ADVERTISEMENT

മുംബൈ∙ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളുടെ യോഗത്തിൽ പഞ്ചാബ് ടീം ഉടമയുമായി തർക്കിച്ച് ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ഉടമയായ ഷാറുഖ് പഞ്ചാബ് കിങ്സിന്റെ നെസ് വാഡിയയോടാണു യോഗത്തിനിടെ തർക്കിച്ചത്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തുവച്ചായിരുന്നു പുതിയ സീസണിനു മുന്നോടിയായുള്ള ഐപിഎൽ ടീം ഉടമകളുടെ യോഗം. മെഗാ താരലേലത്തിനു മുന്നോടിയായി നിലനിർത്താൻ അനുവദിച്ചിരിക്കുന്ന താരങ്ങളുടെ എണ്ണത്തിൽ‌ രണ്ടു ടീമുകളും തൃപ്തരല്ല.

2025 ഐപിഎൽ സീസണിനു മുന്‍പ് മെഗാലേലം നടത്തുന്നതിനോട് ഷാറുഖ് ഖാനു താൽപര്യമില്ല. എന്നാൽ ടീമുകളെ പൂർണമായി പൊളിച്ചുപണിയാനായി മെഗാലേലം തന്നെ വേണമെന്നായിരുന്നു പഞ്ചാബ് ഉടമയുടെ നിലപാട്. ഇതേച്ചൊല്ലിയായിരുന്നു ടീം ഉടമകൾ തമ്മിലുള്ള തർക്കം നടന്നത്. ‍ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ‌ ജയന്റ്സ്, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് ടീമുകളുടെ ഉടമകൾ യോഗത്തിൽ പങ്കെടുക്കാനായി മുംബൈയിലെത്തിയിരുന്നു. മുംബൈ ഇന്ത്യൻസ് ഉടമകൾ വിഡിയോ കോൺഫറൻസിലൂടെയാണ് യോഗത്തിൽ പങ്കെടുത്തത്.

2025 സീസണിനു മുൻപു നടക്കുന്ന മെഗാലേലത്തെക്കുറിച്ചു വൻ ചർച്ചകളാണു യോഗത്തിൽ ഉയര്‍ന്നുവന്നത്. വിദേശതാരങ്ങളെ ലേലത്തിൽ വാങ്ങിയ ശേഷം സീസണിനു തൊട്ടുമുൻപ് അവർ ടൂർണമെന്റിൽനിന്നു പിൻവാങ്ങുന്ന രീതി പ്രശ്നമാണെന്നും ഇങ്ങനെയുള്ള താരങ്ങളെ ബിസിസിഐ നിയന്ത്രിക്കണമെന്നും ടീം ഉടമകൾ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഐപിഎല്ലിൽനിന്നു പിൻവാങ്ങുന്ന വിദേശ താരങ്ങളെ ബിസിസിഐ വിലക്കണമെന്ന് സൺറൈസേഴ്സിന്റെ കാവ്യ മാരൻ അഭിപ്രായപ്പെട്ടു.

English Summary:

Shah Rukh Khan In Heated Chat With Punjab Kings Owner In IPL Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com