52 പന്തിൽ 16 റൺസെടുത്ത് പുറത്ത്, ‘സെറ്റായ’ ശേഷം വിക്കറ്റ് കളഞ്ഞു: രാഹുലിനെതിരെ സഹീർ ഖാൻ
Mail This Article
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ കെ.എൽ. രാഹുല്‍ നിലയുറപ്പിച്ച ശേഷം ചെറിയ സ്കോറിൽ പുറത്തായിരുന്നു. 52 പന്തുകൾ നേരിട്ട രാഹുൽ 16 റൺസ് മാത്രം നേടിയാണു മടങ്ങിയത്. ഒരു ഫോർ അടിച്ച താരം മെഹ്ദി ഹസൻ മിറാസിന്റെ പന്തിൽ സാക്കിർ ഹസന്‍ ക്യാച്ചെടുത്താണു മടങ്ങിയത്. ഇന്ത്യ 144 ന് അഞ്ച് എന്ന നിലയിൽ പൊരുതുന്നതിനിടെയായിരുന്നു രാഹുൽ വിക്കറ്റ് നഷ്ടമാക്കിയത്. ഇതോടെ 144ന് ആറ് എന്ന അവസ്ഥയിലേക്ക് ഇന്ത്യ വീണു.
പിന്നാലെയെത്തിയ ആർ. അശ്വിനും രവീന്ദ്ര ജഡേജയും കൈകോർത്തതോടെയാണ് ആദ്യ ദിവസം ഇന്ത്യ 300 പിന്നിട്ടത്. രാഹുലിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ആദ്യ ഇന്നിങ്സിലെ രാഹുലിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നെന്ന് സഹീർ ഖാൻ വ്യക്തമാക്കി. ‘‘ടീമിന് നിങ്ങളെ ആവശ്യമുള്ളപ്പോൾ, ബുദ്ധിമുട്ടേറിയ ആ സാഹചര്യത്തിൽനിന്നു പുറത്തുവരാനുള്ള പ്രകടനമായിരിക്കണം നിങ്ങൾ നടത്തേണ്ടത്.’’
‘‘ഒരു ബാറ്റർ ക്രീസിൽ ഏറെ നേരം ചെലവഴിക്കുന്നതു നമ്മൾ കണ്ടിട്ടുള്ളതാണ്. ‘സെറ്റ്’ബാറ്റർ എന്നാണ് അവരെ വിശേഷിപ്പിക്കുക. രാഹുലും അങ്ങനെ തന്നെയാണ്. ഒരു ഓഫ് സ്പിന്നർക്കെതിരെ ഇങ്ങനെ പുറത്താകുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്.’’– സഹീർ ഖാൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ പല തവണ പഴികേട്ടിട്ടുള്ള താരമാണ് കെ.എൽ. രാഹുല്‍.
ആദ്യ ദിവസം സെഞ്ചറി നേടിയ അശ്വിനാണ് ഇന്ത്യയെ രക്ഷിച്ചത്. 108 പന്തുകളിൽനിന്നാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിലെ ആറാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കിയത്. ആദ്യ ദിനം കളി നിർത്തുമ്പോൾ ആറിന് 339 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജയും (117 പന്തിൽ 86) അശ്വിനൊപ്പം (102) പുറത്താകാതെ നിൽക്കുന്നു.