ക്യാപ്റ്റനാകാൻ സൂര്യകുമാർ മുംബൈ വിടുമോ? ശ്രേയസിന്റെ സ്ഥാനം പോകുമോ? വാസ്തവം ഇതാണ്
Mail This Article
മുംബൈ∙ മുംബൈ ഇന്ത്യൻസ് സൂപ്പർ താരം സൂര്യകുമാർ യാദവ് ഐപിഎല്ലിന്റെ അടുത്ത സീസണിൽ ടീം വിട്ടേക്കുമെന്ന് വ്യാപകമായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ടീം വിട്ടാൽ സൂര്യകുമാര്‍ യാദവ് മുൻ ക്ലബ്ബായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേരുമെന്നാണു സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. മുംബൈ ഇന്ത്യൻസ് വിടാൻ തയാറായാൽ സൂര്യകുമാറിന് കൊൽക്കത്ത ക്യാപ്റ്റൻ സ്ഥാനവും ഓഫർ ചെയ്തിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
എന്നാൽ വര്‍ഷങ്ങൾക്കു ശേഷം കൊൽക്കത്തയെ കിരീടത്തിലെത്തിച്ച ശ്രേയസ് അയ്യരെ ടീം ഉടനെയൊന്നും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യതയില്ലെന്നതാണു സത്യം. ഇനി ശ്രേയസ് അയ്യരെ മാറ്റി പുതിയൊരു ക്യാപ്റ്റനെ പരീക്ഷിക്കാന്‍ കൊൽക്കത്ത മാനേജ്മെന്റ് തയാറായാലും താരലേലത്തിനു മുൻപ് സൂര്യകുമാർ യാദവിനെ ടീമിലെത്തിക്കാൻ സാധിക്കില്ല. മെഗാലേലത്തിനു മുൻപ് ഐപിഎല്ലിൽ ട്രേഡിങ് വിൻഡോ ഇല്ലെന്നതാണു സത്യം. സൂര്യയ്ക്കു കൊൽക്കത്തയിൽ കളിക്കണമെങ്കിൽ മുംബൈ വിട്ട് താരലേലത്തിൽ പങ്കെടുക്കേണ്ടിവരും.
ലേലത്തിൽ പങ്കെടുത്താൽ തന്നെ താരമൂല്യമുള്ള സൂര്യയ്ക്കായി ടീമുകളെല്ലാം കോടികൾ വാരിയെറിയുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ സൂര്യ കൊൽക്കത്തയിൽ തന്നെ എത്തുമെന്നു യാതൊരു ഉറപ്പുമില്ല. പുതിയൊരു ക്യാപ്റ്റനെ ലേലത്തിൽ പിടിക്കാൻ കിരീടം നേടി നിൽക്കുന്ന നിലവിലെ ക്യാപ്റ്റനെ കൈവിടുകയെന്ന സാഹസം കെകെആർ ചെയ്യില്ല. 2026 സീസണിനു മുൻപായിരിക്കും ഇനി ഐപിഎല്ലിൽ ട്രേഡിങ് വിൻഡോ ഉണ്ടാകുക. അപ്പോൾ മാത്രമാകും സൂര്യയ്ക്കു കൊൽക്കത്തിയിലേക്കു മടങ്ങാൻ എളുപ്പത്തിലുള്ള അവസരം ലഭിക്കുക.
നിലവിൽ ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാണ് സൂര്യകുമാർ യാദവ്. അടുത്ത സീസണിൽ ഹാർദിക് പാണ്ഡ്യതന്നെ മുംബൈ ഇന്ത്യൻസിനെ നയിക്കുമോയെന്നു ടീം മാനേജ്മെന്റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാണ്ഡ്യയ്ക്കു കീഴിൽ കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനക്കാരായിരുന്നു. പുതിയ ക്യാപ്റ്റനെ പരീക്ഷിച്ചാൽ സൂര്യകുമാർ യാദവിനു തന്നെയാണ് മുംബൈയില്‍ സാധ്യത.