‘കൃത്യസമയത്ത്’ പന്ത് ഫോമിലേക്ക്, 47 പന്തിൽ 61 (9x4, 2x6); 600ലധികം ദിവസങ്ങൾക്കു ശേഷം ടെസ്റ്റ് ടീമിലേക്ക്?
Mail This Article
ബെംഗളൂരു∙ ജീവൻ തന്നെ നഷ്ടമാകുമെന്ന നിലയിലേക്ക് നയിച്ച അപകടത്തിനു ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ യുവതാരം ഋഷഭ് പന്ത്, ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫോമിലേക്ക്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിച്ചിട്ട് 600ലധികം ദിവസങ്ങളായെങ്കിലും, ബംഗ്ലദേശിനെതിരായ പരമ്പരയിലും ടീമിൽ ഇടം ഉറപ്പിച്ചാണ് ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യ ബിയ്ക്കായി പന്തിന്റെ തകർപ്പൻ പ്രകടനം.
മത്സരത്തിലാകെ 47 പന്തുകൾ നേരിട്ട പന്ത്, ഒൻപതു ഫോറും രണ്ടു സിക്സും സഹിതം നേടിയത് 61 റൺസ്. ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ എയ്‌ക്കെതിരെ ഒന്നാം ഇന്നിങ്സിൽ 90 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ ബി, രണ്ടാം ഇന്നിങ്സിൽ 42 ഓവറിൽ 184 റൺസിന് പുറത്തായി. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ അവർ ഇന്ത്യ എയ്ക്കു മുന്നിൽ ഉയർത്തിയത് 275 റൺസ് വിജയലക്ഷ്യം.
രണ്ടാം ഇന്നിങ്സിൽ ഒരിക്കൽക്കൂടി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യ ബിയെ ഇത്തവണ താങ്ങിനിർത്തുന്നതിൽ നിർണായകമായത് പന്തിന്റെ ഇന്നിങ്സ്. 22 റൺസ് എടുക്കുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ ബിയ്‌ക്കായി, നാലാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടും അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറിയുടെ വക്കിലെത്തിയ കൂട്ടുകെട്ടുമാണ് ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ തീർത്തത്.
സർഫറാസ് ഖാനൊപ്പമാണ് നാലാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ട് തീർത്തത്. സർഫറാസ് പുറത്തായതിനു പിന്നാലെ നിതീഷ് റെഡ്ഡിക്കൊപ്പം 46 റൺസ് കൂട്ടുകെട്ടു കൂടി.
ഒന്നാം ഇന്നിങ്സിലും തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യ ബിയ്‌ക്ക് കരുത്തായത് സർഫറാസ് ഖാന്റെ സഹോദരൻ പത്തൊൻപതുകാരനായ മുഷീർ ഖാന്റെ സെഞ്ചറിയും നവ്ദീപ് സെയ്നിയുടെ അർധസെഞ്ചറിയുമാണ്. മുഷീർ ഖാൻ 373 പന്തിൽ 181 റൺസെടുത്തും സെയ്നി 144 പന്തിൽ 56 റൺസെടുത്തും പുറത്തായി.
പന്തിന്റെ പ്രകടനം ഇന്ത്യ ബിയുടെ ഇന്നിങ്സിൽ നിർണായകമായതോടെ, ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം ടീമിലെത്താനും സാധ്യത തെളിഞ്ഞു. 2022 ഡിസംബറിലാണ് പന്ത് ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്. ദുലീപ് ട്രോഫിയിൽ കളിക്കുന്ന മറ്റ് മൂന്നു ടീമുകളിലെയും വിക്കറ്റ് കീപ്പർമാർക്ക് അത്രകണ്ട് തിളങ്ങാനാകാതെ പോയതും പന്തിന് അനുകൂലമായേക്കും. മലയാളി താരം സഞ്ജു സാംസണിന് ആദ്യ മത്സരത്തിൽ അവസരം ലഭിച്ചതുമില്ല.