ADVERTISEMENT

മാലെ∙ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മാലദ്വീപിലേക്ക് ക്ഷണം. ടീമിന്റെ വിജയാഘോഷത്തിന് ആതിഥ്യമരുളാൻ താൽപര്യമറിയിച്ച് മാലദ്വീപ് ടൂറിസം അസോസിയേഷനും മാർക്കറ്റിങ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപറേഷനും രംഗത്തെത്തി. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സാംസ്കാരികവും കായികവുമായ സുദീർഘ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഈ ക്ഷണമെന്ന് ഇവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് മാലദ്വീപ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ പലരും അവധിയാഘോഷത്തിനായി മാലദ്വീപ് തിരഞ്ഞെടുക്കാറുമുണ്ട്.

ഈ സാഹചര്യത്തിലാണ് അവധി ആഘോഷത്തിനായി ഇന്ത്യൻ ടീമിനെ ക്ഷണിക്കാൻ മാലദ്വീപ് അധികൃതർ തീരുമാനിച്ചത്. എന്നാൽ, ക്ഷണത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോകകപ്പ് ടീമിലെ പ്രമുഖ താരങ്ങൾ ആരുമില്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ സിംബാബ്‌വെ പര്യടനത്തിലാണ്. അഞ്ച് ട്വന്റി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളാണ് ഇതിനകം പൂർത്തിയായത്. ലോകകപ്പ് കളിച്ച 15 അംഗ ടീമിൽ അംഗങ്ങളായിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ മാത്രമാണ് സിംബാബ്‍വെ പര്യടനത്തിനുള്ളത്.

ഇതിനു ശേഷം ലോകകപ്പ് താരങ്ങൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ ടീം ശ്രീലങ്കൻ പര്യടനത്തിനായി പുറപ്പെടും. ജൂലൈ 27നാണ് ശ്രീലങ്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം.

അതേസമയം, ഈ പരമ്പരയിൽ സീനിയർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർ കളിച്ചേക്കില്ലെന്നാണ് വിവരം. രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയോ കെ.എൽ. രാഹുലോ ആയിരിക്കും ടീമിന്റെ നായകൻ.

English Summary:

Indian Cricket Team Invited To Celebrate T20 World Cup Win In Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com