പൊരുതിവീണ് തൃശൂർ, കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ കൊല്ലം സെയ്‍ലേഴ്സ്– കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് പോരാട്ടം
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ ഏരീസ് കൊല്ലം സെയ്‍ലേഴ്സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. ചൊവ്വാഴ്ച നടന്ന രണ്ടാം സെമി ഫൈനലിൽ തൃശൂർ ടൈറ്റൻസിനെതിരെ കൊല്ലം 16 റൺസ് വിജയം നേടി. കൊല്ലം ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തൃശൂരിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.
മറുപടി ബാറ്റിങ്ങിൽ 27 പന്തിൽ 48 റൺസെടുത്ത അക്ഷയ് മനോഹറാണ് തൃശൂർ ടൈറ്റൻസിന്റെ ടോപ് സ്കോറർ. വിഷ്ണു വിനോദ് (13 പന്തിൽ 37), ക്യാപ്റ്റൻ വരുൺ നായനാർ (19 പന്തിൽ 33), എം.ഡി. നിധീഷ് (22 പന്തിൽ 42) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങിയെങ്കിലും തൃശൂരിനു വിജയത്തിലെത്താൻ അതുമതിയായിരുന്നില്ല. കൊല്ലത്തിനായി ബേസിൽ എൻ.പി മൂന്നു വിക്കറ്റുകളും ബിജു നാരായണൻ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. ബുധനാഴ്ച വൈകിട്ട് 6.45നാണു ഫൈനൽ പോരാട്ടം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിനു വേണ്ടി ഓപ്പണർ അഭിഷേക് നായരും ക്യാപ്റ്റൻ സച്ചിന്‍ ബേബിയും വെടിക്കെട്ട് ബാറ്റിങ്ങാണു പുറത്തെടുത്തത്. 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കൊല്ലം 210 റൺസെടുത്തു. 61 പന്തുകൾ നേരിട്ട അഭിഷേക് അടിച്ചുകൂട്ടിയത് 103 റൺസ്. ബൗണ്ടറി കടന്നത് ആറ് സിക്സുകളും 11 ഫോറുകളും. സ്കോർ 48 ൽ നിൽക്കെ അരുൺ പൗലോസിനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയത് സച്ചിൻ ബേബി. അഭിഷേകിനൊപ്പം സച്ചിനും അടി തുടങ്ങിയതോടെ കൊല്ലം അനായാസം 200 കടന്നു. 49 പന്തുകൾ നേരിട്ട സച്ചിൻ ബേബി 83 റൺസുമായി പുറത്താകാതെനിന്നു.
ചൊവ്വാഴ്ച നടന്ന ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസിനെ 18 റൺസിനു തോൽപിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനൽ ഉറപ്പിച്ചത്. 174 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന റോയൽസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ.