ജയിച്ചതു മതി, കൊല്ലത്തെ തടഞ്ഞ് കൊച്ചി; അനന്തകൃഷ്ണനും ജോബിനും അർധ സെഞ്ചറി
Mail This Article
തിരുവനന്തപുരം∙ ഏരീസ് കൊല്ലം സെയ്‍ലേഴ്സിന് കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ തോൽവി. തുടർച്ചയായ നാലാം വിജയം തേടി ഇറങ്ങിയ കൊല്ലത്തെ കൊച്ചി ബ്ലൂ ടൈഗേഴ്സ് 18 റൺസിനാണു തകർത്തത്. ആദ്യം ബാറ്റു ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊല്ലത്തിന് 18.1 ഓവറിൽ 129 റൺസെടുക്കാനേ സാധിച്ചുള്ളൂ. തോറ്റെങ്കിലും ആറു പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഏരീസ് കൊല്ലം സെയ്‍ലേഴ്സ്.
ടൂർണമെന്റിലെ ആദ്യ മൂന്നു മത്സരങ്ങളും കൊല്ലം വിജയിച്ചിരുന്നു. അതേസമയം ടൂർണമെന്റിന്റെ തുടക്കത്തിൽ ബുദ്ധിമുട്ടിയ കൊച്ചി, കരുത്തരായി തിരിച്ചെത്തുകയായിരുന്നു. രണ്ടാം വിജയത്തോടെ കൊച്ചിക്കു നാലു പോയിന്റായി. മത്സരത്തിൽ ടോസ് നേടിയ കൊച്ചി 20 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 147 റൺസ്. ബ്ലൂ ടൈഗേഴ്സിനായി ഓപ്പണർമാരായ അനന്തകൃഷ്ണനും (34 പന്തിൽ 54), ജോബിൻ ജോബിയും (50 പന്തിൽ 51) അർധ സെഞ്ചറി തികച്ചു.
ബാറ്റിങ്ങിനിടെ പരുക്കേറ്റ അനന്തകൃഷ്ണൻ ഇടയ്ക്ക് ക്രീസ് വിട്ടെങ്കിലും പിന്നാലെയെത്തിയ അനൂജ് ജോതിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. 11 പന്തിൽ 13 റൺസാണു താരം നേടിയത്. അനൂജിന്റെ പുറത്താകലിനു പിന്നാലെ അനന്തകൃഷ്ണൻ ക്രീസിൽ തിരിച്ചെത്തി. മൂന്നു മുന്‍നിര ബാറ്റർമാർക്കു മാത്രമാണ് കൊച്ചിക്കായി രണ്ടക്കം കടക്കാൻ സാധിച്ചത്. 13.4 ഓവറിൽ രണ്ടിന് 107 എന്ന നിലയിൽനിന്ന് 39 റൺസെടുക്കുന്നതിനിടെ കൊച്ചിയുടെ ഏഴു വിക്കറ്റുകൾ നഷ്ടമായി.
കൊല്ലത്തിനായി കെ.എം. ആസിഫ് നാലും ഷറഫുദ്ദീൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 24 പന്തിൽ 49 റൺസെടുത്ത ഷറഫുദ്ദീൻ, 22 പന്തില്‍ 23 റൺസെടുത്ത് വത്സൽ ഗോവിന്ദ്, 15 പന്തിൽ 20 റൺസെടുത്ത് മുഹമ്മദ് ഷാനു എന്നിവർ മാത്രമാണു കൊല്ലത്തിനായി തിളങ്ങിയത്. കൊച്ചി ക്യാപ്റ്റൻ ബേസിൽ തമ്പി മൂന്നു വിക്കറ്റുകൾ നേടി. പി.എസ്. ജെറിൻ, ജി. അനൂപ്, ഷൈൻ ജോൺ ജേക്കബ് എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.