ADVERTISEMENT

അനന്തപുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിൽ ആദ്യ ജയം സ്വന്തമാക്കി ഋതുരാജ് ഗെയ്‍‌ക്‌വാദ് നയിക്കുന്ന ഇന്ത്യ സി. ശ്രേയസ് അയ്യർ നായകനായ ഇന്ത്യ ഡിയെ നാലു വിക്കറ്റിനാണ് ഇന്ത്യ സി തകർത്തത്. ഇന്ത്യ ഡി ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ സി മറികടന്നു. തകർത്തടിച്ച് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (46), ആര്യൻ ജുയൽ (47), രജത് പാട്ടിദാർ (44) എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യ സിയ്ക്ക് വിജയം സമ്മാനിച്ചത്. വിക്കറ്റ് കീപ്പർ ബാറ്റർ അഭിഷേക് പോറൽ 42 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

സ്കോർ: ഇന്ത്യ ഡി– 164, 236, ഇന്ത്യ സി– 168, 233/6. 48 പന്തിൽ എട്ടു ഫോറുകൾ സഹിതമാണ് ഗെയ്ക്‌വാദ് 46 റൺസെടുത്തത്. ജുയൽ 74 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 47 റൺസും പാട്ടിദാർ 77 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 44 റൺസുമെടുത്തു. ഓപ്പണർ ബി. സായ്സുദർശൻ 34 പന്തിൽ അഞ്ച് ഫോറുകളോടെ 22 റൺസെടുത്ത് പുറത്തായി.

അഭിഷേക് പോറൽ 63 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 35 റൺസോടെ പുറത്താകാതെ നിന്നു. മാനവ് സുതാർ 43 പന്തിൽ 19 റൺസെടുത്തു. ഇന്ത്യ ഡിയ്ക്കായി സാരാൻഷ് ജെയിൻ 22 ഓവറിൽ 92 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയും അക്ഷർ പട്ടേൽ 22 ഓവറിൽ 54 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തേ, നാലു റൺസിന്റെ നേരിയ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ഡി 58.1 ഓവറിൽ 236 റൺസിന് ഓൾഔട്ടായിരുന്നു. 19.1 ഓവറിൽ 49 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ മാനവ് സുതറാണ് ഇന്ത്യ ഡിയെ തകർത്തത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ പ്രകടനമാണ് അവർക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അയ്യർ 44 പന്തിൽ 54 റൺസെടുത്തും പടിക്കൽ 70 പന്തിൽ 56 റൺസെടുത്തും പുറത്തായി. റിക്കി ഭുയി 91 പന്തിൽ 44 റൺസെടുത്തു. ഇന്ത്യ സിയ്ക്കായി സുതറിനു പുറമേ വൈശാഖ് 12 ഓവറിൽ 61 റൺസ് വഴങ്ങി രണ്ടു വിക്കറ്റും അൻഷുൽ കംബോജ് 12 ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

English Summary:

Duleep Trophy, India C beat India D Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com