ആദ്യ മത്സരത്തിലെ ഹീറോ ഹെഡ് ഇത്തവണ ‘സീറോ’; അതിവേഗ സെഞ്ചറിയുമായി റെക്കോർഡിട്ട് ഇൻഗ്ലിസ് രക്ഷകൻ!– വിഡിയോ
Mail This Article
എഡിൻബറോ∙ ആദ്യ മത്സരത്തിൽ ഉണ്ടായിരുന്ന നേരിയ വിജയസാധ്യത പോലും തല്ലിക്കെടുത്തി തല്ലിച്ചതച്ച ട്രാവിസ് ഹെഡിനെ രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്ക് എന്ന നാണക്കേടിലേക്ക് തള്ളിവിട്ട് പകരം വീട്ടിയതാണ് സ്കോട്‍ലൻഡ്; പക്ഷേ, ഹെഡ് പോയിടത്ത് ഓസ്ട്രേലിയയ്‌ക്കായി ഇത്തവണ പുതിയൊരു രക്ഷകൻ അവതരിച്ചു. രാജ്യാന്തര ട്വന്റി20യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡിലേക്ക് ബാറ്റുവീശിയ ജോഷ് ഇൻഗ്ലിസിന്റെ മികവിൽ, സ്കോട്‍ലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും ഓസീസിന് വിജയം. ഇത്തവണ 70 റൺസിന്റെ വിജയം നേടിയ ഓസീസ്, പരമ്പരയും സ്വന്തമാക്കി.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 20 ഓവറിൽ നേടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. സ്കോട്‍ലൻഡിന്റെ മറുപടി 16.4 ഓവറിൽ 126 റൺസിൽ അവസാനിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന്, വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇൻഗ്ലിസിന്റെ സെഞ്ചറി പ്രകടനമാണ് കരുത്തായത്. 43 പന്തിലാണ് ഇൻഗ്ലിസ് സെഞ്ചറിയിലെത്തിയത്. മത്സരത്തിലാകെ 49 പന്തുകൾ നേരിട്ട ഇൻഗ്ലിസ്, ഏഴു വീതം സിക്സും ഫോറും സഹിതം നേടിയത് 103 റൺസ്. 47 പന്തിൽ സെഞ്ചറി നേടിയ ആരോൺ ഫിഞ്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇൻഗ്ലിസ് തിരുത്തിയത്. ഇന്ത്യയ്‌ക്കെതിരെ ഇൻഗ്ലിസും മാക്സ്‌വെലും 47 പന്തിൽ സെഞ്ചറി നേടിയിട്ടുണ്ട്.
കാമറോൺ ഗ്രീൻ (29 പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 36), ടിം ഡേവിഡ് (ഏഴു പന്തിൽ ഒരു സിക്സും രണ്ടു ഫോറും സഹിതം പുറത്താകാതെ 17) മാർക്കസ് സ്റ്റോയ്നിസ് (20 പന്തിൽ 20), ജേക്ക് ഫ്രേസർ മക്ഗൂർക് (16 പന്തിൽ 16) എന്നിവരുെട സംഭാവനകൾ കൂടി ചേർന്നതോടെയാണ് ഓസീസ് 196 റൺസിൽ എത്തിയത്. സ്കോട്‌ലൻഡിനായി ബ്രാഡ്‌ലി ക്യൂറി നാല് ഓവറിൽ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീല്ത്തി. മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയ ക്രിസ്റ്റഫർ സോളിന് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിങ്ങിൽ സ്കോട്ടിഷ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടേ രണ്ടു പേർ. 42 പന്തിൽ നാലു വീതം സിക്സും ഫോറുമായി 59 റൺസെടുത്ത ബ്രാണ്ടൻ മക്മുല്ലൻ ടോപ് സ്കോററായി. രണ്ടക്കം കണ്ട മറ്റൊരാൾ ഒൻപതു പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 19 റൺസെടുത്ത ഓപ്പണർ ജോർജ് മുൻസെ. ഓസീസിനായി മാർക്കസ് സ്റ്റോയ്നിസ് 3.4 ഓവറഇൽ 23 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കാമറോൺ ഗ്രീൻ രണ്ട് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. സേവ്യർ ബാർട്‌ലെറ്റ്, ആരോൺ ഹാർഡി, ഷോൺ ആബട്ട്, ആദം സാംപ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.