ADVERTISEMENT

തിരുവനന്തപുരം∙ സല്‍മാന്‍ നിസാറിന്റെ ബാറ്റിങ് മികവില്‍ കേരളാ ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരേ മൂന്നു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. 170 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് 19.5-ാം ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. കാലിക്കറ്റിന്റെ വിജയത്തിന് നിര്‍ണായകമായത് സല്‍മാന്‍ നിസാറിന്റെ പ്രകടനമാണ്. 43 പന്തില്‍ നിന്ന് ആറു സിക്‌സും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ സല്‍മാന്‍ പുറത്താകാതെ 73 റണ്‍സെടുത്തു.

അവസാന ഓവറിൽ 21 റൺസ് ആയിരുന്നു കാലിക്കറ്റിന്റെ വിജയലക്ഷ്യം. സല്‍മാനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ടോസ് നേടിയ കാലിക്കറ്റ് കൊച്ചിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഷോണ്‍ റോജറിന്റെ മികച്ച ബാറ്റിങ്ങിന്റെ കരുത്തില്‍ കൊച്ചി മികച്ച സ്‌കോറാണു പടുത്തുയര്‍ത്തിയത്. 38 പന്തില്‍ പുറത്താകാതെ ഷോണ്‍ 78 റണ്‍സ് നേടി. അഞ്ചു സിക്‌സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഷോണിന്റെ ഇന്നിങ്സ്. ജോബിന്‍ ജോബിനും ആനന്ദ് കൃഷ്ണനും ചേര്‍ന്നുള്ള കൊച്ചിയുടെ ഓപ്പണിങ് കൂട്ടുകെട്ട് സ്‌കോര്‍ 40ലെത്തിയപ്പോള്‍ അവസാനിച്ചു. ഒരു വശത്ത് ഷോണ്‍ റോജര്‍ മികച്ച ബാറ്റിങ് നടത്തി റണ്‍ റേറ്റ് ഉയർത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു. 

നിഖില്‍ തോട്ടത്ത് ഷോണ്‍ റോജറുമൊത്ത് നടത്തിയ ബാറ്റിങ് ആണ് സ്‌കോര്‍ 160 കടത്തിയത്. 12 പന്തില്‍ നിന്ന് രണ്ടു സിക്‌സും രണ്ടു ബൗണ്ടറിയും ഉള്‍പ്പെട 30 റണ്‍സുമായി നിഖില്‍ പുറത്താകാതെ നിന്നു. 20 ഓവറില്‍ നാലിന് 169 എന്ന നിലയില്‍ കൊച്ചിയുടെ ഇന്നിങ്സ് അവസാനിച്ചു. 170 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കാലിക്കറ്റിന് തുടക്കം ഒട്ടും ശുഭകരമായിരുന്നില്ല. സ്‌കോര്‍ 24 ലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് വീണു. സിജോമോന്റെ പന്തില്‍ പി.എസ്. ജെറിന്‍ ക്യാച്ചെടുത്ത് കാലിക്കറ്റ് ക്യാപ്റ്റനെ പുറത്താക്കി. എട്ടു പന്തില്‍ 16 റണ്‍സായിരുന്നു രോഹന്‍ സ്വന്തമാക്കിയത്. സ്‌കോര്‍ 49 ല്‍ വെച്ച് ഒമര്‍ അബൂബക്കറിനെ (23 പന്തില്‍ 26) കാലിക്കറ്റിന് നഷ്ടമായി.

അഖില്‍ സ്‌കറിയ(16), എം. അജിനാസ്(ഒന്ന്), പള്ളം അന്‍ഫല്‍ (പൂജ്യം), അഭിജിത് പ്രവീണ്‍(നാല്) എന്നിവര്‍ അതിവേഗം പുറത്തായതോടെ ആറു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സ് എന്ന നിലയിലായി കാലിക്കറ്റ്. സല്‍മാന്‍ നിസാര്‍- എം. നിഖില്‍ കൂട്ടുകെട്ട് കാലിക്കറ്റിനെ 15-ാം ഓവറില്‍ 100 കടത്തി. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയിലായിരുന്നു കാലിക്കറ്റ്. ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍ എറിഞ്ഞ 17-ാം ഓവറില്‍ ഇവര്‍ അടിച്ചുകൂട്ടിയത് 25 റണ്‍സായിരുന്നു. ബേസില്‍ തമ്പി എറിഞ്ഞ 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷോണ്‍ റോജറിന് ക്യാച്ച് നല്‍കി എം. നിഖില്‍ പുറത്തുപോയി. വിജയിക്കാന്‍ 12 പന്തില്‍ 30 റണ്‍സെന്ന നിലയിലായിരുന്നു കാലിക്കറ്റ്. അനൂപ് എറിഞ്ഞ 19-ാം ഓവറില്‍ ഒരു കൂറ്റന്‍ സിക്‌സ് അടിച്ച സല്‍മാന്‍ ഈ ഓവറില്‍ അര്‍ധ സെഞ്ചറിയും നേടി. അവസാന ഓവറില്‍ 21 റണ്‍സായിരുന്നു കാലിക്കറ്റിന് ജയിക്കാൻ ആവശ്യം. പി.എസ്. ജെറിന്‍ എറിഞ്ഞ ആദ്യ മൂന്നു പന്തും സിക്സര്‍ പറത്തി സല്‍മാന്‍ കാലിക്കറ്റിന് വിജയം ഉറപ്പിച്ചു.

English Summary:

Calicut Globstars beat Kochi Blue Tigers in KCL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com