സൺഗ്ലാസും അണിഞ്ഞെത്തി പൂജ്യത്തിന് പുറത്ത്; ചർച്ചകളിൽ നിറഞ്ഞ് ശ്രേയസ് അയ്യർ, വ്യാപക ട്രോളും– വിഡിയോ
Mail This Article
ബെംഗളൂരു∙ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ദുലീപ് ട്രോഫി മത്സരത്തിനിടെ ഇന്ത്യ എയ്‌ക്കെതിരെ സൺഗ്ലാസ് ധരിച്ച് ബാറ്റിങ്ങിനെത്തി ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഏഴു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ അയ്യർ പൂജ്യത്തിന് പുറത്തായതോടെ, സംഭവം വ്യാപക ചർച്ചയാവുകയും ചെയ്തു. മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ അയ്യരുടെ സൺഗ്ലാസും ഡക്കുമായി ബന്ധപ്പെട്ട ചർച്ചകളിൽ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. സൺഗ്ലാസും ധരിച്ചെത്തി പൂജ്യത്തിന് പുറത്തായതോടെ അയ്യർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ബോൾ ചെയ്യുമ്പോൾ സ്പിന്നർമാരും മത്സരത്തിനിടെ ഫീൽഡർമാരും സൺഗ്ലാസ് ധരിക്കുന്നത് ക്രിക്കറ്റിൽ പൊതുവായ കാഴ്ചയാണെങ്കിലും ബാറ്റർമാർ സൺഗ്ലാസ് ധരിക്കാറില്ല. അയ്യരും ബാറ്റിങ്ങിനിടെ ഇതിനു മുൻപ് സൺഗ്ലാസ് ധരിച്ചിട്ടില്ല. എന്നാൽ, ദുലീപ് ട്രോഫി ടൂർണമെന്റിന്റെ രണ്ടാം ദിനം ബാറ്റിങ്ങിന് എത്തിയപ്പോഴാണ് താരം സൺഗ്ലാസ് ധരിച്ചെത്തി വിസ്മയിപ്പിച്ചത്.
അയ്യർ ഗ്രൗണ്ടിലേക്കു വരുന്നതു കണ്ടപ്പോൾത്തന്നെ കമന്റേറ്റർമാർ ഉൾപ്പെടെ അതേക്കുറിച്ച് പ്രതികരിക്കുന്നുണ്ടായിരുന്നു. ‘സൺഗ്ലാസ് ധരിക്കാൻ മാത്രം വിഷയമുണ്ടോ’ എന്നായിരുന്നു മുൻ ഇന്ത്യൻ താരം കൂടിയായ കമന്റേറ്റർ അശോക് മൽഹോത്രയുടെ ചോദ്യം. ‘വെളിച്ചക്കൂടുതൽ ഉണ്ടെന്നാണ് തോന്നുന്നത്’ എന്ന് മുൻ ഇന്ത്യൻ താരം കൂടിയായ സഹ കമന്റേറ്റർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ തമാശരൂപേണ പ്രതികരിക്കുകയും ചെയ്തു.
സൺഗ്ലാസ് ധരിച്ചെത്തിയ അയ്യർ പക്ഷേ, വളരെ പെട്ടെന്നു തന്നെ പുറത്തായതോടെയാണ് സംഭവം വൈറലായത്. ഏഴു പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിൽ റണ്ണൊന്നുമെടുക്കാനാകാതെ ഖലീൽ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു അയ്യരുടെ മടക്കം.
‘ചില താരങ്ങൾ സൺഗ്ലാസ് ധരിച്ച് ഫീൽഡ് ചെയ്യാറുണ്ട് .ചിലർ ധരിക്കാറില്ല. അതെല്ലാം വ്യക്തിപരമായ താൽപര്യങ്ങളാണ്’ – മുൻ താരവും പരിശീലകനുമായ ഡബ്ല്യു.വി. രാമൻ പറഞ്ഞു.