ഐപിഎൽ ടീം ഉടമകൾ ബിസിനസുകാർ; കണക്കുകൾ നോക്കി മികച്ച താരങ്ങളെ കൊണ്ടുവന്നാലും എന്നും ജയിക്കില്ല: തുറന്നടിച്ച് രാഹുൽ
Mail This Article
മുംബൈ∙ കണക്കുകൾ പരിശോധിച്ച് ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തി അവരെ ലേലത്തിലൂടെ സ്വന്തമാക്കി ടീം രൂപീകരിച്ചാലും, എല്ലാ കളിയും ജയിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ഐപിഎൽ ടീമുകളുടെ ഉടമകൾ ബിസിനസ് മേഖലയിൽ നിന്നു വരുന്നവരാണ്. അവർ ഓരോ താരലേലത്തിനു മുൻപും കളിക്കാരുടെ പ്രകടനങ്ങൾ കണക്കുകളും ഡേറ്റയും വച്ച് പരിശോധിക്കും. ഏറ്റവും മികച്ചവരെ കണ്ടെത്തി ടീമിലെത്തിക്കും. ഇങ്ങനെ ചെയ്താലും, കായിക മേഖലയിൽ ഒരിക്കലും വിജയം ഉറപ്പിക്കാനാകില്ലെന്ന് നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി.
‘‘ഐപിഎൽ ടീമുടമകളെല്ലാം തന്നെ ബിസിനസ് മേഖലയിൽ നിന്നു വരുന്നവരാണ്. അവർ മികച്ചൊരു ടീമിന്റെ സഹായത്തോടെ വിശദമായ പഠനമൊക്കെ നടത്തിയാണ് താരലേലത്തിൽ ആവശ്യമുള്ളവരെ വിളിച്ചെടുക്കുന്നത്. കണക്കുകളിലെ പ്രകടനം ആധാരമാക്കിയാണ് വിളിച്ചെടുക്കേണ്ട താരങ്ങളെ തിരഞ്ഞെടുക്കുന്നതെങ്കിലും, അതുകൊണ്ടു മാത്രം ആ ടീം എല്ലാ മത്സരങ്ങളും ജയിക്കണമെന്ന് നിർബന്ധമില്ല.
‘‘കണക്കുകൾ വിലയിരുത്തി നോക്കിയാൽ ഏറ്റവും മികച്ച താരത്തെ കണ്ടെത്താൻ നിങ്ങൾക്കു സാധിച്ചേക്കാം. പക്ഷേ, ആ വർഷം ആ താരത്തിന്റെ ഏറ്റവും മോശം വർഷമാണെങ്കിലോ? കായിക മേഖലയിൽ എത്ര മികച്ച താരമാണെങ്കിലും മോശം നാളുകളുണ്ടാകും. അവിടെ വിജയം ഉറപ്പു നൽകുന്ന യാതൊരുന്നുമില്ല എന്നതാണ് വാസ്തവം. നിങ്ങളെ സ്ഥിരം വിജയിപ്പിക്കുന്ന ഒരു വിജയ ഫോർമുലയും കായിക മേഖലയിലില്ല’ – രാഹുൽ പറഞ്ഞു.
അതിനിടെ, നിലവിൽ ലക്നൗ സൂപ്പർ ജയന്റ്സ് താരമായ രാഹുൽ കൊൽക്കത്തയിലെത്തി ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായി കൂടിക്കാഴ്ച നടത്തിയത് വ്യാപകമായ അഭ്യൂഹങ്ങൾക്ക് കാരണമായി. ഈ സീസണിൽ രാഹുൽ ലക്നൗ വിട്ടേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ്, ടീം ഉടമയുമായി താരം കൂടിക്കാഴ്ച നടത്തിയത്. അടുത്ത സീസണിൽ രാഹുലിനെ നിലനിർത്തുന്ന കാര്യവും, ടീമിലെത്തിക്കേണ്ട താരങ്ങളുടെ കാര്യവുമാണ് ചർച്ച ചെയ്തതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സീസണിൽ ലക്നൗവിന്റെ ഓപ്പണറും ക്യാപ്റ്റനുമായിരുന്ന രാഹുലിന്റെ ബാറ്റിങ് ശൈലി കടുത്ത വിമർശനത്തിനു വഴിവച്ചിരുന്നു. 14 മത്സരങ്ങളിൽനിന്ന് 520 റൺസ് നേടിയെങ്കിലും, രാഹുലിന് ടീമിനെ പ്ലേഓഫിലേക്കു നയിക്കാനായിരുന്നില്ല. മറ്റു താരങ്ങളേക്കാൾ കുറഞ്ഞ സ്ട്രൈക്ക് റേറ്റ്, രാഹുൽ ഓറഞ്ച് ക്യാപ്പിനു വേണ്ടിയാണ് കളിക്കുന്ന തരത്തിലുള്ള വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.