ADVERTISEMENT

മുബൈ∙ ക്രിക്കറ്റ് ഗ്രൗണ്ടിലെ തർക്കങ്ങളെക്കുറിച്ചു ചർച്ച ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും പരിശീലകൻ ഗൗതം ഗംഭീറും. ബിസിസിഐ പുറത്തിറക്കുന്ന വിഡിയോയിലാണ് ഇരുവരും ഗ്രൗണ്ടിലെ സമ്മർദമേറിയ സാഹചര്യങ്ങളേക്കുറിച്ചു സംസാരിച്ചത്. എതിരാളികളുമായി ഗ്രൗണ്ടിൽവച്ച് സംസാരിക്കുമ്പോൾ എന്താണു തോന്നുന്നതെന്ന് ചർച്ചയുടെ ഒരു ഘട്ടത്തിൽ വിരാട് കോലി, ഗൗതം ഗംഭീറിനോടു ചോദിക്കുന്നുണ്ട്. 

എന്നെക്കാൾ കൂടുതൽ തര്‍ക്കിച്ചിട്ടുള്ളത് നിങ്ങളാണെന്നായിരുന്നു ഗംഭീർ കോലിക്കു നല്‍കിയ മറുപടി. ഗംഭീറിന്റെ വാക്കുകൾ കേട്ട് കോലി പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്.‘‘നിങ്ങളാണ് എന്നെക്കാൾ കൂടുതല്‍ തർക്കിച്ചിട്ടുള്ളത്. എന്നെക്കാളും നന്നായി ഈ ചോദ്യത്തിന് താങ്കൾക്ക് ഉത്തരം പറയാൻ സാധിക്കുമെന്നാണ് തോന്നുന്നത്.’’– ഗംഭീർ പറഞ്ഞു. ഞാൻ ഒരു വിലയിരുത്തലിനാണു ശ്രമിക്കുന്നതെന്നായിരുന്നു കോലിയുടെ വാക്കുകൾ.

ഗ്രൗണ്ടിലെ രോഷപ്രകടനങ്ങളുടെ പേരിൽ പലവട്ടം വാർത്തകളിൽ ഇടം പിടിച്ചവരാണ് ഗംഭീറും കോലിയും. ഐപിഎല്ലിൽ രണ്ടു താരങ്ങളും നേർക്കുനേർ വന്ന സാഹചര്യവുമുണ്ടായി. ഗംഭീർ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ മെന്ററായിരിക്കെയായിരുന്നു സംഭവം. ആർസിബി താരമായിരുന്ന കോലി ലക്നൗവിന്റെ നവീന്‍ ഉൾ ഹഖിനെ ഗ്രൗണ്ടിൽവച്ച് അപമാനിച്ചെന്നായിരുന്നു ഗംഭീറിന്റെ ആരോപണം. കോലി ഷൂസിലെ പുല്ല് എടുത്ത് നവീനു നേരെ ഉയർത്തിക്കാട്ടിയതാണ് ഗംഭീറിനെ അന്ന് പ്രകോപിപ്പിച്ചത്.

മത്സരത്തിനു ശേഷം കോലിയുമായി രൂക്ഷമായ ഭാഷയിലാണ് ഗംഭീർ തർക്കിച്ചത്. തന്റെ ടീമംഗത്തെ സംരക്ഷിക്കാൻ ആർക്കെതിരെയും സംസാരിക്കുമെന്ന് ഗംഭീർ അന്നു പ്രതികരിച്ചിരുന്നു. ഇന്ത്യൻ പരിശീലകന്റെ ചുമതല ലഭിച്ചതോടെ ഗംഭീറും കോലിയും പിണക്കം മറന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിച്ച ശേഷമാണ് ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായത്.

English Summary:

You've had more altercations than me: Gautam Gambhir to Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com