‘ദയവായി സച്ചിന്റെ മകനെ വെറുതെ വിടണം’: യുവരാജ് സിങ്ങിന്റെ പിതാവിനോട് ആരാധകരുടെ അപേക്ഷ!
Mail This Article
മുംബൈ∙ ഇതിഹാസ താരങ്ങളായ കപിൽ ദേവ്, മഹേന്ദ്രസിങ് ധോണി എന്നിവർക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങൾക്കു പിന്നാലെ, മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകനായ യുവതാരം അർജുൻ തെൻഡുൽക്കറിനെ ദയവു ചെയ്ത് വെറുതെ വിടണമെന്ന അഭ്യർഥനയുമായി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവാണ് യോഗ്‍രാജ്.
ഐപിഎലിൽ അരങ്ങേറ്റം കുറിച്ച അർജുൻ തെൻഡുൽക്കറിന്റെ പരിശീലകനാണ് യോഗ്‌രാജ് സിങ്. അർജുൻ തെൻഡുൽക്കറിനെ പരിശീലിപ്പിക്കണമെന്ന അഭ്യർഥനയുമായി സച്ചിൻ തെൻഡുൽക്കർ യോഗ്‌രാജ് സിങ്ങിനെ സമീപിച്ചതായി യുവരാജ് സിങ്ങാണ് ആദ്യം വെളിപ്പെടുത്തിയത്.
എന്നാൽ കപിൽ ദേവിനും മഹേന്ദ്രസിങ് ധോണിക്കുമെതിരായ യോഗ്‍രാജിന്റെ പരാമർശങ്ങൾ വിവാദമായതോടെയാണ്, സച്ചിന്റെ മകനെ വെറുതെ വിടണമെന്ന അഭ്യർഥനയുമായി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. വിവാദ പരാമർശങ്ങൾ നടത്തിയ അഭിമുഖത്തിൽ, സച്ചിന്റെ മകനെ പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും യോഗ്‌രാജ് സിങ് പ്രതികരിച്ചിരുന്നു.
‘‘ആരെങ്കിലും കൽക്കരി ഖനിയിൽ വജ്രം കണ്ടിട്ടുണ്ടോ? കൽക്കരി തന്നെയാണ് കാലക്രമേണ വജ്രമായി രൂപാന്തരം പ്രാപിക്കുന്നത്. അത് കൃത്യമായ സ്ഥലത്താണ് വന്നുചേരുന്നതെങ്കിൽ, കാലാന്തരത്തിൽ അമൂല്യമായ വജ്രമായി മാറും. അതിന്റെ മൂല്യമറിയാത്ത ഒരാളുടെ കൈവശമാണ് അത് എത്തിച്ചേരുന്നതെങ്കിലോ, നശിച്ചുപോകും’ – യോഗ്‍രാജ് സിങ് പറഞ്ഞു. അർജുൻ തെൻഡുൽക്കർ പരിശീലനത്തിനായി തന്റെ അടുത്തുവരുന്നതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു യോഗ്‌രാജിന്റെ ഈ വാക്കുകൾ.
എന്നാൽ, യോഗ്‌രാജിന്റെ ഉപമയോ അർജുൻ തെൻഡുൽക്കറിനെ പരിശീലിപ്പിക്കുന്നതോ ആരാധകർക്ക് അത്രകണ്ട് രസിച്ചിട്ടില്ല. ‘യോഗ്‌രാജ് സിങ്ങാണ് അർജുൻ തെൻഡുൽക്കറിനെ പരിശീലിപ്പിക്കുന്നതെന്ന് കേട്ടു. അത് ശരിയാണെങ്കിൽ, അർജുന് എല്ലാവിധ ആശംസകളും’ – ഒരു ആരാധകൻ ട്രോൾരൂപത്തിൽ കുറിച്ചു.