59 പന്തിൽ 98 റണ്സടിച്ച് അജിനാസ് – സൽമാൻ സഖ്യം; കാലിക്കറ്റിന് ആദ്യ ജയം, ബ്ലൂ ടൈഗേഴ്സിന് 2–ാം തോൽവി
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ആദ്യ ജയം. ആവേശപ്പോരാട്ടത്തിൽ ബേസിൽ തമ്പി നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സിനെയാണ് കാലിക്കറ്റ് തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നിശ്ചിത 20 ഓവറിൽ അടിച്ചുകൂട്ടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. ബ്ലൂ ടൈഗേഴ്സിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു. കാലിക്കറ്റിന്റെ വിജയം 39 റൺസിന്. വിജയത്തോടെ കാലിക്കറ്റ് രണ്ടു പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറി.
സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെതിരെ എട്ടു വിക്കറ്റിന് തോറ്റ കാലിക്കറ്റ്, തകർപ്പൻ വിജയവുമായി തിരിച്ചെത്തുകയും ചെയ്തു. സീസണിൽ ഇതുവരെ വിജയം കുറിക്കാനാകാത്ത രണ്ടു ടീമുകളിൽ ഒന്നാണ് ബ്ലൂ ടൈഗേഴ്സ്. ഒരു മത്സരം മാത്രം കളിച്ച തൃശൂർ ടൈറ്റൻസാണ് ആദ്യവിജയത്തിനായി കാത്തിരിക്കുന്ന മറ്റൊരു ടീം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് ടീമിന്റെ തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും, അർധസെഞ്ചറിയുമായി രക്ഷകരായ വിക്കറ്റ് കീപ്പർ എം. അജിനാസ് (57), സൽമാൻ നിസാർ (55) എന്നിവരുടെ പ്രകടനമാണ് കരുത്തായത്. 39 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് അജിനാസ് 57 റൺസെടുത്തത്. സൽമാൻ നിസാറാകട്ടെ, 38 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച് 19 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 37 റൺസെടുത്ത അൻഫലിന്റെ പ്രകടനവും ശ്രദ്ധേയമായി. അഭിജിത് പ്രവീൺ ആറു പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നു.
നാലാം വിക്കറ്റിൽ 59 പന്തിൽ 98 റൺസ് അടിച്ചുകൂട്ടിയ സൽമാൻ – അജിനാസ് സഖ്യമാണ് കാലിക്കറ്റിന് മികച്ച സ്കോർ സമ്മാനിച്ചത്. പിന്നീട് അൻഫലിനെ കൂട്ടുപിടിച്ച് സൽമാൻ നിസാർ 32 പന്തിൽ 54 റൺസും കൂട്ടിച്ചേർത്തു. ബ്ലൂ ഗൈടേഴ്സിനായി നാല് ഓവറിൽ 36 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ബേസിൽ തമ്പിയുടെ പ്രകടനം ശ്രദ്ധേയമായി. മനുകൃഷ്ണൻ നാല് ഓവറിൽ 36 റൺസ് വഴങ്ങിയും ഷൈൻ ജോൺ ജേക്കബ് നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബ്ലൂ ടൈഗേഴ്സ് നിരയിൽ 34 പന്തിൽ 45 റൺസുമനായി ഷോൺ റോജർ ടോപ് സ്കോററായി. ഒരു ഫോറും നാലു സിക്സും സഹിതമാണ് ഷോൺ 45 റൺസെടുത്തത്. മനു കൃഷ്ണൻ 17 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ജോബിൻ ജോബി (15 പന്തിൽ 16), അനൂജ് ജോട്ടിൻ (20 പന്തിൽ 20), സിജോമോൻ ജോസഫ് (12 പന്തിൽ 22), എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കാലിക്കറ്റിനായി അഖിൽ സ്കറിയ നാല് ഓവറിൽ 29 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അഭിജിത് പ്രവീൺ 3.2 ഓവറിൽ 23 റൺസ് വഴങ്ങിയും എം.നിഖിൽ നാല് ഓവറിൽ 28 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.