ADVERTISEMENT

മുംബൈ∙ 38–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കുകയാണെന്നു പ്രഖ്യാപിച്ച ശിഖർ‌ ധവാൻ ഐപിഎല്ലിൽ തുടർന്നും കളിക്കുമോ, ആരാധകരുടെ ചോദ്യം ഇതാണ്. പരുക്കേറ്റതിനെ തുടർ‌ന്ന് കഴിഞ്ഞ സീസണിൽ ഭൂരിഭാഗം ഐപിഎൽ മത്സരങ്ങളും ധവാനു നഷ്ടമായിരുന്നു. പഞ്ചാബ് കിങ്സ് ക്യാപ്റ്റനായിരുന്ന ധവാൻ, അഞ്ചു മത്സരങ്ങള്‍ മാത്രമാണു കഴിഞ്ഞ സീസണിൽ കളിച്ചത്. ധവാന്റെ അഭാവം സീസണിൽ പഞ്ചാബ് കിങ്സിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. ഐപിഎല്ലിന്റെ പുതിയ സീസണിൽ ധവാനെ പഞ്ചാബ് നിലനിർത്തിയേക്കില്ലെന്നാണു വിവരം. ധവാനു നന്ദി അറിയിച്ചുള്ള പോസ്റ്റും പഞ്ചാബ് പങ്കിവച്ചിട്ടുണ്ട്. ഐപിഎല്‍ കളിക്കുന്ന കാര്യത്തിൽ ധവാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2022 ഡിസംബറിൽ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ ഇന്ത്യയ്ക്കായി ഒടുവിൽ കളിക്കാനിറങ്ങിയത്. ഇന്ത്യയ്ക്കായി 269 മത്സരങ്ങളിൽ ഇറങ്ങിയ ധവാൻ 10,867 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 24 സെഞ്ചറികളും 44 അർധ സെഞ്ചറികളും താരം ഇന്ത്യൻ ജഴ്സിയിൽ അടിച്ചെടുത്തു. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യ പുതിയ ഓപ്പണിങ് കൂട്ടുകെട്ടുകൾ തേടിപോയതോടെയാണ് ധവാന് അവസരങ്ങൾ കുറഞ്ഞത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ശുഭ്മൻ ഗില്ലും ഇഷാൻ കിഷാനും യുവതാരം യശസ്വി ജയ്സ്വാളും വരെ ഇന്ത്യൻ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇതോടെ ധവാന്റെ വഴിയടഞ്ഞു.

ശിഖർ ധവാൻ. Photo: FB@ShikharDhawan
ശിഖർ ധവാൻ. Photo: FB@ShikharDhawan

ഇനി വിശ്രമിക്കാനുള്ള സമയമാണെന്നു ധവാനും അംഗീകരിച്ചു കഴിഞ്ഞു. ‘‘ഇതെനിക്കു ബുദ്ധിമുട്ടേറിയ തീരുമാനമല്ല. ഞാൻ വൈകാരികമായല്ല സംസാരിക്കുന്നത്. എന്റെ ജീവിതത്തിന്റെ കൂടുതൽ സമയവും ഞാൻ‌ ക്രിക്കറ്റ് കളിക്കുന്നതിനു വേണ്ടിയാണ് ചെലവാക്കിയത്. ഇനി വിശ്രമിക്കാനുള്ള സമയമാണ്.’’– ധവാൻ പ്രതികരിച്ചു. 2004 അണ്ടർ 19 ലോകകപ്പിൽ കളിച്ചുകൊണ്ടാണ് ധവാന്‍ രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിക്കുന്നത്. ലോകകപ്പിൽ മൂന്നു സെഞ്ചറികൾ സ്കോർ ചെയ്ത ധവാൻ 505 റൺസ് അടിച്ചെടുത്തു. പക്ഷേ സീനിയർ ടീമിൽ അരങ്ങേറാൻ താരത്തിനു 2010 വരെ കാത്തിരിക്കേണ്ടിവന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തില്‍ രണ്ടു പന്തുകൾ നേരിട്ട താരം റൺസൊന്നുമെടുക്കാതെ പുറത്തായി. ഒരു വർഷത്തിനു ശേഷം വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നാലു മത്സരങ്ങള്‍ ധവാൻ കളിച്ചു. 51 റൺസായിരുന്നു ഈ മത്സരങ്ങളിൽ താരത്തിന്റെ ഉയർന്ന സ്കോർ.

വിക്ടറി മാർച്ച്: ഓവലിൽ ചൊവ്വാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ വിജയിച്ച ശേഷം മടങ്ങുന്ന ശിഖർ ധവാനും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും.
ശിഖർ ധവാനും രോഹിത് ശർമയും

2013ലെ ബോർഡർ–ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് കളിച്ച ധവാൻ 85 പന്തുകളിൽ സെഞ്ചറി തികച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന താരത്തിന്റെ വേഗതയേറിയ സെഞ്ചറിയെന്ന റെക്കോർഡും ഇതോടെ ധവാന്റെ പേരിലായി. ധവാന് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്സും അതുതന്നെ. വ്യക്തിപരമായ റെക്കോർഡിനെക്കുറിച്ച് അന്ന് തനിക്ക് അറിയുകപോലും ഇല്ലായിരുന്നെന്നു ധവാൻ പ്രതികരിച്ചിട്ടുണ്ട്.

ടെസ്റ്റിൽ ചുവടുറപ്പിച്ച ധവാന് വൈകാതെ ഏകദിന ക്രിക്കറ്റിലേക്കു മടങ്ങിയെത്താനും സാധിച്ചു. 2013 ചാംപ്യൻസ് ട്രോഫിയിൽ രോഹിത് ശർമയെയും ശിഖര്‍ ധവാനെയും ഓപ്പണിങ് സഖ്യമായി ഇറക്കിയത് എം.എസ്. ധോണിയുടെ പരീക്ഷണമായിരുന്നു. ഇത് ക്ലിക്കായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും വെസ്റ്റിൻഡീസിനെതിരെയും ധവാൻ സെഞ്ചറികൾ നേടി. പിന്നീടു നടന്നതു ചരിത്രം. ഇന്ത്യ ചാംപ്യൻസ് ട്രോഫി നേടിയപ്പോൾ 363 റൺസുമായി ധവാൻ ടൂർണമെന്റിലെ താരമായി.

ശിഖർ ധവാൻ. Photo: MoneySHARMA/AFP
ശിഖർ ധവാൻ. Photo: MoneySHARMA/AFP

ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററായി ധവാൻ മാറുന്നതായിരുന്നു പിന്നീടത്തെ കാഴ്ച. 2015ലെ ലോകകപ്പിൽ എട്ടു മത്സരങ്ങളിൽനിന്ന് 412 റൺസ് നേടി ധവാൻ ഇന്ത്യയുടെ ടോപ് സ്കോററായി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 137 റൺസ് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സായി വിലയിരുത്തപ്പെടുന്നു. 2017ലെ ചാംപ്യൻസ് ട്രോഫിയിൽ ധവാൻ നേടിയത് 338 റൺസ്. സച്ചിൻ തെൻഡുൽക്കർ– സൗരവ് ഗാംഗുലി സഖ്യത്തിനു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടായി വളരാൻ ധവാനും രോഹിത് ശർമയ്ക്കും സാധിച്ചു. 2019 ലോകകപ്പിലും ഇതേ ഫോം തുടർന്ന ധവാന് പരുക്കാണു വില്ലനായത്. വിരലിനു പരുക്കേറ്റു പുറത്തായ താരത്തിനു പിന്നീട് ഐസിസി ടൂര്‍ണമെന്റുകളിൽ അവസരം ലഭിച്ചില്ല.

2021 ജൂലൈയിലാണ് ട്വന്റി20 യിൽ താരം അവസാന മത്സരം കളിച്ചത്. അവസാന ഇന്നിങ്സുകളിൽ 52,52,46, 40 എന്നിങ്ങനെ മികച്ച ചില സ്കോറുകൾ ധവാൻ നേടിയെങ്കിലും ഇന്ത്യൻ സിലക്ടർമാർ താരത്തിനു വീണ്ടുമൊരു അവസരം നൽകിയില്ല. 2020, 2021 ഐപിഎല്ലുകളിൽ 618, 587 റൺസുകൾ താരം സ്കോർ ചെയ്തിട്ടും ട്വന്റി20 ടീമിൽ സ്ഥിരം സ്ഥാനത്തേക്കു ധവാനെ പരിഗണിച്ചില്ല. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കാതിരുന്നപ്പോള്‍ ധവാൻ തന്റെ നിരാശ പരസ്യമാക്കി. ബിസിസിഐ തീരുമാനത്തില്‍ ഞെട്ടലുണ്ടെന്നു പ്രതികരിച്ച താരം, ഇനി അധികകാലം ക്രിക്കറ്റിലുണ്ടാകില്ലെന്ന സൂചനയും നൽകിയിരുന്നു.

English Summary:

Shikhar Dhawan retires from international and domestic cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com