ദുലീപ് ട്രോഫിയിൽ ഇക്കുറി ആദ്യ സെഞ്ചറി 19കാരൻ മുഷീർ ഖാന്; ആവേശത്തിൽ സഹോദരൻ സർഫറാസ്– വിഡിയോ
Mail This Article
ബെംഗളൂരു∙ ദുലീപ് ട്രോഫിയിൽ ഈ വർഷത്തെ ആദ്യ സെഞ്ചറി സ്വന്തം പേരിലാക്കി 19 വയസ്സുകാരൻ മുഷീർ ഖാൻ. ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ ബിയുടെ മുഷീർ ഖാൻ സെഞ്ചറി കുറിച്ചത്. 204 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതമാണ് മുഷീറിന്റെ സെഞ്ചറി. ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 94 റണ്‍സ് എന്ന നിലയിൽ തകർന്ന ഇന്ത്യ ബിയെ, പിരിയാത്ത എട്ടാം വിക്കറ്റിൽ നവ്ദീപ് സെയ്നിക്കൊപ്പം സെഞ്ചറി കൂട്ടുകെട്ട് തീർത്ത് മുഷീർ ഖാൻ കരകയറ്റുകയും ചെയ്തു. ഒന്നാം ദിനം കളി നിർത്തുമ്പോൾ 79 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബി. മുഷീർ 105 റൺസോടെയും നവ്ദീപ് സെയ്നി 29 റൺസോടെയും ക്രീസിൽ.
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ മിന്നുന്ന ഫോമിലായിരുന്ന മുഷീർ ഖാൻ, അതിന്റെ തുടർച്ചയായാണ് ദുലീപ് ട്രോഫിയിലും കരുത്തു കാട്ടിയത്. ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളി പ്രതീക്ഷിക്കുന്ന സഹോദരൻ സർഫറാസ് ഖാൻ 35 പന്തിൽ ഒൻപതു റൺസുമായി നിരാശപ്പെടുത്തിയതിനു പിന്നാലെയാണ്, തകർപ്പൻ സെഞ്ചറിയുമായി മുഷീർ വരവറിയിച്ചത്. ആദ്യ ദിനം 227 പന്തുകൾ നേരിട്ട മുഷീർ, 10 ഫോറും രണ്ടു സിക്സും സഹിതമാണ് 105 റൺസെടുത്തത്. സെയ്നി 74 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 29 റൺസെടുത്തു. പിരിയാത്ത എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 212 പന്തിൽ അടിച്ചെടുത്തത് 108 റൺസ്.
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന ഋഷഭ് പന്ത് (10 പന്തിൽ ഏഴ്), ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ (42 പന്തിൽ 13), വാഷിങ്ടൻ സുന്ദർ (0) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തിയ സ്ഥാനത്താണ് മുഷീറിന്റെ സെഞ്ചറി പ്രകടനമെന്നതും ശ്രദ്ധേയം. യുവ ഓപ്പണർമാരിൽ ശ്രദ്ധേയനായി യശസ്വി ജയ്സ്വാൾ 59 പന്തിൽ ആറു ഫോറുകളോടെ 30 റൺസെടുത്ത് പുറത്തായി. നിതീഷ് റെഡ്ഡി (0), സായ് കിഷോർ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യ എയ്ക്കായി ഖലീൽ അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ബിയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നെങ്കിലും പിന്നീട് കാത്തിരുന്നത് കൂട്ടത്തകർച്ച. വിക്കറ്റ് നഷ്ടം കൂടാതെ 33 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യ ബി, പിന്നീട് വെറും 61 റൺസിനിടെ നഷ്ടമാക്കിയത് ഏഴു വിക്കറ്റ്. ഇതിൽത്തന്നെ അവസാന നാല് വിക്കറ്റുകൾ നഷ്ടമായത് വെറും 14 റൺസിന്റെ ഇടവേളയിൽ. ഇതിനു ശേഷമായിരുന്നു ഇന്ത്യ ബിയെ താങ്ങിനിർത്തിയ മുഷീർ – സെയ്നി സെഞ്ചറി കൂട്ടുകെട്ട്.