കോലി 5 വർഷത്തിനിടെ കളിച്ചത് 61 % മത്സരം, രോഹിത് 59 %, ബുമ്ര 34 %; ഇവർക്കെന്തിന് ഇനിയും വിശ്രമം?: വിമർശിച്ച് മുൻ താരം
Mail This Article
മുംബൈ∙ ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് സീസണിനു തുടക്കം കുറിക്കുന്ന ദുലീപ് ട്രോഫിയിൽനിന്ന് മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. വിശ്രമത്തിനെന്ന പേരിൽ ഇവരെ ദുലീപ് ട്രോഫിയിൽനിന്ന് ഒഴിവാക്കിയതിനെ മഞ്ജരേക്കർ നിശിതമായി വിമർശിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂവരും ഇന്ത്യയ്‍ക്കായി കളിച്ച മത്സരങ്ങളുടെ കണക്കു ചൂണ്ടിക്കാട്ടിയാണ്, വിശ്രമത്തിനായാണ് ഒഴിവാക്കിയതെന്ന വാദം മഞ്ജരേക്കർ പൊളിച്ചത്.
‘കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ കളിച്ചത് 249 രാജ്യാന്തര മത്സരങ്ങളാണ്. അതിൽ രോഹിത് ശർമ കളിച്ചത് 59 ശതമാനം മത്സരങ്ങളിൽ മാത്രമാണ്. വിരാട് കോലി 61 ശതമാനം മത്സരങ്ങളിലും ജസ്പ്രീത് ബുമ്ര 34 ശതമാനം മത്സരങ്ങളിലും കളിച്ചു. എന്റെ അഭിപ്രായത്തിൽ ഇവർക്കെല്ലാം നല്ല രീതിയിൽ വിശ്രമം ലഭിക്കുന്നുണ്ട്. ഇവരെ തീർച്ചയായും ദുലീപ് ട്രോഫി ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു’ – മഞ്ജരേക്കർ എക്സിൽ കുറിച്ചു.
ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന അംഗങ്ങളായ മൂവർക്കും ദുലീപ് ട്രോഫിയിൽനിന്ന് ഒഴിവു നൽകിയ സാഹചര്യത്തിലാണ് മഞ്ജരേക്കറിന്റെ വിമർശനം. ഇവർക്കു പുറമേ രവിചന്ദ്രൻ അശ്വിനെയും ദുലീപ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം, ടീമിൽ ഉൾപ്പെടുത്തിയിരുന്ന രവീന്ദ്ര ജഡേജയ്ക്കും സിലക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം ഇളവു നൽകി. കാരണം വ്യക്തമല്ല. പകരം താരത്തെയും ഉൾപ്പെടുത്തിയിട്ടില്ല. ജഡേജയ്ക്കു പുറമേ പരുക്കിന്റെ പിടിയിലുള്ള മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക് എന്നിവർക്കും ഇളവുണ്ട്. ഇവർക്കു പകരം നവ്‌ദീപ് സെയ്നി, ഗൗരവ് യാദവ് എന്നിവർ ടീമിലെത്തി.