ADVERTISEMENT

ഇസ്‍ലമാബാദ്∙ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽനിന്ന് പാക്കിസ്ഥാൻ പേസ് ബോളിങ്ങിന്റെ കുന്തമുനയായ ഷഹീൻ ഷാ അഫ്രീദി പുറത്ത്. റാവൽപിണ്ടിയിൽ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി പ്രഖ്യാപിച്ച 12 അംഗ പാക്കിസ്ഥാൻ ടീമിൽ അഫ്രീദിക്ക് ഇടമില്ല. ചരിത്രത്തിലാദ്യമായി ബംഗ്ലദേശിനെതിരെ ഒരു ടെസ്റ്റ് മത്സരം പാക്കിസ്ഥാൻ തോറ്റത് കനത്ത വിമർശനം വരുത്തിവച്ചിരുന്നു. തുടർന്നു നടത്തിയ അഴിച്ചുപണിയിലാണ് അഫ്രീദിക്ക് ടീമിലെ സ്ഥാനം നഷ്ടമായത്.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 96 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് മാത്രം സ്വന്തമാക്കിയ അഫ്രീദി, മത്സരത്തിനു പിന്നാലെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയിരുന്നു. രണ്ടാം ടെസ്റ്റിനു മുന്നോടിയായി വ്യാഴാഴ്ച വൈകിട്ടോടെ ടീമിനൊപ്പം തിരിച്ചെത്തിയെങ്കിലും താരത്തെ ഒഴിവാക്കുകയായിരുന്നു.

അതിനിടെ, ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ഷഹീൻ അഫ്രീദിയും ടീം ക്യാപ്റ്റൻ ഷാൻ മസൂദും ഡ്രസിങ് റൂമിൽ വച്ച് തമ്മിലടിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനും മർദ്ദനമേറ്റതായാണ് പ്രചരിക്കുന്ന വാർത്ത. ഇതിന് സ്ഥിരീകരണമില്ല. അഫ്രീദിയെ ടീമിൽനിന്ന് പുറത്താക്കാൻ ഇതും കാരണമാണോയെന്നും വ്യക്തമല്ല. നേരത്തെ, ടീമംഗങ്ങൾ ഒരുമിച്ചു സംസാരിക്കുന്നതിനിടെ ക്യാപ്റ്റൻ ഷാൻ മസൂദ് തോളത്തു കൈവച്ചപ്പോൾ അത് തട്ടിമാറ്റുന്ന ഷഹീൻ അഫ്രീദിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ടീമിന്റെ മുൻനിര പേസ് ബോളറെ പുറത്തിരുത്താനുള്ള തീരുമാനം അറിയിച്ച മുഖ്യ പരിശീലകൻ ജേസൻ ഗില്ലസ്പി, കാരണം വ്യക്തമാക്കിയില്ല.

‘‘ഷഹീൻ അഫ്രീദി ഈ മത്സരം കളിക്കുന്നില്ല. അദ്ദേഹവുമായി ഞങ്ങൾ സംസാരിച്ചിരുന്നു. ടീമിൽനിന്ന് ഒഴിവാക്കാനുള്ള കാരണം അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ട്. മാത്രമല്ല, ടീമിനെക്കുറിച്ച് തന്റെ അഭിപ്രായങ്ങളും അദ്ദേഹം പങ്കുവച്ചു. സാധ്യാമാകുന്നത്ര മികച്ച രീതിയിൽ പന്തെറിയുന്നതിനായി അദ്ദേഹം കഠിനാധ്വാനം െചയ്യുന്നുണ്ട്.  ഇക്കാര്യത്തിൽ അസ്ഹർ മഹ്മൂദും സഹായിക്കുന്നുണ്ട്. ഷഹീൻ അഫ്രീദി ഏറ്റവും മികവോടെ പന്തെറിയുന്നത് കാണാനാണ് ഞങ്ങൾക്ക് താൽപര്യം. പാക്കിസ്ഥാന് വ്യത്യസ്ത ഫോർമാറ്റുകളിലായി ഒട്ടേറെ മത്സരങ്ങൾ വരുന്നുണ്ട്. ആ മത്സരങ്ങളിലെല്ലാം വലിയ പങ്ക് വഹിക്കാനുള്ള താരമാണ് അഫ്രീദി’– ഗില്ലസ്പി പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി ഷഹീൻ അഫ്രീദിയുടെ മങ്ങിയ ഫോം പാക്കിസ്ഥാനെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. കഴിഞ്ഞ വർഷം നാലു ടെസ്റ്റുകളിൽനിന്ന് 14 വിക്കറ്റുകൾ മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിൽ പോലും കാര്യമായി തിളങ്ങാൻ ഈ ഇടംകയ്യൻ പേസ് ബോളർക്കായിരുന്നില്ല. ടെസ്റ്റിനെ അപേക്ഷിച്ച് ഏകദിനത്തിലും ട്വന്റി20യിലും താരത്തിന്റെ പ്രകടനം ഭേദമാണ്.

English Summary:

Shaheen Afridi left out of the second Bangladesh Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com