ADVERTISEMENT

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) തുടർച്ചയായ രണ്ടാം ജയത്തോടെ സച്ചിൻ ബേബി നയിക്കുന്ന ഏരീസ് കൊല്ലം സെയ്‌ലേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമത്. തൃശൂർ ടൈറ്റൻസിനെ എട്ടു വിക്കറ്റിനാണ് കൊല്ലം സെയ്‌ലേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ ടൈറ്റൻസ് 18 ഓവറിൽ 101 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 24 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.

തുടർച്ചയായ രണ്ടാം മത്സരവും തോറ്റ തൃശൂർ, പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. കെസിഎലിൽ ഇതുവരെ ജയിക്കാനാകാത്ത രണ്ടു ടീമുകളിൽ ഒന്നാണ് തൃശൂർ ടൈറ്റൻസ്. രണ്ടു മത്സരവും തോറ്റ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് മറ്റൊരു ടീം.

തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറിയുമായി തിളങ്ങിയ ഓപ്പണർ അഭിഷേക് നായരാണ് കൊല്ലത്തിന്റെ വിജയശിൽപി. 56 പന്തുകൾ നേരിട്ട അഭിഷേക്, ആറു ഫോറും മൂന്നു സിക്സും സഹിതം 66 റൺസുമായി പുറത്താകാതെ നിന്നു. 24 പന്തിൽ ഒരേയൊരു സിക്സ് സഹിതം 18 റൺസെടുത്ത അരുൺ പൗലോസ്, ഏഴു പന്തിൽ അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവരാണ് പുറത്തായത്. എ.കെ. അർജുൻ ഒൻപതു പന്തിൽ ഒൻപതു റൺസുമായി പുറത്താകാതെ നിന്നു. തൃശൂരിനായി അഹമ്മദ് ഇമ്രാൻ മൂന്ന് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റും പോക്കറ്റിലാക്കി.

നേരത്തേ, മൂന്നു വിക്കറ്റെടുത്ത എൻ.എം. ഷറഫുദ്ദീൻ, രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കിയ എൻ.പി. ബേസിൽ, എസ്. മിഥുൻ, ബിജു നാരായണൻ എന്നിവർ ചേർന്നാണ് ത‍ൃശൂർ ടൈറ്റൻസിനെ 101 റൺസിൽ ഒതുക്കിയത്. 33 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 38 റൺസുമായി പുറത്താകാതെ നിന്ന അക്ഷയ് മനോഹറാണ് തൃശൂരിന്റെ ടോപ് സ്കോറർ.

തൃശൂർ നിരയിൽ അക്ഷയ്ക്കു പുറമേ രണ്ടക്കം കണ്ടത് ഓപ്പണർ കൂടിയായ ക്യാപ്റ്റൻ വരുൺ നായനാർ (15 പന്തിൽ 16), വിഷ്ണു വിനോദ് (അഞ്ച് പന്തിൽ 10), അഹമ്മദ് ഇമ്രാൻ (17 പന്തിൽ 14) എന്നിവർ മാത്രം. മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ഷറഫുദ്ദീൻ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ബേസിൽ മൂന്ന് ഓവറിൽ 13 റൺസ് വഴങ്ങിയും മിഥുൻ നാല് ഓവറിൽ 14 റൺസ് വഴങ്ങിയും ബിജു നാരായണൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി.

English Summary:

Aries Kollam Sailors vs Thrissur Titans, KCL 2024 Match - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com