ADVERTISEMENT

കാഡിഫ്∙ തുടർവിജയങ്ങൾക്കൊടുവിൽ രാജ്യാന്തര ട്വന്റി20യിൽ തോൽവി വഴങ്ങി ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ മൂന്നു വിക്കറ്റിനാണ് ഓസീസിന്റെ തോൽവി. കാഡിഫിലെ സോഫിയ ഗാർഡൻസിൽ കൂറ്റൻ സ്കോർ ഉയർത്തി വെല്ലുവിളിച്ച ഓസീസിനെ, തകർപ്പൻ തിരിച്ചടിയിലൂടെയാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 193 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഓവറും മൂന്നു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.

ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇരു ടീമുകളും 1–1ന് ഒപ്പമെത്തി. മിച്ചൽ മാർഷിനു പകരം ഓപ്പണർ ട്രാവിസ് ഹെഡാണ് ഈ മത്സരത്തിൽ ഓസീസിനെ നയിച്ചത്. അർധസെഞ്ചറിയും രണ്ടു വിക്കറ്റും നേടിയ ലിവിങ്സ്റ്റണാണ് കളിയിലെ കേമൻ. ഓസീസ് തോറ്റെങ്കിലും അഞ്ച് വിക്കറ്റും 28 റൺസും നേടിയ മാത്യു ഷോർട്ടിന്റെ പ്രകടനം ശ്രദ്ധേയമായി.

ഓസീസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ഇംഗ്ലണ്ടിന്, നാലാമനായി എത്തിയ ലിയാം ലിവിങ്സ്റ്റണിന്റെ ബാറ്റിങ് വെടിക്കെട്ടാണ് വിജയമൊരുക്കിയത്. 47 പന്തുകൾ നേരിട്ട ലിവിങ്സ്റ്റൺ ആറു ഫോറും അഞ്ച് സിക്സും സഹിതം 87 റൺസെടുത്താണ് പുറത്തായത്. ജേക്കബ് ബെതേൽ (24 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 44), ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഫിൽ സാൾട്ട് (23 പന്തിൽ 39) എന്നിവരുെട പ്രകടനങ്ങളും നിർണായകമായി. വിജയത്തിനു തൊട്ടരികെ ലിയാം ലിവിങ്സ്റ്റൺ ഉൾപ്പെടെയുള്ളവർ പുറത്തായെങ്കിലും ഇംഗ്ലണ്ട് ഒരു ഓവർ ബാക്കിനിൽക്കെ വിജയത്തിലെത്തി.

നാലാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടിന് 10 റൺസ് മാത്രം അകലെവച്ച് പിരിഞ്ഞ ജേക്കബ്–ലിവിങ്സ്റ്റൺ സഖ്യമാണ് ഇംഗ്ലണ്ട് വിജയത്തിന് അടിത്തറയിട്ടത്. 47 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് 90 റൺസ് അടിച്ചുകൂട്ടിയത്. ഇവർക്കു പുറമേ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ട ഏക താരം 10 പന്തിൽ 12 റൺസെടുത്ത വിൽ ജാക്സ് മാത്രം. ജോർദാൻ കോക്സ് (0), സാം കറൻ (1), ബ്രൈഡൻ കേഴ്സ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓസീസിനായി മാത്യു ഷോർട്ട് മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷോൺ ആബട്ടിന് രണ്ടു വിക്കറ്റ് ലഭിച്ചു.

നേരത്തേ, മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനമാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. അർധസെഞ്ചറി നേടിയ ജെയ്ക് ഫ്രേസറാണ് ഓസീസിന്റെ ടോപ് സ്കോറർ. ജെയ്ക് 31 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 50 റൺസെടുത്തു. ജോഷ് ഇൻഗ്ലിസ് (26 പന്തിൽ 42), ട്രാവിസ് ഹെഡ് (14 പന്തിൽ 31), മാത്യു ഷോർട്ട് (24 പന്തിൽ 28) എന്നിങ്ങനെയാണ് പ്രധാന താരങ്ങളുടെ പ്രകടനം. അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെ എട്ടു പന്തിൽ 13 റൺസെടുത്ത കാമറോൺ ഗ്രീൻ, ഒൻപതു പന്തിൽ 20 റൺസെടുത്ത ആരോൺ ഹാർഡി എന്നിവരും ഓസീസ് സ്കോർ 190 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിനായി ബ്രൈഡൻ കേഴ്സ്, ലിവിങ്സ്റ്റൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സാം കറൻ, ആദിൽ റഷീദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary:

Livingstone and Bethell star as England level T20I series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com