യുവരാജ് സിങ്ങിന് കപിൽദേവിനേക്കാൾ ട്രോഫികളുണ്ട്: പ്രതികാരമെന്ന് യോഗ്രാജ്
Mail This Article
മുംബൈ∙ ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് ഉയർത്തിയ ക്യാപ്റ്റൻ കപിൽ ദേവിനെതിരെ ആഞ്ഞടിച്ച് മുൻ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‍രാജ് സിങ്. യുവരാജ് സിങ്ങിന് കപിൽ ദേവിനേക്കാൾ കിരീടങ്ങൾ ഉണ്ടെന്നാണ് യോഗ്‍രാജ് സിങ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെ പ്രതികരിച്ചത്. യുവരാജിന്റെ വിജയത്തിലൂടെ കപിൽദേവിനോട് പ്രതികാരം ചെയ്തതായും യോഗ്‍രാജ് തുറന്നടിച്ചു. നേരത്തേ എം.എസ്. ധോണിക്കെതിരെ യോഗ്‌രാജ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
‘‘ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റൻ കപിൽ ദേവാണ്. ലോകമാകെ ശപിക്കുന്ന നിലയിലേക്കു നിങ്ങളെ എത്തിക്കുമെന്ന് ഞാന്‍ കപിൽ ദേവിനോടു പറഞ്ഞിട്ടുണ്ട്. ഇന്ന് യുവരാജ് സിങ്ങിന് 13 ട്രോഫികളുണ്ട്. നിങ്ങൾക്ക് ഒരു ലോകകപ്പ് മാത്രമാണുള്ളത്. ചർച്ച അവസാനിച്ചു.’’– യോഗ്‍രാജ് സിങ് പ്രതികരിച്ചു. യോഗ്‌രാജ് സിങ്ങിന്റെ ഇത്തരം പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
മകന്റെ കരിയർ നേരത്തേ അവസാനിക്കാൻ കാരണം എം.എസ്. ധോണിയാണെന്ന് യോഗ്‍രാജ് സിങ് ആരോപിച്ചിരുന്നു. ധോണി ഇടപെട്ടില്ലായിരുന്നെങ്കിൽ യുവരാജ് 4–5 വർഷം കൂടി രാജ്യാന്തര ക്രിക്കറ്റിൽ തുടരുമായിരുന്നെന്നാണ് യോഗ്‌രാജിന്റെ അവകാശവാദം. ധോണിയോട് ഒരു കാലത്തും ക്ഷമിക്കില്ലെന്നും യോഗ്‌രാജ് തുറന്നടിച്ചു. സംഭവത്തിൽ എം.എസ്. ധോണിയോ യുവരാജ് സിങ്ങോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയ്ക്കായി ഏഴു മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് യോഗ്‌രാജ് സിങ്. 1981 ൽ ന്യൂസീലൻഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയുമാണ് താരം കളിക്കാനിറങ്ങിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയുടേയും പഞ്ചാബിന്റേയും താരമായിരുന്നു യോഗ്‍രാജ് സിങ്.