അയ്യർ 44 പന്തിൽ 54, ദേവ്ദത്തിനും ഫിഫ്റ്റി; ഇന്ത്യ ഡിയ്ക്ക് 202 റൺസ് ലീഡ്, മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
Mail This Article
അനന്തപുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ സിയും ഇന്ത്യ ഡിയും തമ്മിലുള്ള മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ബോളർമാർ പൊതുവെ ആധിപത്യം പുലർത്തുന്ന മത്സരത്തിന്റെ രണ്ടാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ ഡി രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ്. രണ്ടു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ഡിയ്ക്ക് ഇപ്പോൾ 202 റൺസിന്റെ ലീഡുണ്ട്. ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ അക്ഷർ പട്ടേൽ 11 റൺസോടെയും ഹർഷിത് റാണ റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡി 164 റൺസെടുത്തപ്പോൾ, ഇന്ത്യ സി 168 റൺസിനും പുറത്തായി. ഇന്ത്യ സിയ്ക്ക് ലഭിച്ചത് നാലു റൺസിന്റെ നേരിയ ഒന്നാം ഇന്നിങ്സ് ലീഡ്.
രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ അർധസെഞ്ചറികളാണ് ഇന്ത്യ ഡിയ്ക്ക് കരുത്തായത്. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ഇരുവരും രണ്ടാം ഇന്നിങ്സിൽ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ അയ്യർ 44 പന്തിൽ 54 റൺസെടുത്ത് പുറത്തായി. ഒൻപതു ഫോറുകൾ ഉൾപ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്സ്. പടിക്കലാകട്ടെ, 70 പന്തിൽ എട്ടു ഫോറുകളോടെ 56 റൺസെടുത്തു.
മൂന്നാം വിക്കറ്റിൽ അയ്യർ – പടിക്കൽ സഖ്യവും (57 പന്തിൽ 53 റൺസ്), നാലാം വിക്കറ്റിൽ റിക്കി ഭുയി – ദേവ്ദത്ത് പടിക്കൽ സഖ്യവും (116 പന്തിൽ 73) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. റിക്കി ഭുയി 91 പന്തിൽ അഞ്ച് ഫോറുകളോടെ 44 റൺസെടുത്തു. ഓപ്പണർ അഥർവ തായ്ഡെ (15), കെ.എസ്. ഭരത് (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ. ഇന്ത്യ സിയ്ക്കായി മാനവ് സുതർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 15 ഓവറിൽ 30 റൺസ് മാത്രം വഴങ്ങിയാണ് സുതർ അഞ്ച് വിക്കറ്റെടുത്തത്. വൈശാഖ് രണ്ടും അൻഷുൽ കംബോജ് ഒരു വിക്കറ്റും സ്വന്തമാക്കി.