കാര്യവട്ടത്ത് റൺമഴയുടെ പിറ്റേന്ന് റൺവരൾച്ച; ഒടുവിൽ കൊച്ചിക്കെതിരെ ‘ടൈറ്റ്’ മത്സരത്തിൽ കടന്നുകൂടി തൃശൂർ
Mail This Article
തിരുവനന്തപുരം∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് വിസ്മയം സൃഷ്ടിച്ചതിന്റെ തൊട്ടടുത്ത ദിവസം, റൺവരൾച്ച കൊണ്ടും ശ്രദ്ധേയമായി തൃശൂർ ടൈറ്റൻസിന്റെ മത്സരം. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിൽ കടുത്ത റൺദാരിദ്ര്യം നേരിട്ടെങ്കിലും, 85 റൺസിന്റെ താരതമ്യേന ദുർബലമായ വിജയലക്ഷ്യം അവർ 13 പന്തും നാലു വിക്കറ്റും ബാക്കിയാക്കി മറികടന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് 17 ഓവറിൽ 84 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ തൃശൂർ വിറച്ചെങ്കിലും 13 പന്തു ബാക്കിയാക്കി അവർ ലക്ഷ്യത്തിലെത്തി.
താരതമ്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത തൃശൂരിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചറിയുമായി കരുത്തുകാട്ടിയ വിഷ്ണു വിനോദ് നാലു റൺസുമായി ആദ്യ ഓവറിൽത്തന്നെ പുറത്ത്. 29 പന്തിൽ മൂന്നു ഫോറുകളോടെ 24 റൺസെടുത്ത അഹമ്മദ് ഇമ്രാനാണ് അവരുടെ ടോപ് സ്കോറർ. ആറിന് 61 റൺസ് എന്ന നിലയിൽ തകർന്ന തൃശൂർ തോൽവി മുന്നിൽക്കണ്ടെങ്കിലും, പിരിയാത്ത ഏഴാം വിക്കറ്റിൽ 28 പന്തിൽ 24 റൺസ് അടിച്ച പി.മിഥുൻ, ഈദൻ ആപ്പിൾ ടോം എന്നിവരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മിഥുൻ 31 പന്തിൽ മൂന്നു ഫോറുകൾ സഹിതം 23 റൺസോടെയും ഈദൻ ആപ്പിൾ ടോം 16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 12 റൺസോടെയും പുറത്താകാതെ നിന്നു.
കൊച്ചി ബ്ലൂ ടൈഗേഴ്സിനായി ക്യാപ്റ്റൻ ബേസിൽ തമ്പി നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. പി.എസ്. ജെറിൻ, സിജോമോൻ ജോസഫ്, ഷൈൻ ജോൺ ജേക്കബ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് 17 ഓവറിൽ വെറും 84 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. കൊച്ചി നിരയിൽ കണ്ടക്കം കണ്ട ഏക താരം ഓപ്പണർ ആനന്ദ് കൃഷ്ണനാണ്. 26 പന്തുകൾ നേരിട്ട ആനന്ദ് ഒരു ഫോറും രണ്ടു സിക്സും സഹിതം 26 റൺസെടുത്ത് പുറത്തായി. കഴിഞ്‍ മത്സരത്തിൽ അർധസെഞ്ചറി നേടിയ യുവതാരം ഷോൺ റോജർ ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മുഹമ്മദ് ഇഷാഖാണ് കൊച്ചിയെ തകർത്തത്. എം.ഡി. നിധീഷ് മൂന്ന് ഓവറിൽ 12 റൺസ് വഴങ്ങി മൂന്നും, മോനു കൃഷ്ണ രണ്ട് ഓവറിൽ 18 റൺസ് വഴങ്ങിയും പി.മിഥുൻ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും ഓരോ വിക്കറ്റും സ്വന്തമാക്കി.