വിരാട് കോലി നികുതിയടച്ചത് ഐപിഎലിലെ മൂല്യമേറിയ താരത്തിന്റെ വിലയുടെ മൂന്നിരട്ടി, ധോണിയുടെ ഇരട്ടി!
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടച്ച കായികതാരം വിരാട് കോലി. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) നിലവിലെ മൂല്യമേറിയ താരമായ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനു ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടിയോളം തുകയാണ് കോലി 2023–24 സാമ്പത്തിക വർഷത്തിൽ നികുതിയായി അടച്ചത്. അതായത് 66 കോടിയോളം രൂപ. കഴിഞ്ഞ വർഷത്തെ ഐപിഎൽ താരലേലത്തിൽ 24.75 കോടി രൂപയാണ് സ്റ്റാർക്കിനു വിലയായി ലഭിച്ചത്.
ഇന്ത്യയിലെ നികുതിദായകരിൽ ഉയർന്ന തുക നൽകുന്ന അഞ്ചാമത്തെ വ്യക്തി കൂടിയാണ് കോലി. ചലച്ചിത്ര താരങ്ങളായ ഷാറൂഖ് ഖാൻ (92 കോടി), വിജയ് (80 കോടി), സൽമാൻ ഖാൻ (75 കോടി), അമിതാഭ് ബച്ചൻ (71 കോടി) എന്നിവർ മാത്രമാണ് കോലിക്കു മുന്നിലുള്ളത്.
രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും, മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണിയാണ് ഇപ്പോഴും കായികതാരങ്ങളിൽ കൂടുതൽ നികുതിയടയ്ക്കുന്ന രണ്ടാമൻ. 38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ധോണി നികുതിയടച്ചത്. നികുതിദായകരായ ഇന്ത്യക്കാരിൽ ഏഴാമനാണ് ധോണി. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ട് നാലു വർഷത്തോളമായെങ്കിലും, ഇന്നും കൂടുതൽ പണം സമ്പാദിക്കുന്ന കായികതാരങ്ങളിൽ ഒരാളാണ് ധോണിയെന്ന് വെളിപ്പെടുത്തുന്നതാണ് കണക്കുകൾ.
കോലി, ധോണി എന്നിവർ കഴിഞ്ഞാൽ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറാണ് കൂടുതൽ നികുതിയടയ്ക്കുന്ന ഇന്ത്യൻ കായികതാരം. ആദ്യ പത്തിലുള്ള മൂന്ന് കായിക താരങ്ങളും ഇവർ മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 28 കോടി രൂപയാണ് സച്ചിൻ നികുതിയടച്ചത്. മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി 23 കോടി രൂപ നികുതിയടച്ച് പട്ടികയിൽ പന്ത്രണ്ടാമനാണ്.
നിലവിലെ ടീമിൽ അംഗങ്ങളായ ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരും പട്ടികയിലുണ്ട്. പാണ്ഡ്യ 13 കോടി രൂപയും പന്ത് 10 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയടച്ചു.