സിക്സടിച്ച് അർധ സെഞ്ചറി, വരുൺ നായനാരുടെ ബാറ്റിങ് വെടിക്കെട്ട്; കൊച്ചിയെ വീഴ്ത്തി തൃശൂർ
Mail This Article
തിരുവനന്തപുരം∙ കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തകർത്ത് തൃശൂർ ടൈറ്റൻസ്. ഏഴു വിക്കറ്റ് വിജയമാണ് തൃശൂർ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. വിജെഡി നിയമപ്രകാരം 16 ഓവറില്‍ തൃശൂരിന്റെ വിജയ ലക്ഷ്യം 136 ആക്കി പുനഃക്രമീകരിക്കുകയായിരുന്നു. 15 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ തൃശൂർ വിജയത്തിലെത്തി. ക്യാപ്റ്റന്‍ വരുണ്‍ നായനാരുടെ അര്‍ധ സെഞ്ചറി (38 പന്തില്‍ പുറത്താകാതെ 63 റണ്‍സ്) തൃശൂരിനെ വിജയത്തിലേക്കു നയിച്ചു. ടോസ് നേടിയ തൃശൂര്‍ കൊച്ചിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
ഒന്‍പതാം ഓവറില്‍ മഴ കളി തടസപ്പെടുത്തി. ഈ സമയം രണ്ടു വിക്കറ്റിന് 50 എന്ന നിലയിലായിരുന്നു കൊച്ചി. വീണ്ടും ബാറ്റിങ്ങിനിറങ്ങിയ കൊച്ചിക്ക് ഷോണ്‍ റോജറിന്റെ വിക്കറ്റ് ടീം സ്‌കോര്‍ 57 ലെത്തിയപ്പോള്‍ നഷ്ടമായി. 23 പന്തില്‍ 23 റണ്‍സ് നേടിയ ഷോണിനെ പി. മിഥുൻ മടക്കി. തുടര്‍ന്ന് സിജോമോന്‍ ജോസഫും നിഖില്‍ തോട്ടത്തിലും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. 38 പന്തില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 78 റണ്‍സ് അടിച്ചെടുത്തു. 23 പന്ത് നേരിട്ട നിഖില്‍ മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സ് സ്വന്തമാക്കി. വീണ്ടും മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് 16 ഓവറായി മത്സരം ചുരുക്കിയത്. 16 ഓവറില്‍ നാലിന് 130 എന്ന സ്‌കോറിന് കൊച്ചി ബാറ്റിങ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിൽ തൃശൂർ ഓപ്പണർ ആനന്ദിനെ ജെറിന്‍ ബേസിലിന്റെ കൈകളിലെത്തിച്ചപ്പോള്‍ ടീം സ്കോർ വെറും ഒൻപതു റൺസ് മാത്രമായിരുന്നു. സ്‌കോര്‍ 22 ലെത്തിയപ്പോള്‍ ആറു റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റും നഷ്ടമായി. തുടര്‍ന്ന് വരുണ്‍ നായനാരും വിഷ്ണു വിനോദും ചേര്‍ന്നുള്ള കൂട്ടുകെട്ട് 10 ഓവറില്‍ തൃശൂരിനെ 72 ലെത്തിച്ചു. 13-ാം ഓവറിലെ രണ്ടാം പന്ത് സിക്‌സർ പറത്തി വരുണ്‍ നായനാര്‍ അര്‍ധ സെഞ്ചറി നേടി.
33 പന്തില്‍ നിന്നും 46 റണ്‍സെടുത്ത വിഷ്ണു വിനോദിനെ സിജോമോന്‍ ജോസഫ് പുറത്താക്കുമ്പോള്‍ തൃശൂര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എന്ന നിലയിലായിരുന്നു. തുടര്‍ന്നെത്തിയ അക്ഷയ് മനോഹറുമായി ചേര്‍ന്ന ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ 15-ാം ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു. വരുണ്‍ നായനാരാണ് കളിയിലെ താരം.