രോഹിത് ശർമയ്ക്കു വേണ്ടി ലക്നൗ 50 കോടി മുടക്കുമോ? പ്രതികരിച്ച് സഞ്ജീവ് ഗോയങ്ക
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയെ ടീമിലെത്തിക്കാൻ ലക്നൗ സൂപ്പർ ജയന്റ്സ് 50 കോടി രൂപ മുടക്കാൻ തയാറെടുക്കുകയാണെന്ന അഭ്യൂഹങ്ങളെ തള്ളി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഇന്ത്യൻ ക്യാപ്റ്റനു വേണ്ടി അത്രയും തുക മുടക്കാനൊന്നും സാധിക്കില്ലെന്ന് സഞ്ജീവ് ഗോയങ്ക ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനം നഷ്ടമായ രോഹിത് ശർമ അടുത്ത സീസണിൽ മുംബൈ ഇന്ത്യന്‍സിൽ കളിക്കുമോയെന്നു വ്യക്തമല്ല.
‘‘രോഹിത് ശർമ ലേലത്തിൽ പങ്കെടുക്കുമോയെന്ന കാര്യം പോലും അറിയില്ല. ഒരു കാരണവുമില്ലാതെ പ്രചരിക്കുന്ന ചില അഭ്യൂഹങ്ങൾ മാത്രമാണിത്. മുംബൈ ഇന്ത്യൻസ് രോഹിതിനെ നിലനിർത്തിയില്ലെങ്കിൽ അദ്ദേഹം ലേലത്തിൽ വരുന്നു എന്നു വിചാരിക്കുക. അപ്പോഴും ഒരു താരത്തിനു വേണ്ടി നിങ്ങളുടെ സാലറി ക്യാപ്പിലെ 50 ശതമാനം തുകയും എങ്ങനെ ചെലവഴിക്കാൻ സാധിക്കും? അപ്പോൾ മറ്റ് 22 താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും?’’– സഞ്ജീവ് ഗോയങ്ക പ്രതികരിച്ചു.
‘‘എല്ലാവർക്കും ചില താരങ്ങളെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടാകും. ഏറ്റവും മികച്ച താരത്തെയും ക്യാപ്റ്റനെയും സ്വന്തമാക്കാനാണ് ആഗ്രഹം. ഏതാണ് ലഭ്യമായത് എന്നതിന് അനുസരിച്ചാണു സാധ്യതകൾ നിലനിൽക്കുന്നത്. എനിക്ക് എന്തും ആഗ്രഹിക്കാം. പക്ഷേ എല്ലാ ടീമുകൾക്കും ഇതൊക്കെ തന്നെയായിരിക്കും താൽപര്യം. എല്ലാവരെയും നമുക്ക് കിട്ടണമെന്നില്ല.’’– ചോദ്യത്തിനു മറുപടിയായി സഞ്ജീവ് ഗോയങ്ക പ്രതികരിച്ചു.
കഴിഞ്ഞ സീസണില്‍ രോഹിത് ശർമയെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയ മാനേജ്മെന്റ് ഹാർദിക് പാണ്ഡ്യയ്ക്കു ചുമതല നൽകിയിരുന്നു. പാണ്ഡ്യയ്ക്കു കീഴിലാണ് രോഹിത് ശർമ ഐപിഎല്ലില്‍ കളിച്ചത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് മുംബൈ സീസൺ അവസാനിപ്പിച്ചത്. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ മുംബൈ താരങ്ങൾ തൃപ്തരല്ലെന്നും റിപ്പോർട്ടുകളുണ്ട്.