ആദ്യമായി ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് 2–ാം ദിനം വീണ്ടും കൂറ്റൻ ജയം, പരമ്പര; 177 റൺസിന് ജയിച്ച് ചരിത്രമെഴുതി അഫ്ഗാൻ– വിഡിയോ
Mail This Article
ഷാർജ∙ ജന്മദിനത്തിൽ ഏകദിന കരിയറിലെ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ, ഏകദിനത്തിൽ ആദ്യമായി ഏഴ് സെഞ്ചറി തികയ്ക്കുന്ന അഫ്ഗാൻ താരമെന്ന മേൽവിലാസം സ്വന്തമാക്കി റഹ്മാനുള്ള ഗുർബാസ്, ഏകദിനമാണെന്നതു ‘മറന്ന്’ ട്വന്റി20 ഇന്നിങ്സ് കളിച്ച അസ്മത്തുല്ല ഒമർസായ്... ചേരുവകളെല്ലാം ഒരിക്കൽക്കൂടി പാകത്തിന് ഒത്തുവന്നപ്പോൾ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഫ്ഗാനിസ്ഥാൻ രചിച്ചത് ചരിത്രം! ഏകദിനത്തിൽ റൺ അടിസ്ഥാനത്തിൽ തങ്ങളുടെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ അഫ്ഗാൻ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലെ ആദ്യ വിജയം കുറിച്ച് രണ്ടു ദിവസത്തിനുള്ളിൽ ആദ്യ പരമ്പര വിജയം കൂടി നേടി വീണ്ടും ചരിത്രത്തിന്റെ ഭാഗമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ അഫ്ഗാന്റെ വിജയം 177 റൺസിന്. ഈ വിജയത്തോടെ, ട്വന്റി20ക്കു പിന്നാലെ ഏകദിനത്തിലും കരുത്തരായ ടീമുകൾക്കൊപ്പമാകും ഇനി അഫ്ഗാനിസ്ഥാന്റെയും സ്ഥാനം!
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 311 റൺസ്. ദക്ഷിണാഫ്രിക്കയെ പോലൊരു ടീമിന് വെല്ലുവിളി ഉയർത്താൻ സാധ്യതയില്ലാത്ത സ്കോറായിരുന്നിട്ടും, അഫ്ഗാന്റെ പോരാട്ടവീര്യത്തിനു മുന്നിൽ ചൂളിപ്പോയ അവർ 34.2 ഓവറിൽ വെറും 134 റൺസിന് ഓൾഔട്ടായി! വിക്കറ്റ് നഷ്ടം കൂടാതെ 73 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക, വെറും 61 റൺസിനിടെ 10 വിക്കറ്റും നഷ്ടമാക്കിയാണ് തോൽവിയിലേക്കു വഴുതിവീണത്. ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന്റെ വിജയം നേടിയ അഫ്ഗാൻ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. അവസാന ഏകദിനം ഞായറാഴ്ച നടക്കും.
26–ാം ജന്മദിനത്തിന്റെ അന്ന് ഏകദിന കരിയറിലെ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടവുമായി മിന്നിത്തിളങ്ങിയ റാഷിദ് ഖാനാണ് രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ കടപുഴക്കിയത്. റാഷിദ് ഒൻപത് ഓവറിൽ 19 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. മറ്റൊരു സ്പിന്നറായ നാൻഗേയാലിയ ഖാരോട്ടെ 6.2 ഓവറിൽ 26 റൺസ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. അസ്മത്തുല്ല ഒമർസായിക്കാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്.
അഫ്ഗാൻ സ്പിന്നർമാരുടെ തേരോട്ടത്തിനു മുന്നിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കൻ നിരയിൽ, ടോപ് സ്കോററായത് ക്യാപ്റ്റൻ തെംബ ബാവുമ. 47 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം ബാവുമയുടെ സമ്പാദ്യം 38 റൺസ്. സഹ ഓപ്പണർ ടോണി ഡി സോർസി 44 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 31 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇവർ പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ട് മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്കൻ നിരയ്ക്ക് ബാറ്റിങ്ങിൽ അഭിമാനിക്കാൻ ഒന്നുമില്ല.
ഓപ്പണർമാർക്കു പുറമേ ദക്ഷിണാഫ്രിക്കാൻ ബാറ്റർമാരിൽ രണ്ടക്കത്തിൽ എത്തിയത് വൺഡൗണായി എത്തിയ റീസ ഹെൻഡ്രിക്സ് (34പന്തിൽ 17), നാലാമനായി എത്തിയ എയ്ഡൻ മാർക്രം (30 പന്തിൽ 21) എന്നിവർ മാത്രം. പിന്നീടു വന്നവരെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തി. ട്രിസ്റ്റൻ സ്റ്റബ്സ് (5), കൈൽ വെരെയ്ൻ (2), വിയാൻ മുൾഡർ (2), ബോൺ ഫോർട്യൂൻ (0), എൻഗാബ പീറ്റർ (5), നാന്ദ്രെ ബർഗർ (പുറത്താകാതെ ൊ), ലുങ്കി എൻഗിഡി (3) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
നേരത്തേ, തകർപ്പൻ സെഞ്ചറിയുമായി പടനയിച്ച ഓപ്പണർ റഹ്മാനുല്ല ഗുർബാസിന്റെ ഇന്നിങ്സാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായത്. 110 പന്തുകൾ നേരിട്ട ഗുർബാസ്, 10 ഫോറും മൂന്നു സിക്സും സഹിതം 105 റൺസെടുത്തു. അർധസെഞ്ചറി നേടിയ റഹ്മത്ത് ഷാ (66 പന്തിൽ രണ്ടു ഫോറുകളോടെ 50), അസ്മത്തുല്ല ഒമർസായ് (86) എന്നിവരുടെ പ്രകടനങ്ങളും നിർണായകമായി. ട്വന്റി20 ശൈലിയിൽ കടന്നാക്രമിച്ച ഒമർസായ്, വെറും 50 പന്തിലാണ് 86 റൺസെടുത്തത്. അഞ്ച് ഫോറും ആറു സിക്സും ഉൾപ്പെടുന്ന ഇന്നിങ്സ്. ഓപ്പണർ റിയാസ് ഹസൻ 45 പന്തിൽ 29 റൺസെടുത്തും മുഹമ്മദ് നബി 19 പന്തിൽ 13 റൺസെടുത്തും പുറത്തായി. റാഷിദ് ഖാൻ 12 പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, നാന്ദ്രേ ബർഗർ, എൻഗാബ പീറ്റർ, എയ്ഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ഓപ്പണിങ് വിക്കറ്റിൽ റിയാസ് ഹസനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടും (105 പന്തിൽ 88), രണ്ടാം വിക്കറ്റിൽ റഹ്മത്ത് ഷായ്ക്കൊപ്പം സെഞ്ചറി കൂട്ടുകെട്ടും (102 പന്തിൽ 101) തീർത്താണ് ഓപ്പണർ ഗുർബാസ് അഫ്ഗാന് മികച്ച സ്കോറിന് അടിത്തറയിട്ടത്. പിന്നീട് അസ്മത്തുല്ല – മുഹമ്മദ് നബി സഖ്യവും (40 പന്തിൽ 55) അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ അസ്മത്തുല്ല – റാഷിദ് സഖ്യം 23 പന്തിൽ 40 റൺസ് കൂട്ടിച്ചേർത്താണ് സ്കോർ 310 കടത്തിയത്.