ADVERTISEMENT

ബെംഗളൂരു ∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫി ഇന്നു തുടങ്ങാനിരിക്കെ, ‘ക്ലൈമാക്സ് ട്വിസ്റ്റി’ൽ മലയാളി താരം സഞ്ജു സാംസണിനും ടീമിൽ ഇടം. കാലിനു പരുക്കേറ്റ ജാർഖണ്ഡ് താരം ഇഷാൻ കിഷനു പകരക്കാരനായാണ് ബിസിസിഐ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇഷാൻ കിഷൻ പരുക്കുമൂലം കളിക്കുന്നില്ലെന്ന കാര്യവും, പകരം സഞ്ജു ‘ഇന്ത്യ ഡി’ ടീമിൽ കളിക്കുന്ന വിവരവും ബിസിസിഐ തന്നെയാണ് ഇന്നു പുലർച്ചെ അറിയിച്ചത്. അതേസമയം, അവസാന നിമിഷം ടീമിൽ ഉൾപ്പെടുത്തിയതിനാൽ ഇന്ന് ആരംഭിച്ച ഇന്ത്യ ‘സി’യ്‌ക്കെതിരായ ആദ്യ മത്സരത്തിൽ സഞ്ജു കളിക്കുന്നില്ല. ശ്രീകർ ഭരതാണ് ടീമിന്റെ വിക്കറ്റ് കീപ്പർ.

പരുക്കിന്റെ പിടിയിലുള്ള സൂര്യകുമാർ യാദവും പേസർ പ്രസിദ്ധ് കൃഷ്ണയും ദുലീപ് ട്രോഫിയിലെ ആദ്യ മത്സരങ്ങളിൽ കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ദുലീപ് ട്രോഫിയിൽ ശ്രേയസ് അയ്യർ ക്യാപ്റ്റനായ ഇന്ത്യ ഡി ടീമിൽ അംഗമായിരുന്നു ഇഷാൻ. എന്നാൽ ബുച്ചി ബാബു ഇൻവിറ്റേഷൻ ടൂർണമെന്റിൽ ജാർഖണ്ഡിനായുള്ള മത്സരത്തിനിടെ പരുക്കേറ്റതാണ് ഇഷാന് തിരിച്ചടിയായത്. ബുച്ചി ബാബു ടൂർണമെന്റിനിടെ സൂര്യയുടെ കയ്യിൽ പരുക്കേൽക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരും ദുലീപ് ട്രോഫി ടീമുകളിൽനിന്ന് പിൻവാങ്ങിയിട്ടുണ്ട്.

ഇന്നു രാവിലെ 9.30ന് ഋതുരാജ് ഗെയ്ക്‌വാദ് ക്യാപ്റ്റനായ സി ടീമിനെതിരെയാണ് ഡി ടീമിന്റെ ആദ്യ മത്സരം. അനന്തപുർ റൂറൽ ഡെവലപ്മെന്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതേസമയം തന്നെ, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ എ, ബി ടീമുകളും ഏറ്റുമുട്ടും. ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചാകും ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.

English Summary:

Ishan Kishan will miss Duleep Trophy, time for Sanju Samson entry?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com