ADVERTISEMENT

തിരുവനന്തപുരം∙ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമൻമാർ, പിന്നാലെ അടുത്ത രണ്ടു മത്സരവും ദയനീയമായി തോറ്റ് പിന്നിലേക്ക്. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിന് എന്തു സംഭവിച്ചുവെന്ന സംശയത്തിലാണ് ആരാധകർ. ഇന്നു നടന്ന മത്സരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനോട് എട്ടു വിക്കറ്റിനാണ് ആലപ്പി റിപ്പിൾസ് പരാജയപ്പെട്ടത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസ് 16.3 ഓവറിൽ 95 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൊല്ലം സെയ്‌ലേഴ്‌സ് 38 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.

തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച ഏരീസ് കൊല്ലം സെയ്‌ലേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. തുടർച്ചയായി രണ്ടു മത്സരം തോറ്റെങ്കിലും ആലപ്പി റിപ്പിൾസ് ഇപ്പോഴും നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. 

ഇന്നലെ നടന്ന മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ച ആലപ്പി, ഇന്ന് സീസണിലെ ഏറ്റവും ചെറിയ  സ്കോറിനു പുറത്തായി പുതിയ നാണക്കേടും സ്വന്തമാക്കി. ആലപ്പി നിരയിൽ ഇന്നു ടോപ് സ്കോററായത് 26 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. രണ്ടക്കം കണ്ട മറ്റു രണ്ടു പേർ 13 പന്തിൽ 16 റൺസെടുത്ത അക്ഷയ് ചന്ദ്രൻ, എട്ടു പന്തിൽ 10 റൺസെടുത്ത ആൽഫി ഫ്രാൻസിസ് എന്നിവർ.

3.3 ഓവറിൽ 25 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഷറഫിദ്ദീനാണ് ആലപ്പിയെ തകർത്തത്. ബിജു നാരായണൻ 3 ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. എൻ.പി. ബേസിൽ രണ്ടും എസ്. മിഥുൻ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സച്ചിൻ ബേബി മുന്നിൽനിന്ന് നയിച്ചതോടെ കൊല്ലം സെയ്‌ലേഴ്സ് അനായാസം വിജയത്തിലെത്തി. 30 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റൺസുമായി സച്ചിൻ ബേബി പുറത്താകാതെ നിന്നു. വത്സൽ ഗോവിന്ദ് 21 പന്തിൽ ഒരു സിക്സ് സഹിതം 18 റൺസെടുത്തു. ഓപ്പണർമാരായ അരുൺ പൗലോസ് 17 പന്തിൽ 22 രൺസെടുത്തും, അഭിഷേക് നായർ 14 പന്തിൽ ഒൻപതു റൺെസടുത്തും പുറത്തായി. ആലപ്പിക്കായി അഫ്രാദ് റിഷാബ്, അക്ഷയ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary:

Kollam Sailors Sink Alappuzha Ripples in KCL Thriller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com