ADVERTISEMENT

ബെംഗളൂരു∙ ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. കടുത്ത വിമർശനങ്ങൾക്കും പരാതികൾക്കുമൊടുവിൽ ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ഡി ടീമിൽ അവസരം ലഭിച്ച സഞ്ജു, ഒന്നാം ഇന്നിങ്സിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ആറു പന്തിൽ ഒരു ഫോർ സഹിതമാണ് സഞ്ജു അഞ്ച് റൺസെടുത്തത്. സഞ്ജു സാംസൺ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡി ബാറ്റിങ് തകർച്ച നേരിടുകയാണ്.

രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 27 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഡി. 67 പന്തിൽ ആറു ഫോർ സഹിതം 40 റൺസുമായി ക്രീസിലുള്ള ദേവ്ദത്ത് പടിക്കലിലാണ് ടീമിന്റെ പ്രതീക്ഷ. റിക്കി ഭുയി 38 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 22 റൺസോടെയും ക്രീസിലുണ്ട്. നാലു വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ ഡിയെ, പിരിയാത്ത അഞ്ചാം വിക്കറ്റിൽ 34 റൺസ് കൂട്ടിച്ചേർത്ത ദേവ്ദത്ത് – റിക്കി ഭുയി സഖ്യമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ബാറ്റിങ് തകർച്ചയ്ക്കിടെ അഞ്ചാമനായി ക്രീസിലെത്തിയ  സ‍ഞ്ജു ഫോറടിച്ച് തുടക്കമിട്ടെങ്കിലും, ആറു പന്തു മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ ആക്വിബ് ഖാന് വിക്കറ്റ് സമ്മാനിച്ചാണ് പുറത്തായത്. ശ്രേയസ് അയ്യർ ഏഴു പന്തു നേരിട്ടെങ്കിലും റണ്ണൊന്നുമെടുക്കാനാകാെത മടങ്ങി. ഓപ്പണർമാരായ അഥർവ തായ്ഡെ (മൂന്നു പന്തിൽ നാല്), യഷ് ദുബെ (41 പന്തിൽ 14), എന്നിവരും നിരാശപ്പെടുത്തി. റിക്കി ഭുയി 12 പന്തിൽ ഒരു റണ്ണുമായി ക്രീസിലുണ്ട്

ഇന്ത്യ എയ്ക്കായി ഖലീൽ അഹമ്മദ് നാല് ഓവറിൽ 16 റൺസ് വഴങ്ങിയും ആക്വിബ് ഖാൻ ആറ് ഓവറിൽ 11 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തേ, ഇന്ത്യ എ ഒന്നാം ഇന്നിങ്സിൽ 84.3 ഓവറിൽ 290 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ചറി നേടിയ ഷംസ് മുളാനിയാണ് അവരുടെ ടോപ് സ്കോറർ. മുളാനി 187 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 89 റൺസെടുത്ത് പുറത്തായി. തനുഷ് കൊട്ടിയൻ 80 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 53 റൺസുമെടുത്തു.

റിയാൻ പരാഗ് (29 പന്തിൽ 37), തിലക് വർമ (33 പന്തിൽ 10), ശാശ്വത് റാവത്ത് (19 പന്തിൽ 15), കുമാർ കുശാഗ്ര (66 പന്തിൽ 28) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം. ഖലീൽ അഹമ്മദ് 15 പന്തിൽ മൂന്നു ഫോർ സഹിതം 16 റൺസുമായി പുറത്താകാതെ നിന്നു. 

ഇന്ത്യ ഡിയ്ക്കായി ഹർഷിത് റാണ 17.3 ഓവറിൽ 51 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. വിദ്വത് കവേരപ്പ 15 ഓവറിൽ 30 റൺസ് വഴങ്ങിയും അർഷ്ദീപ് സിങ് 18 പന്തിൽ 73 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സാരാൻഷ് ജെയിൻ, സൗരഭ് കുമാർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. 

English Summary:

On Return to First-Class Cricket, Sanju Samson Dismissed Cheaply For Five

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com