’ – അശ്വിൻ പറഞ്ഞു.
മത്സരം മന്ദഗതിയിലാക്കാൻ ഗുൽബാദിൻ നായിബ് പുറത്തെടുത്ത തന്ത്രം ചില കോണുകളിൽനിന്ന് വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ബംഗ്ലദേശ് ഇന്നിങ്സിന്റെ 12–ാം ഓവറിലായിരുന്നു നായിബിന്റെ അഭിനയം. ഡക്ക്‌വർത്ത്– ലൂയിസ് നിയമപ്രകാരം അഫ്ഗാനിസ്ഥാൻ അപ്പോൾ 2 റൺസിനു മുന്നിലായിരുന്നു. ഇതു കണക്കു കൂട്ടി കളി വൈകിപ്പിക്കാൻ ഡഗ്ഔട്ടിലുണ്ടായിരുന്ന അഫ്ഗാൻ കോച്ച് ജൊനാഥൻ ട്രോട്ട് നിർദേശം നൽകി. മഴ വന്നാൽ അപ്പോഴത്തെ സ്കോറിന് അഫ്ഗാനിസ്ഥാൻ ജയിക്കും എന്നതു കൊണ്ടായിരുന്നു ഇത്.
എന്നാൽ കോച്ചിന്റെ നിർദേശം സ്വീകരിക്കാൻ നായിബ് സ്വീകരിച്ചത് അതിബുദ്ധി. നിലത്തു വീണു പിടഞ്ഞ നായിബിന്റെ അഭിനയം കണ്ട് അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ വരെ നീരസം കാണിച്ചു. മത്സരം അഫ്ഗാൻ ജയിച്ചതിനു പിന്നാലെ നായിബിനെ വിമർശിച്ച് പലരും രംഗത്തെത്തി. ‘നായിബിന് ചുവപ്പു കാർഡ്’ എന്ന് തമാശരൂപേണ അശ്വിനും എക്സിൽ കുറിച്ചിരുന്നു.