‘36 റൺസിന് ഓൾഔട്ടായപ്പോൾ ഇന്ത്യൻ ക്യാംപിൽ കരോക്കെ ഗാനമേള, രവി ശാസ്ത്രി ഹിന്ദി ഗാനം പാടി’
Mail This Article
മുംബൈ∙ 2020 ലെ അഡ്‍ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ നാണംകെട്ട ഇന്ത്യ മത്സരശേഷം കരോക്കെ ഗാനമേള നടത്തിയെന്ന് ആർ. അശ്വിൻ. തോല്‍വിയുടെ ആഘാതത്തിൽനിന്നു താരങ്ങളെ മോചിപ്പിക്കുക ലക്ഷ്യമിട്ട് പരിശീലകൻ രവി ശാസ്ത്രിയുടെ നേതൃത്വത്തിലാണ് ഡിന്നറും ഗാനമേളയും സംഘടിപ്പിച്ചതെന്ന് അശ്വിൻ യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ പ്രതികരിച്ചു. അഡ്‍ലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ലീഡെടുത്ത ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ 36 റണ്‍സിന് ഓൾഔട്ടാകുകയായിരുന്നു.
ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറായിരുന്നു ഇത്. മത്സരം തോറ്റ ദിവസം രാത്രിയായിരുന്നു ഇന്ത്യൻ ടീം ക്യാംപിലെ ആഘോഷങ്ങൾ. ഗാനമേളയിൽ ഹിന്ദി ഗാനങ്ങൾ ആലപിച്ച രവി ശാസ്ത്രി താരങ്ങളുടെ മനസ്സു മാറ്റിയതായും അശ്വിൻ വ്യക്തമാക്കി. ‘‘ഞങ്ങൾ അന്ന് 36 റൺസിനു പുറത്തായതുകൊണ്ടു തന്നെ പരമ്പര വിജയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. ഡ്രസിങ് റൂമിലെ എല്ലാവരുടേയും മൂഡ് വളരെ മോശമായിരുന്നു. അപ്പോഴാണ് രവി ഭായി ഒരു ടീം ഡിന്നർ നടത്താൻ ആലോചിച്ചത്. അതിനൊപ്പം കരോക്കെ ഗാനമേളയും സംഘടിപ്പിച്ചു. തുടർന്ന് അദ്ദേഹം പാടാൻ തുടങ്ങി. രവി ഭായ്ക്കു പ്രിയപ്പെട്ട പഴയ ഹിന്ദി ഗാനങ്ങളാണു പ്രധാനമായും ആലപിച്ചത്.’’–അശ്വിൻ വ്യക്തമാക്കി.
വലിയ തോൽവിക്കു ശേഷം ഇന്ത്യൻ താരങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിൽ ശാസ്ത്രി വിജയിച്ചതായും അശ്വിൻ പ്രതികരിച്ചു. ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞ് തോറ്റതോടെ ഇന്ത്യയുടെ തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെൽബണിലും ബ്രിസ്‍ബെയ്നിലെ ഗാബയിലും ചരിത്ര വിജയം നേടിയാണ് ഇന്ത്യ രണ്ടാം തവണ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിച്ചത്.
1989ന് ശേഷം ഗാബയിൽ ഓസ്ട്രേലിയയെ തോൽപിക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ ഇന്ത്യയുടെ പേരിലായി. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. വിരാട് കോലിയും അജിന്‍ക്യ രഹാനെയുമായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്.