ADVERTISEMENT

അനന്ത്പുർ∙ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറിയുമായി പടനയിക്കുന്ന ക്യാപ്റ്റൻ അഭിമന്യു ഈശ്വരന്റെ മികവിൽ, ഇന്ത്യ ഡിയ്‌ക്കെതിരായ ദുലീപ് ട്രോഫി മത്സരത്തിൽ ഇന്ത്യ ബി പൊരുതുന്നു. മലയാളി താരം സഞ്ജു സാംസൺ പൊരുതി നേടിയ സെഞ്ചറിയുടെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ 349 റൺസെടുത്ത ഇന്ത്യ ഡിയ്‌ക്കെതിരെ, രണ്ടാം ദിനം കളി നിർത്തുമ്പോൾ 58 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബി. വാഷിങ്ടൻ സുന്ദർ 39 റൺസോടെയും രാഹുൽ ചാഹർ റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ. നാലു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 139 റൺസ് പിന്നിലാണ് ഇന്ത്യ ബി.

ഒരു ഘട്ടത്തിൽ അഞ്ചിന് 100 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യ ബിയ്ക്ക്, ആറാം വിക്കറ്റിൽ അഭിമന്യു – വാഷിങ്ടൻ സുന്ദർ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. ആകെ 178 പന്തുകൾ നേരിട്ട ഇവരുടെ സഖ്യം, സ്കോർബോർഡിൽ എത്തിച്ചത് 105 റൺസ്. 170 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതമാണ് അഭിമന്യു 116 റൺസെടുത്തത്. ഇതുവരെ 89 പന്തുകൾ നേരിട്ട വാഷിങ്ടൻ സുന്ദർ മൂന്നു ഫോറുകളോടെയാണ് 39 റൺസെടുത്തത്.

ഇന്ത്യൻ ട്വന്റി20 ടീം നായകൻ സൂര്യകുമാർ യാദവ്, കഴിഞ്ഞ മത്സരത്തിലെ സെഞ്ചറി വീരൻ മുഷീർ ഖാൻ‌ എന്നിവരെ നിസാര സ്കോറിനു പുറത്താക്കിയ ഇന്ത്യ ഡിയ്ക്ക്, ഒരിക്കൽക്കൂടി ക്യാപ്റ്റൻ അഭിമന്യു ഈശ്വരന്റെ ചെറുത്തുനിൽപ്പാണ് തലവേദനയായത്. വാഷിങ്ടൻ സുന്ദർ അവസരോചിതമായ ബാറ്റിങ്ങിലൂടെ ക്യാപ്റ്റനു കൂട്ടുനിന്നു. ഇവർക്കു പുറമേ ഇന്ത്യ ബി നിരയിൽ മറ്റാർക്കും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഓപ്പണർ എൻ.ജഗദീശൻ (16 പന്തിൽ 13), സുയാഷ് പ്രഭുദേശായ് (42 പന്തിൽ 16), മുഷീർ ഖാൻ (12 പന്തിൽ അഞ്ച്), സൂര്യകുമാർ യാദവ് (12 പന്തിൽ അഞ്ച്), നിതീഷ് കുമാർ റെഡ്ഡി (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ഇന്ത്യ ഡിയ്ക്കായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി. 14 ഓവറിൽ 35 റൺസ് വഴങ്ങിയാണ് അർഷ്ദീപിന്റെ മൂന്നു വിക്കറ്റ് നേട്ടം. ആദിത്യ താക്കറെ രണ്ടും സൗരഭ് കുമാർ ഒരു വിക്കറ്റും വീഴ്ത്തി.

∙ സെഞ്ചറിത്തിളക്കത്തിൽ സ‍ഞ്ജു

നേരത്തെ, ഏകദിന ശൈലിയിൽ ബാറ്റുവീശി 94 പന്തുകളിൽനിന്നാണ് സഞ്ജു സാംസൺ സെഞ്ചറിയിലേക്കെത്തിയത്. ദുലീപ് ട്രോഫിയിൽ സഞ്ജുവിന്റെ രണ്ടാം മത്സരവും ആദ്യ സെഞ്ചറിയുമാണിത്. 12 ഫോറുകളും മൂന്നു സിക്സറുകളുമാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന്റെ സെഞ്ചറികളുടെ എണ്ണം 11 ആയി. 101 പന്തുകളിൽ 106 റൺസെടുത്ത് താരം പുറത്തായി. നവ്ദീപ് സെയ്നിയുടെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി ക്യാച്ചെടുത്താണു സഞ്ജുവിനെ പുറത്താക്കിയത്. 83 പന്തിൽ 89 റൺസെന്ന നിലയിൽ വെള്ളിയാഴ്ച ബാറ്റിങ് തുടങ്ങിയ താരം 11 പന്തുകളിൽനിന്ന് സെഞ്ചറിയിലേക്കെത്തുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ മത്സരം 87.3 ഓവറിൽ 349 റണ്‍സെടുത്ത് ഇന്ത്യ ഡി പുറത്തായി.

സരൻഷ് ജെയിൻ (59 പന്തിൽ 26), സൗരഭ് കുമാര്‍ (26 പന്തിൽ 13), ആകാശ് സെൻഗുപ്ത (പൂജ്യം), അർഷ്ദീപ് സിങ് (14 പന്തിൽ 11) എന്നിവരും വെള്ളിയാഴ്ച പുറത്തായ ഇന്ത്യ ഡി താരങ്ങളാണ്. ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിനു പുറത്തായി. റിക്കി ഭുയി (87 പന്തിൽ 56), കെ.എസ്. ഭരത് (105 പന്തിൽ 52), ദേവ്ദത്ത് പടിക്കൽ (95 പന്തിൽ 50) എന്നിവർ ആദ്യ ദിനം അർധ സെഞ്ചറി നേടിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി, ഇന്ത്യ ഡിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇന്ത്യ ബിക്കു വേണ്ടി നവ്ദീപ് സെയ്നി അഞ്ചു വിക്കറ്റുകളും രാഹുൽ ചാഹർ മൂന്നു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ എയ്ക്കെതിരായ ആദ്യ മത്സരത്തിൽ സഞ്ജുവിന് ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസ് മാത്രമെടുത്ത മലയാളി താരം, രണ്ടാം ഇന്നിങ്സിൽ 45 പന്തിൽ 40 റൺസെടുത്തിരുന്നു. ഈ കളിയിൽ ഇന്ത്യ എ 186 റൺസ് വിജയം നേടിയിരുന്നു.

English Summary:

Duleep Trophy, India B vs India D Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com